കാര്‍ യാത്രകളെ എങ്ങനെ സുരക്ഷിതവും മനോഹരവുമാക്കാം? ഐഡിയ നല്‍കിയാല്‍ സമ്മാനം, ഒപ്പം ജോലിയും

Published : Oct 02, 2019, 03:48 PM ISTUpdated : Oct 03, 2019, 04:28 PM IST
കാര്‍ യാത്രകളെ എങ്ങനെ സുരക്ഷിതവും മനോഹരവുമാക്കാം? ഐഡിയ നല്‍കിയാല്‍ സമ്മാനം, ഒപ്പം ജോലിയും

Synopsis

കാറിലെ അടിസ്ഥാന സൗകര്യങ്ങൾ, വിനോദ സംവിധാനങ്ങൾ, സുരക്ഷ, കമ്മ്യൂണിക്കേഷൻ, നെറ്റ്‌വർക്കിങ്ങ് തുടങ്ങിയ എല്ലാ മേഖലകളിലേയും ആശയങ്ങൾ പങ്കുവയ്ക്കാം. 

തിരുവനന്തപുരം: കാർ യാത്രകളെ കൂടുതൽ സുരക്ഷിതവും മനോഹരവുമാക്കാനുള്ള ആശയം പങ്കുവയ്ക്കുന്നവർക്ക് ക്യാഷ് അവാർഡും ജോലിയും നേടാം. ടെക്നോപാർക്ക് ആസ്ഥാനമായുള്ള അക്സിയ ടെക്നോളജീസാണ് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളിൽ നിന്നും ആധുനിക കാറുകളിൽ സോഫ്റ്റ്‌വെയർ - ഇലക്ട്രോണിക്സ് സങ്കേതങ്ങളുപയോഗിച്ച് കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ആശയങ്ങൾ തേടുന്നത്. വിദേശങ്ങളിൽ വിദ്യാഭ്യാസസ്ഥാപനങ്ങളും കമ്പനികളും പങ്കാളികളായുള്ള വികസനമാതൃക കേരളത്തിലും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നതെന്ന് അക്സിയ ഓട്ടോമോട്ടീവ് ഹാക്സത്തോൺ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

കാറിലെ അടിസ്ഥാന സൗകര്യങ്ങൾ, വിനോദ സംവിധാനങ്ങൾ, സുരക്ഷ, കമ്മ്യൂണിക്കേഷൻ, നെറ്റ്‌വർക്കിങ്ങ് തുടങ്ങിയ എല്ലാ മേഖലകളിലേയും ആശയങ്ങൾ പങ്കുവയ്ക്കാം. ഏറ്റവും മികച്ച ആശയത്തിന് അര ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകും. അക്സിയ ടെക്നോളജീസിലെ വിദഗ്ധരും സംവിധാനങ്ങളുമുപയോഗിച്ച് ആ ആശയം യാഥാർത്ഥ്യമാക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. മികച്ച ആശയങ്ങൾ നൽകുന്ന പത്തുപേർക്ക് ലോകത്തെ വിവിധ മുൻ നിര ബ്രാൻറുകളുമായി ചേർന്ന് അക്സിയ നടത്തുന്ന പ്രൊജക്ടുകളിൽ തൊഴിലവസരവും നൽകും. നിലവിൽ മെർസിഡൻസ് ബെൻസ്, പോർഷെ, ബി.എം.ഡബ്ല്യു, ഫോർഡ് തുടങ്ങിയ മുൻനിര ഓട്ടോമൊബൈൽ കമ്പനികളുടെ സോഫ്റ്റ്‌വെയർ വികസന പങ്കാളിയാണ്  ജപ്പാൻ, ജർമ്മനി, സ്വീഡൻ എന്നീ രാജ്യങ്ങളിലും ഓഫീസുകളുള്ള അക്സിയ ടെക്നോളജീസ്.

ആശയങ്ങൾ നവംബർ 15 നു മുൻപായി innovation@acsiatech.com വിലാസത്തിൽ മെയ്ൽ ചെയ്യുകയോ 9747950007 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ വേണം. മുതിർന്ന ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ പാനലാണ് വിജയിയെ തിരഞ്ഞെടുക്കുക. വാര്‍ത്താസമ്മേളനത്തിൽ അക്സിയ ഹാക്കത്തോൺ ഡയറക്ടർ എ സി ജിജിമോൻ  കോർഡിനേറ്റർ ആയ ഡി. എ. പ്രവീൺ, ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ വിദഗ്ധനായ ജി വസന്ത്‌രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ