വണ്ടി വാങ്ങാന്‍ ആളില്ല, കേന്ദ്രത്തിനെതിരെ പൊട്ടിത്തെറിച്ച് ബജാജ് മുതലാളിമാര്‍!

Published : Jul 31, 2019, 12:46 PM IST
വണ്ടി വാങ്ങാന്‍ ആളില്ല, കേന്ദ്രത്തിനെതിരെ പൊട്ടിത്തെറിച്ച് ബജാജ് മുതലാളിമാര്‍!

Synopsis

കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോയുടെ സാരഥികള്‍

കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മാന്ദ്യത്തിലാണ് രാജ്യത്തെ വാഹനവിപണി. ഇതിനിടെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോയുടെ സാരഥികള്‍. 

ബജാജ് ഓട്ടോയുടെ പന്ത്രണ്ടാമത് വാര്‍ഷിക പൊതുയോഗത്തിലാണ് കമ്പനി ചെയര്‍മാന്‍ രാഹുല്‍ ബജാജും മകനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബജാജും തങ്ങളുടെ കനത്ത ആശങ്കകള്‍ ഓഹരി ഉടമകളുമായി പങ്കുവച്ചത്. 

ആഭ്യന്തര വാഹന വ്യവസായം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിവേകരഹിത നടപടികള്‍ മൂലമാണെന്നും യോഗത്തില്‍ ഇരുവരും ആരോപിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹന വ്യവസായം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇക്കാര്യത്തില്‍ ഏകദേശം ഒരു പോലെ തന്നെയാണെന്നും യോഗത്തില്‍ ഇരുവരും വ്യക്തമാക്കി.

ആഭ്യന്തര വാഹന വ്യവസായം കനത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു. എല്ലാ വിധ വാഹനങ്ങളുടെയും വില്‍പ്പന ഓരോ മാസവും കുത്തനെ കുറയുന്നു. ഇതിനു പുറമേ, വിസ്മയം ജനിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തതകള്‍ നിറഞ്ഞതാണ് സര്‍ക്കാരിന്റെ ഇ-വാഹന നയമെന്നും യോഗത്തില്‍ ഇരുവരും ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹന വ്യവസായ രംഗത്ത് ഡിമാന്‍ഡും സ്വകാര്യ നിക്ഷേപവുമില്ലാത്ത സ്ഥിതിയാണെന്നും ഈ സാഹചര്യത്തില്‍ വളര്‍ച്ച എവിടെ നിന്ന് വരുമെന്നും അത് ആകാശത്ത് നിന്നും പൊട്ടിവീഴില്ലെന്നും 81കാരനായ രാഹുല്‍ ബജാജ് ചോദിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

PREV
click me!

Recommended Stories

സാധാരണക്കാരനും കുറഞ്ഞ വിലയിൽ സൺറൂഫ്; ഇതാ നാല് കാറുകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ