നിഞ്ച 650, ഇസഡ് 650 ബുക്കിംഗ് തുടങ്ങി കാവസാക്കി

By Web TeamFirst Published May 9, 2020, 11:52 AM IST
Highlights

ജാപ്പനീസ് സ്പോർട്‌സ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കി തങ്ങളുടെ 2020 മോഡല്‍ കവസാക്കി നിഞ്ച 650, ഇസഡ് 650 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ചു. 

ജാപ്പനീസ് സ്പോർട്‌സ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കി തങ്ങളുടെ 2020 മോഡല്‍ കവസാക്കി നിഞ്ച 650, ഇസഡ് 650 മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ചു. ബിഎസ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന എന്‍ജിന്‍ നല്‍കിയതു കൂടാതെ രണ്ട് ബൈക്കുകളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. 

രണ്ട് പുതിയ മോഡലുകള്‍ക്കും മുന്‍ഗാമികളേക്കാള്‍ വില കൂടും. ഇസഡ് 650 മോട്ടോര്‍സൈക്കിളിന് ആറ് ലക്ഷം രൂപയും നിഞ്ച 650 മോഡലിന് 6.5 ലക്ഷം രൂപയും എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം.

നിഞ്ച 650, ഇസഡ് 650 മോഡലുകളില്‍ സമാനമായ പരിഷ്‌കാരങ്ങളാണ് വരുത്തിയിട്ടുള്ളത്. പുതിയ എല്‍ഇഡി ഹെഡ്‌ലാംപ്, നവീകരിച്ച ടെയ്ല്‍ ലൈറ്റ്, 4.3 ഇഞ്ച് വലുപ്പമുള്ള കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ, കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി റൈഡിയോളജി ആപ്പ് എന്നിവ പരിഷ്‌കാരങ്ങളാണ്. മാത്രമല്ല, രണ്ട് മോഡലുകളിലും പുതിയ ഗ്രാഫിക്‌സ് നല്‍കിയിരിക്കുന്നു. കൂടാതെ പുതിയ കളര്‍ ഓപ്ഷനുകളില്‍ പുതിയ നിഞ്ച 650, ഇസഡ് 650 ലഭിക്കും.

നിലവിലെ അതേ 649 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ തുടര്‍ന്നും കരുത്തേകും. എന്നാല്‍ ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നതാണ്. ഈ മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി പരമാവധി കരുത്തും 6,700 ആര്‍പിഎമ്മില്‍ 64 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. സ്ലിപ്പര്‍ ക്ലച്ച് സവിശേഷതയാണ്. ബിഎസ് 4 മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റ് ഹാര്‍ഡ് വെയറുകളില്‍ മാറ്റമില്ല. മുന്നില്‍ 41 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ നല്‍കിയിരിക്കുന്നു. മുന്നില്‍ 300 എംഎം ഇരട്ട പെറ്റല്‍ ഡിസ്‌ക്കുകളും പിന്നില്‍ 220 എംഎം പെറ്റല്‍ ഡിസ്‌ക്കും ബ്രേക്കിംഗ് നിര്‍വഹിക്കും. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം സുരക്ഷാ ഫീച്ചറാണ്.

click me!