വണ്ടിക്കമ്പനികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് കേന്ദ്രം, അഞ്ചുവര്‍ഷത്തിനകം എത്തുക 42,500 കോടി

By Web TeamFirst Published Sep 16, 2021, 9:39 AM IST
Highlights

ഈ പദ്ധതയിലൂടെ അടുത്ത അഞ്ചുവര്‍ഷത്തിനകം 42,500 കോടി രൂപയുടെ നിക്ഷേപം വാഹനമേഖലയില്‍ ഉണ്ടാകുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദില്ലി : രാജ്യത്തെ വാഹന നിര്‍മ്മാണ മേഖലയ്ക്ക് മികച്ച പ്രോത്സാഹനവുമായി കേന്ദ്രസര്‍ക്കാര്‍. വാഹന മേഖലയ്ക്കായുള്ള പുതുക്കിയ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്കു മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. 26,058 കോടി രൂപയുടെ പ്രോത്സാഹനപദ്ധതിയാണ്  കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഈ പദ്ധതയിലൂടെ അടുത്ത അഞ്ചുവര്‍ഷത്തിനകം 42,500 കോടി രൂപയുടെ നിക്ഷേപം വാഹനമേഖലയില്‍ ഉണ്ടാകുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

42,500 കോടി രൂപയുടെ നിക്ഷേപവും 2.3 ലക്ഷം കോടിയുടെ ഉത്പാദനവും വാഹനമേഖലയിൽ മാത്രമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോൺ മേഖലയിൽ മൂന്നുകൊല്ലംകൊണ്ട് 5000 കോടി രൂപയുടെ നിക്ഷേപവും 1500 കോടി രൂപയുടെ ഉത്പാദനവും നടക്കും. 7.6 ലക്ഷം ആളുകൾക്ക് തൊഴിൽ ലഭിക്കും. ഡ്രോണ്‍ പദ്ധതി മൂന്നു വര്‍ഷം കൊണ്ടം 5,000 കോടി രൂപയുടെ നിക്ഷേപത്തിലേക്കു നയിക്കും. വില്‍പ്പനയില്‍ 1500 കോടി രൂപയുടെ വര്‍ധനവിനും 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകും.

ഓട്ടോമോട്ടീവ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും ഇതുവരെ ഈ രംഗത്ത്‌ കടന്നുവരാത്ത നിക്ഷേപകർക്കും പുതിയ പദ്ധതി ലഭ്യമാകും. ചാമ്പ്യൻ ഒ.ഇ.എം.(യഥാർഥ ഉപകരണ നിർമാതാക്കൾ)പ്രോത്സാഹന പദ്ധതി, കംപോണന്‍റ് ചാമ്പ്യൻ ആനുകൂല്യപദ്ധതി എന്നീ രണ്ടുഘടകങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്കും ഹൈഡ്രജൻ ഇന്ധനസെൽ വാഹനങ്ങൾക്കും ബാധകമായ വിൽപ്പന മൂല്യബന്ധിതപദ്ധതിയാണ് ചാമ്പ്യൻ ഒ.ഇ.എം. വാഹനങ്ങളുടെ നൂതന ഓട്ടോമോട്ടീവ് ടെക്‌നോളജി ഘടകങ്ങൾ, കിറ്റുകൾ, ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, യാത്രാവാഹനങ്ങൾ, വാണിജ്യവാഹനങ്ങൾ, ട്രാക്ടറുകൾ തുടങ്ങിയവയ്ക്കുള്ള വിൽപ്പന മൂല്യബന്ധിതപദ്ധതിയാണ് കംപോണന്റ് ചാമ്പ്യൻ പ്രോത്സാഹനപദ്ധതി.

ഈ പദ്ധതിയും അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലിനായി പ്രഖ്യാപിച്ച 18,100 കോടിയുടെ പദ്ധതി, ഇലക്ട്രിക്‌വാഹന നിർമാണത്തിനുള്ള 10,000 കോടിയുടെ പദ്ധതി തുടങ്ങിയവയും രാജ്യത്തെ വാഹന മേഖലയിൽ വലിയ ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!