Audi India : ഈ വർഷം വിൽപ്പനയിൽ മികച്ച വളർച്ച പ്രതീക്ഷിച്ച് ഔഡി ഇന്ത്യ

By Web TeamFirst Published Jan 9, 2022, 5:20 PM IST
Highlights

ആശങ്കകൾക്കിടയിലും ഈ വർഷം ഇന്ത്യയിലെ വിൽപ്പന ഇരട്ട അക്കത്തിൽ വളരുമെന്ന് പ്രതീക്ഷ പ്രകടപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍‍മ്മാതാക്കളായ ഔഡി ഇന്ത്യ

കൂടിവരുന്ന കൊവിഡ് -19 (Covid 19) കേസുകളുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടയിലും ഈ വർഷം ഇന്ത്യയിലെ വിൽപ്പന ഇരട്ട അക്കത്തിൽ വളരുമെന്ന് പ്രതീക്ഷ പ്രകടപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍‍മ്മാതാക്കളായ ഔഡി ഇന്ത്യ. കമ്പനിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ വർഷം കമ്പനിക്ക് കുറച്ച് ഉൽപ്പന്നങ്ങൾ ഉണ്ട്. ഏറെ കാത്തിരുന്ന Q7 എസ്‌യുവി അടുത്ത മാസം വിപണിയില്‍ കൊണ്ടുവരാൻ പോകുകയാണ് കമ്പനി.  കഴിഞ്ഞ വർഷം പുറത്തിറക്കിയ മോഡലുകൾക്കൊപ്പം പുതിയ ഉൽപ്പന്നങ്ങളും നിരയിലേക്ക് എത്തിയതോടെ, വിൽപ്പന ഇരട്ട അക്കത്തിൽ എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാറുകൾ

കോവിഡ് -19 വീണ്ടും പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചില്ലെങ്കിൽ ഇരട്ട അക്ക വളർച്ചയെക്കുറിച്ച് കമ്പനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ഔഡി ഇന്ത്യ ഹെഡ് ബൽബീർ സിംഗ് ധില്ലൺ പിടിഐയോട് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. “ഞങ്ങൾ തുടർന്നും വളരും, കാരണം കഴിഞ്ഞ വർഷം 101 ശതമാനമായിരുന്നു ഞങ്ങളുടെ വളര്‍ച്ച..” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം നവംബറിൽ ഔഡി തങ്ങളുടെ Q5 എസ്‌യുവി പുറത്തിറക്കിയെന്നും ഡിസംബറിൽ ഡെലിവറി ആരംഭിച്ചെന്നും ഒരു മാസത്തിനുള്ളിൽ കമ്പനി വീണ്ടും മറ്റൊരു ഉൽപ്പന്നം അവതരിപ്പിക്കാൻ പോകുകയാണെന്നും ധില്ലൺ പറഞ്ഞു. “കഴിഞ്ഞ വർഷം ലഭ്യമായിരുന്നതിനേക്കാൾ ഈ രണ്ട് മോഡലുകളും ഈ വർഷം മുഴുവനും ലഭ്യമായതിനാൽ, ഈ വർഷത്തെ വളർച്ചയെക്കുറിച്ച് എനിക്ക് തികഞ്ഞ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ഉണ്ട്.. ” അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിനായി പദ്ധതിയിട്ടിരിക്കുന്ന കുറച്ച് പുതിയ ഉൽപ്പന്നങ്ങൾ ഈ വർഷവും ഉണ്ടാകമെന്ന് ഔഡി ഇന്ത്യ തലവന്‍ അറിയിച്ചു.  കഴിഞ്ഞ വർഷത്തെ 1,639 യൂണിറ്റുകളെ അപേക്ഷിച്ച് രാജ്യത്ത് 3,293 യൂണിറ്റുകൾ വിറ്റഴിച്ചതായി ഔഡി ഇന്ത്യ അടുത്തിടെ തങ്ങളുടെ കഴിഞ്ഞ വർഷത്തെ വിൽപ്പനക്കണക്കുകള്‍ പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, കോവിഡ് -19 കേസുകളുടെ പുതിയ കുതിച്ചുചാട്ടത്തെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും കമ്പനി ജാഗ്രത പുലർത്തുന്നു. “ഞങ്ങളുടെ ഡീലർഷിപ്പുകളിലേക്ക് യാത്ര ചെയ്യുന്നതിൽ ഉപഭോക്താക്കൾ ജാഗ്രത പുലർത്തുന്നതിനാൽ ഇവ തീർച്ചയായും ഞങ്ങളുടെ ബിസിനസിനെ ബാധിക്കും. അതിനാൽ, ഈ ലോക്ക്ഡൗണുകൾ നെഗറ്റീവ് സ്വാധീനം ചെലുത്തും എന്നതിൽ സംശയമില്ല, പക്ഷേ ഇത് ഈ മാസത്തിലെ ആദ്യത്തെ കുറച്ച് ദിവസങ്ങളാണ്. അതിനാൽ, അത് എങ്ങനെ പോകുന്നു എന്ന് നോക്കാം.." ധില്ലൻ പറഞ്ഞു. 

സ്വിച്ചിട്ടാല്‍ നിറം മാറും, അദ്ഭുത കാറുമായി ബിഎംഡബ്ല്യു

അതേസമയം പുതിയ ഔഡി ക്യു 7നെപ്പറ്റി പറയുകയാണെങ്കില്‍ BS6 എമിഷൻ മാനദണ്ഡങ്ങളുടെ വരവോടെ 2020 ഏപ്രിലിൽ നിർത്തലാക്കിയ മോഡലാണ് പുതിയ രൂപത്തില്‍ തിരികെയത്തുന്നത്. വാഹനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, കാറിന്‍റെ എക്സ്റ്റീരിയർ പ്രൊഫൈലിലേക്ക് ഒരു കൂട്ടം കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ ഔഡി അവതരിപ്പിച്ചു. പുതിയ Q7 ന് ഇപ്പോൾ ഒരു പുതിയ മുഖം ഫീച്ചർ ചെയ്യുന്ന ഒരു റീമാസ്റ്റേർഡ് ഫ്രണ്ട്-എൻഡ് ലഭിക്കുന്നു. ഇത് ഏറ്റവും പുതിയ ഔഡി ക്യു ഫാമിലി ശ്രേണിക്ക് അനുസൃതമാണ്. വിശദമായി പറഞ്ഞാൽ, പുതിയ സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലൈറ്റുകളും, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പിനോട് ചേർന്നുള്ള ക്രോം ഫ്രെയിമോടുകൂടിയ പുനർരൂപകൽപ്പന ചെയ്‍ത ഗ്രില്ലും കൊണ്ട് കമ്പനി കാറിനെ സ്റ്റൈലിഷാക്കിയിരിക്കുന്നു. കൂടാതെ, വലിയ എയർ ഇൻലെറ്റുകളുള്ള ഒരു പുതിയ ബമ്പറും ഉണ്ട്. പുതിയ Q7 ന് ക്രോം ട്രിം ഉള്ള ട്വീക്ക് ചെയ്‍ത LED റിയർ ലൈറ്റുകൾക്കൊപ്പം പുതിയ അലോയി വീലുകളും ലഭിക്കുന്നു.

ഹുഡിന് കീഴിൽ, എട്ട് സ്‍പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ജോഡിയാക്കാൻ സാധ്യതയുള്ള പുതിയ 3.0-ലിറ്റർ V6 ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനിലാണ് കാർ എത്താന്‍ സാധ്യതയുള്ളത്. ഈ എഞ്ചിൻ പരമാവധി 335 bhp കരുത്തും 500 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. ഒരു സ്റ്റാൻഡേർഡ് ക്വാട്രോ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം സഹിതം ഈ ഫെയ്‌സ്‌ലിഫ്റ്റഡ് എസ്‌യുവി വരാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പനോരമിക് സൺറൂഫ്, ബാംഗ്, ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം, ഓപ്ഷണലായി എച്ച്‌യുഡി, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉൾപ്പെടാൻ സാധ്യതയുള്ള നിരവധി ഫീച്ചറുകൾ കൂട്ടിച്ചേർക്കലുകളും പ്രതീക്ഷിക്കാം. ഏറ്റവും പുതിയ ഔഡി Q7 ന്റെ ഉത്പാദനം ഔറംഗബാദിൽ ആരംഭിച്ചു കഴിഞ്ഞതായും 2022 ന്റെ തുടക്കത്തിൽ ലോഞ്ച് നടക്കുമെന്നും പ്രതീക്ഷിക്കുന്നു.

ആഡംബര കാർ നിർമ്മാതാവ് ഈ മാസം ആദ്യം തന്നെ മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള പ്ലാന്റിൽ (SAVWIPL) പുതിയ ക്യു 7 അസംബിൾ ചെയ്യാൻ തുടങ്ങിയതായാണ് സൂചനകള്‍. ബിഎംഡബ്ല്യു X7, മെഴ്‍സിഡസ് ബെന്‍സ് GLS, വോള്‍വോ XC90, ലാൻഡ് റോവർ ഡിസ്‍കവറി എന്നിവയ്‌ക്കെതിരെയാകും പുത്തന്‍ ഔഡി Q7 മത്സരിക്കാൻ സാധ്യത.  

ഫോക്‌സ്‌വാഗൺ ഐഡി ബസ് മാര്‍ച്ചില്‍ എത്തും

2007ലാണ് ഒഡി ക്യു 7 ആദ്യമായി ഇന്ത്യയിലെത്തുന്നത്. എന്നാല്‍ 2019-ൽ ആഗോള വിപണിയിൽ അരങ്ങേറ്റം കുറിച്ച ഈ പുതിയ പതിപ്പ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ആഭ്യന്തര നിരത്തുകളിലേക്ക് എത്തുന്നത്. കൊവിഡ്-19 മഹാമാരിയുടെ സാഹചര്യവും സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവും കാരണമാണ് വാഹനം ഇന്ത്യയിലേക്ക് വരാൻ ഇത്രയും കാലതാമസം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!