അടിമുടി മാറാനൊരുങ്ങി മുംബൈയിലെ ബസുകള്‍

By Web TeamFirst Published Oct 9, 2021, 8:49 AM IST
Highlights

ഇപ്പോഴിതാ ഈ ഐക്കണിക്ക് ബസുകള്‍ പുതിയ മാറ്റത്തിനായി തയ്യാറെടുക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ (Mumbai) മുഖമുദ്രയാണ് ചുവന്ന നിറമുള്ള ഡബിൾ ഡെക്കർ ബസുകൾ. ഇപ്പോഴിതാ ഈ ഐക്കണിക്ക് ബസുകള്‍ പുതിയ മാറ്റത്തിനായി തയ്യാറെടുക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഈ ബസുകളെ പരിസ്ഥിതി സൗഹൃദമായി ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ട്രാന്‍സ്‍പോര്‍ട്ട് (Brihanmumbai Electric Supply and Transport) അധികൃതരെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊതുഗതാഗത സംവിധാനം പരിപാലിക്കുന്ന ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (BEST) ഇപ്പോൾ കൂടുതൽ ബസുകൾ വൈദ്യുതീകരിക്കാൻ പോകുന്നു. മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  2028 ഓടെ എല്ലാ ബസുകളും വൈദ്യുതിയിൽ ഓടുന്നതായിരിക്കും. ഇനി മുതൽ  ബെസ്റ്റിൽ ഉൾപ്പെടുത്തുന്ന എല്ലാ പുതിയ ബസുകളും ഇലക്ട്രിക് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് രണ്ടര മാസത്തിന് ശേഷം ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. പുതിയ ബസുകളുടെ കൂട്ടത്തിന് സർക്കാർ TUMI (ട്രാൻസ്ഫോർമേറ്റീവ് അർബൻ മൊബിലിറ്റി ഇനിഷ്യേറ്റീവ്) എന്ന് പേരിടും. ഈ തന്ത്രത്തിന് കീഴിൽ, മുംബൈയിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം സർക്കാർ ഇലക്ട്രിക് ബസുകൾ കൊണ്ടുവരാൻ പോകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയുടെ സഹായത്തോടെ ഈ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നഗരത്തിൽ ഓടുന്ന ഡബിൾ ഡെക്കർ ബസുകൾ വൈദ്യുതിയിലോ ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ ഉപയോഗിച്ചോ പ്രവർത്തിക്കും. മുംബൈ കാലാവസ്ഥാ വ്യതിയാന ആക്ഷൻ പ്ലാനിന് കീഴിൽ ഇലക്ട്രിക്  ബസുകളുടെ എണ്ണം കൂട്ടാൻ തീരുമാനം ആയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

click me!