കോടികളുടെ ആ കാര്‍ ചൂടപ്പം, പുറത്തിറങ്ങി മൂന്നുമാസത്തിനകം ഒന്നുപോലുമില്ല ബാക്കി!

By Web TeamFirst Published Oct 27, 2019, 3:32 PM IST
Highlights

എക്സ് ഷോറൂം വില 98.90 ലക്ഷം. പക്ഷേ ഇന്ത്യയില്‍ അവതരിപ്പിച്ച് മൂന്ന് മാസത്തിനകം വാഹനത്തിന്‍റെ മുഴുവന്‍ യൂണിറ്റുകളും വിറ്റുതീര്‍ന്നു. 

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയു 2019 ജൂലായില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച X7ന് മികച്ച പ്രതികരണം. അവതരിപ്പിച്ച് മൂന്ന് മാസത്തിനകം തന്നെ വാഹനത്തിന്‍റെ മുഴുവന്‍ യൂണിറ്റുകളും വിറ്റുതീര്‍ന്നു. 98.90 ലക്ഷം രൂപയോളമാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. 

ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്.യു.വി.യാണ് എക്‌സ് 7 വേരിയന്റുകള്‍. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകി പുറത്തിറക്കിയ വാഹനമാണ് എക്സ് 7 എന്നാണ് ബിഎംഡബ്ല്യുവിന്റെ അവകാശവാദം.  X7-ന്റെ എക്‌സ് 30d ഡീസല്‍, എക്‌സ് 40i പെട്രോള്‍ എന്നീ രണ്ട് പതിപ്പുകളാണ് ബിഎംഡബ്ലു ഇന്ത്യയിലെത്തിക്കുന്നത്. ഇതില്‍ ഡീസല്‍ മോഡല്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതും പെട്രോള്‍ മോഡല്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തുമാണ് വിപണിയിലെത്തിക്കുന്നത്.

എക്സ്ഡ്രൈവ് 40ഐയിൽ 340 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമുള്ള മൂന്നു ലിറ്റർ ടർബോ പെട്രോൾ എൻജിനും ഡീസൽ പതിപ്പിൽ 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുള്ള 3 ലീറ്റർ ഡീസൽ എൻജിനുമാണ് ഹൃദയങ്ങള്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലും ട്രാന്‍സ്‍മിഷന്‍. ബിഎംഡബ്ല്യു സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ലുകളും ചെറിയ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പുമാണ് എക്സ്റ്റീരിയറിലെ ആകര്‍ഷണം. ആറ്, ഏഴ് സീറ്റുകളുമായിട്ടാണിത് വരുന്നത്. 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഞ്ച് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രീപീസ് ഗ്ലാസ് സണ്‍റൂഫ് തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു. 

അതേസമയം എക്‌സ്-7 എസ്‌യുവിക്കായുള്ള ബുക്കിങ് സ്വീകരിക്കുന്നത് തുടരുമെന്നാണ് ബിഎംഡബ്ല്യു അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ബുക്കിങ് സ്വീകരിക്കുന്ന വാഹനങ്ങളുടെ ഡെലിവറി 2020 ജനുവരിയില്‍ തന്നെ നടത്താന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. 

click me!