ബിഎസ്6 ബജാജ് പ്ലാറ്റിന എത്തി

By Web TeamFirst Published May 17, 2020, 5:00 PM IST
Highlights

മികച്ച മൈലേജും മോഹവിലയുമെല്ലാം കൊണ്ട് സാധാരണക്കാരന്‍റെ ബൈക്ക് എന്ന സ്വപ്‍നത്തെ എളുപ്പം സാക്ഷാല്‍ക്കരിക്കുന്ന ഈ മോഡലിന്റെ ബിഎസ് 6 പാലിക്കുന്ന പതിപ്പ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. 

ബജാജിന്‍റെ എന്‍ട്രി ലെവലിലെ ജനപ്രിയ മോഡലാണ് പ്ലാറ്റിന. മികച്ച മൈലേജും മോഹവിലയുമെല്ലാം കൊണ്ട് സാധാരണക്കാരന്‍റെ ബൈക്ക് എന്ന സ്വപ്‍നത്തെ എളുപ്പം സാക്ഷാല്‍ക്കരിക്കുന്ന ഈ മോഡലിന്റെ ബിഎസ് 6 പാലിക്കുന്ന പതിപ്പ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. 

കിക്ക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നീ രണ്ടുവേരിയന്റുകളിലാണ് ബജാജ് പ്ലാറ്റിന 100 എത്തുന്നത്.  കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 47,763 രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 55,546 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 6 പരിഷ്‌കാരത്തിന്റെ ഭാഗമായി ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കിയതാണ് 102 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍. ഈ മോട്ടോര്‍ 7.7 ബിഎച്ച്പി കരുത്തും 8.34 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 4 സ്പീഡ് ഗിയര്‍ബോക്‌സ് ആണ് ട്രാന്‍സ്‍മിഷന്‍.

2003 എംഎം നീളവും 713 എംഎം വീതിയും 1100 എംഎം ഉയരവുമാണ് പുതിയ പ്ലാറ്റിനയ്ക്കുമുള്ളത്. 117.5 കിലോഗ്രാമാണ് ആകെ ഭാരം.

പുതിയ എന്‍ജിനൊപ്പം ഡിസൈനിലുമുണ്ട് അല്‍പ്പം മാറ്റങ്ങള്‍. മുന്‍ മോഡലിലുണ്ടായിരുന്ന കളര്‍ കൗളിന് പകരം കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ ടിന്റഡ് വിന്‍ഡ്‌സ്‌ക്രീന്‍ നല്‍കിയിരിക്കുന്നു. ബിഎസ് 4 വേര്‍ഷനില്‍ നിറത്തിന് അനുസൃതമായ കൗളാണ് കാണാന്‍ കഴിഞ്ഞിരുന്നത്. ഹെഡ്‌ലാംപിന് കുറേക്കൂടി സമീപത്തേക്ക് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് മാറ്റിസ്ഥാപിച്ചു. സീറ്റ് പരിഷ്‌കരിച്ചു. ഗ്രാഫിക്‌സും സീറ്റുമെല്ലാം മുന്‍ മോഡലിലേത് നിലനിര്‍ത്തി.

പിന്നില്‍ നല്‍കിയിട്ടുള്ള എക്‌സ്ട്രാ ലോങ്ങ് ഡബിള്‍ സ്പ്രിങ്ങ് സസ്‌പെന്‍ഷന്‍ സുഖയാത്ര ഉറപ്പുനല്‍കുന്നുണ്ട്. മുന്നില്‍ 130 എംഎം, പിന്നില്‍ 110 എംഎഎം ഡ്രം ബ്രേക്കുകളാണ് പ്ലാറ്റിനയിലെ സുരക്ഷ. 

click me!