ബസ് ഡ്രൈവറുടെ ബൈക്ക് മോഷ്‍ടിച്ചുകടന്നു, അതേ ഡ്രൈവറുടെ ബസിനു പിന്നിലിടിച്ചു കയറി കള്ളന്‍!

Web Desk   | Asianet News
Published : Sep 11, 2020, 08:43 AM ISTUpdated : Sep 11, 2020, 09:13 AM IST
ബസ് ഡ്രൈവറുടെ ബൈക്ക് മോഷ്‍ടിച്ചുകടന്നു, അതേ ഡ്രൈവറുടെ ബസിനു പിന്നിലിടിച്ചു കയറി കള്ളന്‍!

Synopsis

ഡ്രൈവറുടെ ബൈക്കു മോഷ്‍ടിച്ചു കടന്ന കള്ളന്‍ ബൈക്കുടമയായ ഡ്രൈവര്‍ ഓടിച്ച അതേ ബസിനു പിന്നിലിടിച്ച് വീണു, പൊലീസ് പിടിയിലുമായി.എറണാകുളം ഉദയംപേരൂരിലാണ് സിനിമാക്കഥകളെ അനുസ്‍മരിപ്പിക്കുന്ന ട്വിസ്റ്റ് അരങ്ങേറിയത്. 

കോട്ടയം: കെഎസ്ആർടിസി ഡിപ്പോയില്‍ കയറി ഡ്രൈവറുടെ ബൈക്കു മോഷ്‍ടിച്ചു കടന്ന കള്ളന്‍ ബൈക്കുടമയായ ഡ്രൈവര്‍ ഓടിച്ച അതേ ബസിനു പിന്നിലിടിച്ച് വീണു, പൊലീസ് പിടിയിലുമായി. എറണാകുളം ഉദയംപേരൂരിലാണ് സിനിമാക്കഥകളെ അനുസ്‍മരിപ്പിക്കുന്ന ട്വിസ്റ്റ് അരങ്ങേറിയത്. 

കെ.എസ്.ആർ.ടി.സി യുടെ കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ബിജു അനീസ് സേവ്യറിന്റെ ബൈക്കാണ് ഡിപ്പോയ്ക്കുള്ളിൽ കടന്ന ജോജി യുവാവ് കവര്‍ന്നത്. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോമായ നീല ഷർട്ട് ധരിച്ചാണ് ഇയാൾ ഡിപ്പോയ്ക്കുള്ളിൽ കടന്നത്. തുടർന്ന് ഡിപ്പോയ്ക്കുള്ളിൽ പാർക്ക് ചെയ്തിരുന്ന ബിജുവിന്‍റെ ബൈക്കുമായി ഇയാൾ കടക്കുകയായിരുന്നു.

ഇതിനിടെ ബൈക്ക് മോഷണം പോയ വിവരം അറിഞ്ഞ ബിജു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടര്‍ന്ന് തിരികെ സ്റ്റാൻഡിൽ എത്തിയ ബിജു, ഇവിടെ നിന്നും എറണാകുളം റൂട്ടിൽ ബസുമായി സർവീസ് നടത്താന്‍ പോകുകയായിരുന്നു.

ഈ ബസ് ഉദയം പേരൂരിൽ എത്തിയപ്പോഴായിരുന്നു അപകടം. തന്‍റെ ബസിനു പിന്നിൽ ഒരു ബൈക്ക് വന്നിടിച്ചതറിഞ്ഞ് ബസ് നിർത്തിയ ബിജു പുറത്തിറങ്ങി നോക്കിയപ്പോള്‍ ഞെട്ടി. മോഷണം പോയ തന്റെ ബൈക്ക് അതാ ബസിന്റെ പിന്നിൽ വന്നിടിച്ചു റോഡില്‍ കിടക്കുന്നു!

ഇതോടെ ബിജുവും കണ്ടക്ടറും യാത്രക്കാരും ചേർന്നു ബൈക്ക് യാത്രക്കാരനായ ജോജിയെ പിടികൂടുകയായിരുന്നു. തുടർന്നു ഉദയംപേരൂർ പൊലീസ് സ്ഥലത്ത് എത്തി പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു. കോട്ടയം വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചതനുസരിച്ചു യുവാവിനെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം