വാറന്‍റിയും സര്‍വീസും ഒരുമാസം കൂടി നീട്ടി ബെനലി

By Web TeamFirst Published Apr 16, 2020, 9:58 AM IST
Highlights
ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലി ഇന്ത്യയുടെ വാറന്‍റിയും സര്‍വീസും ഒരുമാസത്തേക്ക് കൂടി നീട്ടി
ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലി ഇന്ത്യയുടെ വാറന്‍റിയും സര്‍വീസും ഒരുമാസത്തേക്ക് കൂടി നീട്ടി നല്‍കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും അടഞ്ഞുകിടക്കുന്നത് പരിഗണിച്ചാണ് ഈ തീരുമാനം. 

മാര്‍ച്ച് 22-നും ഏപ്രില്‍ 14-നുമിടയിലുള്ള കാലയളവില്‍ വാറന്‍റി അവസാനിക്കുകയും സൗജന്യ സര്‍വീസ് നഷ്ടപ്പെടുകയും ചെയ്ത വാഹനങ്ങള്‍ക്ക് മേയ് 14 വരെ വാറന്‍റി നീട്ടി നല്‍കുകയും സര്‍വീസ് ചെയ്യാനുള്ള അവസരം ഒരുക്കുകയും ചെയ്യും. ബെനെലിക്ക് ഇന്ത്യയില്‍ മോഡലുകളുടെ എണ്ണം കുറവാണ്. ഇതിനാലാ കുറച്ച് ദിവസം മാത്രം നല്‍കുന്നതെന്നാണ് സൂചന. 

വൈറസ് വ്യാപനം തടയുന്നതിന് സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കുന്നതിനും ലോക്ക്ഡൗണിന് ശേഷം ഉപയോക്താക്കള്‍ തിരക്കിട്ട് ഷോറൂമുകളില്‍ എത്തുന്നത് ഒഴിവാക്കാനും ഈ തീരുമാനം സഹായിക്കുമെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തലുകള്‍. ഇംപീരിയാലെ 400 ബിഎസ്-6 മോഡല്‍ ഈ മാസം അവതരിപ്പിക്കാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

2019 ഒക്ടോബര്‍ അവസാനവാരമാണ് ബെനലിയുടെ പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400 ഇന്ത്യന്‍ വിപണിയിലെത്തിയത്. മികച്ച ബുക്കിംഗാണ് വാഹനത്തിന്. 1950കളിൽ നിർമിച്ച ബെനെലി-മോട്ടോബി റേഞ്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇംപീരിയാലെയുടെ നിർമ്മാണം. ഡബിൾ ക്രാഡിൽ സ്റ്റീൽ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിർമാണം. 2017ലെ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലായിരുന്നു ഇംപീരിയാലെ 400 ബെനെലി ആദ്യമായി അവതരിപ്പിച്ചത്.

373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് ഇംപീരിയലെയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 20.4 എച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍.  മുന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും സുരക്ഷ ഉറപ്പാക്കും. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍. 

ഇംപീരിയാലെ 400 ബിഎസ്-6 മോഡല്‍ ഈ മാസം അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. 1.79 ലക്ഷം രൂപയാണ് ബൈക്കിന്‍റെ എക്‌സ്‌ഷോറൂം വില. നിലവിൽ ബെനെലി ഇന്ത്യ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഇംപീരിയാലെ.
click me!