കൊവിഡ് 19; ബീജിംഗ് മോട്ടോര്‍ ഷോ മാറ്റി

By Web TeamFirst Published Apr 8, 2020, 12:36 PM IST
Highlights

ഈ വര്‍ഷത്തെ ബീജിംഗ് മോട്ടോര്‍ ഷോ മാറ്റിവെച്ചു

ഈ വര്‍ഷത്തെ ബീജിംഗ് മോട്ടോര്‍ ഷോ മാറ്റിവെച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 21 മുതല്‍ 30 വരെ ബീജിംഗ് മോട്ടോര്‍ ഷോ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌റ്റോബര്‍ 5 വരെ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തിയശേഷമാണ് ഓട്ടോ ഷോ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

കൊവിഡ് 19നെ തുടര്‍ന്ന് ലോകത്തെ പ്രധാന ഓട്ടോ ഷോകളുടെയൊക്കെ നടത്തിപ്പിനെയും ബാധിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോ നേരത്തെ ഉപേക്ഷിച്ചിരുന്നു. ന്യൂയോര്‍ക്ക് ഓട്ടോ ഷോ ഓഗസ്റ്റ് മാസത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. 

ഈ വര്‍ഷത്തെ പാരിസ് മോട്ടോര്‍ ഷോ മറ്റൊരു രീതിയില്‍ നടത്താനാണ് സംഘാടകര്‍ ആലോചിക്കുന്നത്. നിലവിലെ രീതിയില്‍ മോട്ടോര്‍ ഷോ നടത്താന്‍ കഴിയില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. പ്രധാന പങ്കാളികളുമായി ചേര്‍ന്ന് ബദല്‍ സംവിധാനങ്ങള്‍ തേടുകയാണ് സംഘാടകര്‍. ഒരുപക്ഷേ ഡിജിറ്റല്‍ അനാവരണങ്ങള്‍ സംഘടിപ്പിച്ചേക്കാം.

അമേരിക്കയിലെ പ്രശസ്‍തമായ വാഹന പ്രദര്‍ശനമായ ഡീട്രോ ഓട്ടോ ഷോയും ഉപേക്ഷിച്ചു. ജൂണ്‍ 9 മുതല്‍ 20 വരെയാണ് ഓട്ടോ ഷോ നിശ്ചയിച്ചിരുന്നത്. ഇനി 2021 ജൂണില്‍ അടുത്ത വര്‍ഷത്തെ ഓട്ടോ ഷോ അരങ്ങേറും. ഓട്ടോ ഷോ നടക്കേണ്ടിയിരുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് താല്‍ക്കാലിക ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്.

click me!