മാരുതി സിയാസ് ടൊയോട്ട ബെല്‍റ്റ ആയേക്കും

Web Desk   | Asianet News
Published : Apr 24, 2021, 10:01 AM IST
മാരുതി സിയാസ് ടൊയോട്ട ബെല്‍റ്റ ആയേക്കും

Synopsis

സിയാസ് അടിസ്ഥാനമാക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ നിര്‍മിക്കുന്ന മോഡലിന് ബെല്‍റ്റ എന്ന പേര് നല്‍കിയേക്കും

ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ എന്നിങ്ങനെ ടൊയോട്ടയുടെ പേരിലെത്തിയ മാരുതി മോഡലുകളായ ബലേനോയും ബ്രസയും ജനപ്രിയങ്ങളായതിനു പിന്നാലെ മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാന്‍ മോഡലായ സിയാസും ടൊയോട്ട വഴി വിതരണത്തിന് എത്താന്‍ ഒരുങ്ങുകയാണ്.  സിയാസ് അടിസ്ഥാനമാക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ നിര്‍മിക്കുന്ന മോഡലിന് ബെല്‍റ്റ എന്ന പേര് നല്‍കിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഈ പേരിന് ഇന്ത്യയില്‍ ട്രേഡ്‍മാര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് ടികെഎം എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പല രാജ്യങ്ങളിലും ടൊയോട്ട യാരിസ് സെഡാന്‍ ഉപയോഗിക്കുന്നത് ബെല്‍റ്റ എന്ന പേരാണ്. അതുകൊണ്ടുതന്നെ സിയാസ് അടിസ്ഥാനമാക്കി നിര്‍മിക്കുന്ന പുതിയ സെഡാന് ഈ പേര് നല്‍കാന്‍ സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന യാരിസിന് പകരമായിരിക്കും ബെല്‍റ്റ വരുന്നത്. ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി മോഡലുകള്‍ കൂടാതെ മാരുതി സുസുകി സിയാസ് കൂടി എതിരാളി ആയിരിക്കും.

ടൊയോട്ടയും സുസുകിയും തമ്മിലുള്ള ആഗോള കരാര്‍ അനുസരിച്ചാണ് ഇരു ജാപ്പനീസ് കമ്പനികളും ആഗോളതലത്തില്‍ ചില ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പങ്കുവെയ്ക്കുന്നത്. മാരുതി സുസുകി ബലേനോ, വിറ്റാര ബ്രെസ കാറുകളുടെ ടൊയോട്ട പതിപ്പുകളായി ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ പങ്കാളിത്തം അനുസരിച്ചുള്ള മൂന്നാമത്തെ ഉല്‍പ്പന്നമായിരിക്കും സിയാസ് റീബാഡ്ജ് ചെയ്ത് നിര്‍മിക്കുന്ന ബെല്‍റ്റ.

ബെല്‍റ്റ എത്തുന്നതോടെ ഏതാനും മാസങ്ങൾക്കുള്ളിൽ യാരിസിന്റെ ഉത്പാദനം കമ്പനി നിർത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സിയാസിൽ നിന്നും വേർതിരിച്ചറിയാൻ വാഹനത്തിന് ബാഹ്യ അപ്‌ഡേറ്റുകൾ ലഭിച്ചേക്കും. പരിഷ്‌കരിച്ച ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ടൊയോട്ട ബാഡ്‍ജിംഗ് ഉള്‍പ്പെടെ കാണാം. എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.

മാരുതി സുസുകി സിയാസിലെ ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ബെല്‍റ്റയിലും കരുത്തേകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എഞ്ചിന്‍ 105 എച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്ഷണലായി 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് നല്‍കും. നിരവധി സുരക്ഷാ ഫീച്ചറുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നത്. 

മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നായ സിയാസിന് സെഗ്മെന്‍റില്‍ മികച്ച വില്‍പ്പനയാണുള്ളത്. ഇന്ത്യയില്‍ ഏറ്റവും ജനപ്രീതി നേടിയ മിഡ്‌സൈസ് സെഡാനായ സിയാസ് പുറത്തിറങ്ങിയിട്ട് ആറര വര്‍ഷം തികയുകയാണ്. 2014 ഒക്ടോബറിലായിരുന്നു ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി സിയാസിനെ ആദ്യമായി അവതരിപ്പിക്കുന്നത്.  2020 ജനുവരിയിലാണ് ബിഎസ് 6 പാലിക്കുന്ന എഞ്ചിനോടെ വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ബിഎസ് 6 സിയാസ് ലഭിക്കുന്നത്. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ