
ബ്രിട്ടീഷ് ആഡംബര വാഹന നിർമ്മാതാക്കളായ ബെന്റ്‌ലി ഇന്ത്യയ്ക്ക് മുംബൈയിൽ ആദ്യത്തെ ഡീലർഷിപ്പ് ഔദ്യോഗികമായി തുറന്നു. ഇൻഫിനിറ്റി കാർസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പുതിയ ഷോറൂം നരിമാൻ പോയിന്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇറക്കുമതിയിലൂടെ മാത്രം ഇന്ത്യയിലേക്ക് പ്രവേശിച്ച് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കമ്പനിയുടെ ഈ ലോഞ്ച്. ഇവിടെ ഉപഭോക്താക്കൾക്ക് അവരുടെ കാറുകൾ കാണാനും ഓർഡർ ചെയ്യാനും സർവീസ് ചെയ്യാനും ഒരു പ്രത്യേക സൗകര്യം നൽകുന്നു.
ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, ഇറക്കുമതിയിലൂടെ മാത്രമാണ് ബെന്റ്ലി കാറുകൾ ഇന്ത്യയിൽ വിറ്റിരുന്നത്. എന്നാൽ ഇപ്പോൾ കമ്പനി ഇന്ത്യൻ ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട കാർ കാണാനും ഓർഡർ ചെയ്യാനും മാത്രമല്ല, അതിന്റെ സേവനം അനുഭവിക്കാനും കഴിയുന്ന ഒരു ഇടമാണ് കമ്പനി തുറന്നത്. ഇന്ത്യയിലെ ബെന്റ്ലി കാറുകളുടെ വില അഞ്ച് കോടി മുതൽ 8.45 കോടി വരെയാണ്. എങ്കിലും മോഡലും വകഭേദവും അനുസരിച്ച് പ്രാരംഭ വില 3.83 കോടി മുതൽ അഞ്ച് കോടി വരെയാകാം . ബെന്‍റേഗ , കോണ്ടിനെന്റൽ , ഫ്ലൈയിംഗ് സ്പർ തുടങ്ങിയ ഏറ്റവും ജനപ്രിയ മോഡലുകളുടെ വില അഞ്ച് കോടി മുതൽ 8.45 കോടി വരെയാണ് .
ബെന്റ്ലിയുടെ സമ്പൂർണ്ണ ഉൽപ്പന്ന നിരയിൽ നിന്നുള്ള മൂന്ന് പ്രധാന മോഡലുകളായ കോണ്ടിനെന്റൽ ജിടി , ഫ്ലൈയിംഗ് സ്പർ, ബെന്റേഗ എന്നിവ മുംബൈ ഡീലർഷിപ്പിൽ പ്രദർശിപ്പിക്കും . ഇവയെല്ലാം ഓർഡർ ചെയ്യാൻ ലഭ്യമാണ്. കൺസൾട്ടേഷനുകൾക്കായി പ്രത്യേക ഇടങ്ങൾ, പ്രീമിയം ഉപഭോക്തൃ സേവനം, എക്‌സ്‌ക്ലൂസീവ് ആക്‌സസറികൾ എന്നിവയുൾപ്പെടെ ആഴത്തിലുള്ള ബ്രാൻഡ് അനുഭവം നൽകുന്നതിനാണ് ഈ സൗകര്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യയുടെ കീഴിലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
ബെന്റ്ലി ഇപ്പോൾ തങ്ങളുടെ ചരിത്ര മോഡലുകളിലൊന്നായ കോണ്ടിനെന്റൽ ജിടി സൂപ്പർസ്പോർട്സിനെ പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങുകയാണ്. ബെന്റ്ലിയുടെ 3 ലിറ്റർ ഹൈ-പെർഫോമൻസ് കാറിലാണ് സൂപ്പർസ്പോർട്സ് എന്ന പേര് ആദ്യം ഉപയോഗിച്ചത്. പിന്നീട് 2009 ൽ ഒന്നാം തലമുറ കോണ്ടിനെന്റൽ സൂപ്പർസ്പോർട്സ് എന്ന പേരിൽ തിരിച്ചെത്തി.
ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സ്‌പോർട്ടിയായ ഗ്രാൻഡ് ടൂറർ ആയിട്ടാണ് പുതുതലമുറ കോണ്ടിനെന്റൽ ജിടി സൂപ്പർസ്‌പോർട്‌സ് ഒരുങ്ങുന്നത്. മാറ്റ് ബ്ലാക്ക് എക്സ്റ്റീരിയർ, പ്രത്യേക അലോയ് വീലുകൾ, ഭാരം കുറഞ്ഞ ബോഡി ഡിസൈൻ എന്നിവ ഇതിൽ ഉൾപ്പെടും. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി, കമ്പനി ചില ഇലക്ട്രിക് ഘടകങ്ങൾ നീക്കം ചെയ്യുകയും 600 ബിഎച്ച്പിയിൽ കൂടുതൽ കരുത്ത് നൽകുന്ന ട്വിൻ-ടർബോചാർജ്ഡ് വി 8 എഞ്ചിൻ ഉപയോഗിച്ച് പുറത്തിറക്കുകയും ചെയ്യും. ബെന്റ്ലി ഈ മോഡലിൽ നിന്ന് ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുകൾ നീക്കം ചെയ്താൽ, ഇത് ഒരു റിയർ-വീൽ ഡ്രൈവ് ( ആർഡബ്ല്യുഡി) മോഡലായി മാറും എന്നാണ് റിപ്പോർട്ടുകൾ.