ഔഡി ഇ ട്രോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

By Web TeamFirst Published Jul 28, 2021, 2:49 PM IST
Highlights

99.99 ലക്ഷം രൂപ മുതലുള്ള വിലയിലാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ് ഇ ട്രോണ്‍ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു.  99.99 ലക്ഷം രൂപ മുതലുള്ള വിലയിലാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാഹനത്തിന്റെ അത്രയും തന്നെ വീതിയുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ഓഡി കാറുകളുടെ മുഖമുദ്രയായ സിംഗിൾ-പീസ് ഗ്രിൽ, മാട്രിക്സ്-എൽഇഡി ഹെഡ്‍ലാംപുകൾ, വ്യത്യസ്തമായ ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവയാണ് ഓഡി ഇ-ട്രോണിന്റെ സവിശേഷതകൾ. സ്പോർട്ട്ബാക്ക് മോഡലിന് പിൻവശത്ത് താഴേക്ക് ഒഴുകിയിറങ്ങുന്ന വിധമുള്ള കൂപെ ഡിസൈൻ ആണ്. കൂടുതൽ സ്‌പോർട്ടി ലുക്കിനായി ബമ്പറുകൾക്ക് ഡ്യുവൽ ടോൺ ഓപ്ഷൻ നൽകിയിട്ടുണ്ട്.

നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി, വയർലെസ് ഫോൺ ചാർജർ, സ്റ്റിയറിംഗ് വീലിനായി ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. പ്രോഗ്രസീവ് സ്റ്റിയറിംഗ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, മാട്രിക്സ് എൽഇഡി ഹെഡ്ലൈറ്റുകൾ, 16-സ്പീക്കർ, ബി & ഒ പ്രീമിയം 3 ഡി സൗണ്ട് സിസ്റ്റം, 30-കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉയർന്ന മോഡലുകളിൽ ഉണ്ട്.

50 ക്വാട്രോ പതിപ്പിൽ 313 എച്പി പവറും, 540 എൻഎം ടോർക്കും നിർമ്മിക്കുന്ന രണ്ട് ആക്സലുകളിലും സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക്ക് മോട്ടറുകളാണ്. 71 കിലോവാട്ട് ബാറ്ററിയുള്ള ഈ പതിപ്പിന് ഒരു ഫുൾ ചാർജിൽ 264-379 കിലോമീറ്റർ വരെ സഞ്ചരിക്കാം. 95 കിലോവാട്ട്സ് ബാറ്ററി പായ്ക്കുള്ള 55 ക്വാട്രോ പതിപ്പ് 408 എച്ച്പി പവറും, 664 എൻഎം ടോർക്കും നിർമ്മിക്കുന്നു. 359-484 കിലോമീറ്ററാണ് ഈ പതിപ്പിന്റെ റേഞ്ച്. ഇ-ട്രോണിന്റെ ബാറ്ററി 11 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് 8.5 മണിക്കൂറിനുള്ളിൽ 0-80 ശതമാനവും 150 കിലോവാട്ട് റേറ്റുചെയ്ത ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും.

ഔഡിയുടെ A6, A8L, Q8 വാഹനങ്ങൾക്ക് സമാനമായ ഇന്റീരിയർ ആണ് ഇ-ട്രോണിനും. ബ്ലാക്ക്, ബ്ലാക്ക്/ബ്രൗൺ, ബ്ലാക്ക്/ബീജ് എന്നിങ്ങനെ 3 ഇന്റീരിയർ കളർ ഓപ്ഷനുകളിൽ ഇ-ട്രോൺ വാങ്ങാം. 10.1-ഇഞ്ച് എംഎംഐ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ആകർഷണങ്ങൾ.

അതേസമയം, ഇന്ത്യയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ച് തങ്ങളുടെ പങ്കാളിത്തം ശക്തമാക്കാനാണ് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിലൂടെ 2025 ഓടെ തങ്ങളുടെ വില്‍പ്പനയുടെ 15 ശതമാനവും ഇലക്ട്രിക് വാഹന വിഭാഗത്തില്‍നിന്നുണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച മൂന്നാമത്തെ ആഡംബര കാര്‍ നിര്‍മാതാക്കളാണ് ഔഡി. മേഴ്‍സിഡസ് ഇക്യുസി, ജാഗ്വാര്‍ ഐ-പേസ് എന്നിവയാണ് ആഡംബര കാര്‍ വിഭാഗത്തിലെ ഇന്ത്യയിലെ ഇവികള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!