പത്തില്‍ ഏഴും മാരുതി, ടാറ്റ ചിത്രത്തിലേയില്ല!

By Web TeamFirst Published Dec 11, 2020, 10:14 AM IST
Highlights

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 പാസഞ്ചര്‍ വാഹനങ്ങളില്‍ ഏഴും മാരുതി

2020 നവംബര്‍ മാസത്തിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബറിലെ ശക്തമായ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ, നവംബറിൽ കാർ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. എന്നാൽ പാസഞ്ചർ വാഹന വിഭാഗത്തിൽ ഇപ്പോഴും ഒമ്പത് ശതമാനം വളർച്ച രേഖപ്പെടുത്തുന്നുവെന്നും ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.  18,498 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി സ്വിഫ്റ്റ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായി മാറി. എന്നാല്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സ്വിഫ്റ്റ് വിൽപ്പനയിൽ ഗണ്യമായ ഇടിവുണ്ടായി.  2020 ഏപ്രിൽ-നവംബർ കാലയളവിൽ  മാരുതി സ്വിഫ്റ്റിന്റെ മൊത്തം വിൽപ്പന 95,382 യൂണിറ്റായി. 

2020 നവംബർ മാസത്തിൽ 17,872 യൂണിറ്റുകൾ വിറ്റ്, മാരുതി ബലേനോ പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടർന്നു. പുതിയ ഹ്യുണ്ടായി ഐ 20, ഹോണ്ട ജാസ്, ടാറ്റ അള്‍ട്രോസ്, ടൊയോട്ട ഗ്ലാൻ‌സ എന്നിവയാണ് ബലേനോയുടെ എതിരാളികൾ. ഈ കാറിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. 83 എച്ച്പി 1.2 ലിറ്റർ പെട്രോൾ അല്ലെങ്കിൽ കൂടുതൽ 90 എച്ച്പി 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് മോട്ടോർ. മാരുതി വാഗൺ ആർ ആണ് മൂന്നാം സ്ഥാനത്ത്. 16,256 യൂണിറ്റുകൾ വിറ്റു. 15,321 യൂണിറ്റ് വില്‍പ്പനയുമായി അള്‍ട്ടോയാണ് നാലാംസ്ഥാനത്ത്.  

13,536 യൂണിറ്റുകൾ വിറ്റഴിച്ച് അഞ്ചാം സ്ഥാനം ഡിസയർ സ്വന്തമാക്കി. ഹ്യുണ്ടായ് ക്രെറ്റയും വിപണിയിൽ മികച്ച വിൽപ്പന നടത്തി. 2020 നവംബർ മാസത്തിൽ 12,017 യൂണിറ്റ് വിൽപ്പന നടത്തി ആറാം സ്ഥാനമാണ് ക്രെറ്റയ്ക്ക്.  കിയ സോണറ്റിനാണ് ഏഴാംസ്ഥാനം. 2020 നവംബർ മാസത്തിൽ മൊത്തം വിൽപ്പനയുടെ കാര്യത്തിൽ കിയയെ 50 ശതമാനം വാർഷിക വളർച്ചയിലെത്തിക്കാൻ സോണറ്റ് സഹായിച്ചു. 11,417 യൂണിറ്റ് വിൽപ്പനയോടെയാണ് കിയ സോണന്റ് പട്ടികയില്‍ ഇടം നേടിയത്. എന്നാല്‍ സോണറ്റിന്റെ എണ്ണം ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞു. 

11,183 യൂണിറ്റുകൾ വിറ്റ മാരുതി ഈക്കോയാണ് എട്ടാംസ്ഥാനത്ത്.  പട്ടികയിൽ ഇടംപിടിച്ച രണ്ടാമത്തെ ഹ്യുണ്ടായ് കാറായ ഗ്രാൻഡ് ഐ 10 ഒമ്പതാമതെത്തി.  എന്നാല്‍  2020 ഒക്ടോബറിലെ 14,003 ൽ നിന്ന് നവംബറിൽ 10,936 യൂണിറ്റായി വിൽപ്പന കുറഞ്ഞു. മാരുതി എര്‍ട്ടിഗയാണ് പത്താംസ്ഥാനത്ത്. 9,557 യൂണിറ്റ് എർട്ടിഗകളാണ് വിറ്റത്. മാരുതി വിറ്റാര ബ്രെസയെ പട്ടികയിൽ നിന്ന് പുറത്താക്കിയാണ് എര്‍ട്ടിഗയുടെ ഈ നേട്ടം. 
 

click me!