മറ്റൊരു വേഗവിപ്ലവത്തിന് തിരികൊളുത്താൻ പ്രധാനമന്ത്രി, ഈ മഹാനഗരങ്ങള്‍ തമ്മിലുള്ള ദൂരം ഇനിവെറും 90 മിനിറ്റ്!

Published : Feb 17, 2023, 01:37 PM ISTUpdated : Feb 17, 2023, 01:48 PM IST
മറ്റൊരു വേഗവിപ്ലവത്തിന് തിരികൊളുത്താൻ പ്രധാനമന്ത്രി, ഈ മഹാനഗരങ്ങള്‍ തമ്മിലുള്ള ദൂരം ഇനിവെറും 90 മിനിറ്റ്!

Synopsis

ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദില്ലി-മുംബൈ എക്‌സ്‌പ്രസ്‌വേ ഈ ആഴ്‍ച ആദ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രക്കാർക്കായി ഭാഗികമായി തുറന്നുകൊടുത്തത്. ഇതിന് ശേഷം, ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന മറ്റൊരു പുതിയ എക്‌സ്പ്രസ് വേ ഉണ്ട്. കർണാടക സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിനെയും കര്‍ണാടകയിലെ മറ്റൊരു ചരിത്ര നഗരമായ മൈസൂരുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേ ആണിത്. ഈ രണ്ട് നഗരങ്ങളെയും കൂടുതൽ അടുപ്പിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഈ സൂപ്പര്‍ റോഡ് വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള NH275 10 വരികളായി വികസിപ്പിച്ചാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 117 കിലോമീറ്റർ എക്സ്പ്രസ് വേ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

മൈസൂരു- ബെംഗളൂരു സൂപ്പര്‍ഹൈവേ റെഡി; ടോള്‍ നിരക്കില്‍ കണ്ണുതള്ളി സോഷ്യല്‍ മീഡിയ; എന്താണ് വാസ്‍തവം?

ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഭാഗികമായി പ്രവർത്തനക്ഷമമാണ്. ഏകദേശം 8,350 കോടി രൂപ ചെലവിൽ നിർമ്മിച്ച മുഴുവൻ റീച്ചുകളും ഉടൻ പ്രവർത്തനക്ഷമമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനിൽ അവസാനിക്കുന്നു. രണ്ട് നഗരങ്ങൾക്കിടയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ദൂരം താണ്ടാൻ ഇനി കഷ്‍ടിച്ച് 90 മിനിറ്റ് മാത്രം മതിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് നേരത്തെ എടുത്തതിന്റെ പകുതിയിൽ താഴെ മാത്രം സമയം മതിയാകും ഇത്രയും ദൂരം പിന്നിടാനെന്ന് ചുരുക്കം.

മുഴുവൻ റീച്ചിലും ഒമ്പത് വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, 64 അണ്ടർപാസുകൾ, 11 മേൽപ്പാലങ്ങൾ, നാല് ആർഒബികൾ (റോഡ് ഓവർ ബ്രിഡ്ജ്) എന്നിവയുണ്ട്. ശ്രീരംഗപട്ടണ ബൈപാസ്, മാണ്ഡ്യ ബൈപാസ്, ബിഡഡി ബൈപാസ്, രാമനഗര, ചന്നപട്ടണ എന്നിവയെ മറികടക്കുന്ന 22 കിലോമീറ്റർ ദൈർഘ്യം, മദ്ദൂർ ബൈപാസ് എന്നിവയുൾപ്പെടെ അഞ്ച് ബൈപാസുകളും ഇതിന് ഉണ്ടാകും. പ്രധാനമായും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് ഈ ബൈപ്പാസുകൾ നിർമ്മിച്ചിരിക്കുന്നത്.

മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന തരത്തിലാണ് ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. വേഗപരിധി 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കാം.  സുരക്ഷാ ആവശ്യങ്ങൾക്കായി, ടോൾ ഫീസ് നടപ്പാക്കിയ ശേഷം എക്‌സ്പ്രസ് വേയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത് എൻഎച്ച്എഐ നിരോധിച്ചേക്കും. 

വേഗവിപ്ലവത്തിന് തിരികൊളുത്തി പ്രധാനമന്ത്രി, ഈ മഹാനഗരങ്ങള്‍ തമ്മിലുള്ള ദൂരം ഇനി വെറും മൂന്നുമണിക്കൂര്‍!

എക്സ്പ്രസ് വേയിൽ പിറ്റ് സ്റ്റോപ്പുകളും ഉണ്ടാകും. ചന്നപട്ടണയിൽ 30 ഏക്കർ റോഡരികിൽ സൗകര്യങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഇത് യാത്രക്കാർക്ക് ഫുഡ് ജോയിന്റുകൾ, വിശ്രമമുറികൾ, പെട്രോൾ പമ്പ്, ഇവി ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ വാഗ്ദാനം ചെയ്യും. എന്നിരുന്നാലും, ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതിന് കുറച്ച് മാസങ്ങൾ കൂടി എടുത്തേക്കാം.

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ടോൾ ഫീസായി 250 രൂപ ഈടാക്കുമെന്ന് പ്രതീക്ഷിക്കുന്നു . ബെംഗളൂരു മുതൽ നിദാഘട്ട വരെയുള്ള ആദ്യ പാതയ്ക്ക് 135 രൂപയും ബാക്കിയുള്ളത് മറ്റ് പാതയ്ക്ക് 135 രൂപയും ആയിരിക്കും എന്നും എക്‌സ്പ്രസ് വേയ്‌ക്ക് ഏകദേശം 250 രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മൈസൂരിൽ നിന്നുള്ള എംപി പ്രതാപ് സിംഹ അടുത്തിടെ പറഞ്ഞിരുന്നു. 

NHAI ഘട്ടം ഘട്ടമായി ടോൾ ഫീസ് നടപ്പിലാക്കാൻ സാധ്യതയുണ്ട്. ബംഗളൂരു-നിദാഘട്ട പാതയിലെ ടോൾ പിരിവ് ഈയാഴ്ച ആരംഭിക്കുമെന്നും നിദാഘട്ടയ്ക്കും മൈസൂരുവിനുമിടയിൽ രണ്ടാം ഘട്ടം പിന്നീട് നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. ടോൾ പ്ലാസകൾക്ക് 10-ലധികം ഗേറ്റുകളും സുഗമമായ ഗതാഗതത്തിനായി ഫാസ്‍ടാഗ് പാതകളും ഉണ്ടായിരിക്കും.
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ