ബസുകള്‍ക്ക് ഡ്രൈവര്‍ നിയന്ത്രിത വാതിലുകള്‍ നിര്‍ബന്ധമാക്കും

By Web TeamFirst Published Sep 29, 2019, 5:24 PM IST
Highlights

സ്വകാര്യബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവര്‍ നിയന്ത്രിത വാതിലുകള്‍ നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ഡ്രൈവര്‍ നിയന്ത്രിത വാതിലുകള്‍ നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഓടുന്ന ബസുകളില്‍ നിന്നും യാത്രികര്‍ പുറത്തേക്ക് തെറിച്ചുവീണുള്ള അപകടങ്ങള്‍ തടയാനാണ് ഇത്തരം ഡോറുകള്‍ നിര്‍ബന്ധമാക്കുന്നത്. 

ഡ്രൈവര്‍ നിയന്ത്രിത വാതിലുകള്‍ വന്നാല്‍ യാത്രക്കാരിലേക്ക് ഡ്രൈവര്‍ക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ വിലയിരുത്തല്‍. ബസുകള്‍ക്ക് വാതിലുകള്‍ നിര്‍ബന്ധമാക്കണമെന്ന വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ 2018 ഡിസംബറില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഓരോവര്‍ഷവും ഇത്തരത്തിലുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 10 വര്‍ഷത്തിനിടയില്‍ ഇത്തരം അപകടങ്ങളിലെ മരണങ്ങളില്‍ അഞ്ചുശതമാനം വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍. 

ചില കെഎസ്ആര്‍ടിസി ബസുകളിലും സ്വകാര്യബസുകളിലും ഡ്രൈവര്‍നിയന്ത്രിത വാതിലുകളുണ്ട്.  അത്തരം വാഹനങ്ങളില്‍നിന്ന് വീണ് അപകടമുണ്ടാകുന്നത് കുറഞ്ഞെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. പലപ്പോഴും യാത്രക്കാര്‍ ഇറങ്ങിയോയെന്ന് ഉറപ്പുവരുത്തുന്നതിനുമുമ്പ് ബസ്സുകള്‍ മുന്നോട്ടെടുക്കുന്നതാണ് അപകടമുണ്ടാക്കുന്നത്. 

നിലവില്‍ നിര്‍മിക്കപ്പെടുന്ന ബസുകളെല്ലാം ബസ് ബോഡി കോഡ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് 052 (എ.ഐ.എസ്. 052) നിലവാരം പുലര്‍ത്തണമെന്നാണ് നിയമം. എന്നാല്‍, ഇത്തരം ബസുകളില്‍ എമര്‍ജന്‍സി ഡോര്‍ വേണമെന്നുമാത്രമേ പറയുന്നുള്ളൂ.  ഇതില്‍ ഡ്രൈവര്‍ നിയന്ത്രിത വാതിലുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്ന നിയമമുണ്ടാക്കാന്‍ വകുപ്പ് ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

click me!