സര്‍ക്കാരിനെ ഞെട്ടിച്ച് ബസുടമകളുടെ പൂഴിക്കടകന്‍!

By Web TeamFirst Published May 14, 2019, 12:26 PM IST
Highlights

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്ക് അള്ള് വച്ച് ബസുടമകള്‍

തിരുവനന്തപുരം: കല്ലട സംഭവത്തോടെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്ക് അള്ള് വച്ച് ബസുടമകള്‍. കേരള- ബെംഗളുരു റൂട്ടില്‍ നൂറ് സര്‍വീസ് ആരംഭിക്കാനുള്ള ഗതാഗത വകുപ്പിന്റെ നീക്കത്തിനാണ് ബസുടമകളുടെ ഇരുട്ടടി. 

കെഎസ്ആര്‍ടിസിക്ക് ആവശ്യത്തിന് ബസുകളില്ലാത്തതിനാല്‍ കോണ്‍ട്രാക്റ്റ് ക്യാരേജ് ബസുകള്‍ വാടകയ്ക്കെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഈ നീക്കത്തിനാണ് ബസുടമകളുടെ പാരവയ്‍പ്. 50 ബസുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ക്ഷണിച്ച ടെന്‍ഡര്‍ ഒരു ബസുടമ പോലും പങ്കെടുക്കാത്തതിനാല്‍ മുടങ്ങി. അങ്ങനെ പദ്ധതി തുടക്കത്തിലെ ചീറ്റി. 

ബസ് ലോബിയുടെ സമ്മര്‍ദം മൂലമാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പലരും പിന്‍വാങ്ങിയതെന്നാണ് സൂചന.  എന്നാല്‍ ടെന്‍ഡര്‍ വ്യവസ്ഥകളിലെ പോരായ്‍മകളാണ് പിന്മാറ്റത്തിനു കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍, ഗതാഗത സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. എം.ഡി എന്നിവരുടെ യോഗം വിളിച്ചു. എന്തായാലും വീണ്ടും ഇ-ടെന്‍ഡറിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കേരളവും കര്‍ണാടകവും 50 സര്‍വീസ് വീതം മള്‍ട്ടി ആക്‌സില്‍ ബസുകള്‍ സര്‍വീസ് നടത്താനായിരുന്നു തീരുമാനം. ഇതിനായി താത്കാലിക പെര്‍മിറ്റ് അനുവദിക്കും. എറണാകുളം തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രീകരിച്ച് പത്തുദിവസത്തിനകം സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്. 

അന്തർ സംസ്ഥാന  സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാൻ കർശന നടപടികളുമായി നീങ്ങുകയാണ് ഗതാഗതവകുപ്പ‌്. യാത്രക്കാരുടെ ലഗേജല്ലാതെ  ചരക്കുകടത്ത‌് പാടില്ല, ലൈസൻസിന‌് അപേക്ഷിക്കുന്നവർക്ക‌് ക്രിമിനൽ കേസുണ്ടാകരുത‌് എന്നത്‍ അടക്കമുള്ള നിബന്ധനകളടങ്ങിയ ഉത്തരവ‌് പുറത്തിറക്കിയിരുന്നു.

നിയമം ലംഘിച്ച് ഓടുന്ന സ്വകാര്യബസുകള്‍ക്കെതിരേയുള്ള പരിശോധനയും തുടരുകയാണ്. ഞായറാഴ്ച രാത്രിക്കുശേഷം 198 കേസുകളിലായി 7.83 ലക്ഷം രൂപ പിഴയീടാക്കി. തുടര്‍ച്ചയായി നിയമം ലംഘിക്കുകയും പിഴയടയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ബസുകള്‍ പിടിച്ചെടുക്കാനും നീക്കമുണ്ട്.

ബസ് സർവീസ‌് അപേക്ഷകർക്ക‌് പൊലീസ‌് ക്ലിയറൻസ‌് സർട്ടിഫിക്കറ്റ‌ും നിർബന്ധമാക്കിയിട്ടുണ്ട്. കെഎസ‌്ആർടിസി, സ്വകാര്യ ബസ‌്സ്‌റ്റാൻഡുകളുടെ 500 മീറ്റർ പരിധിയിൽ ബുക്കിങ‌് ഓഫീസോ പാർക്കിങ്ങോ പാടില്ല. സർവീസ‌് നടത്താൻ ആവശ്യമായ സാമ്പത്തിക പശ്ചാത്തലം ഏജൻസിക്ക‌് ഉണ്ടോയെന്നും പരിശോധിക്കും. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുത‌്. മൂന്നുമാസത്തിലൊരിക്കൽ സർവീസ് വിവരങ്ങൾ ആർടിഒക്ക‌് നല്‍കണമെന്നും ഉത്തരവുണ്ട്. 

click me!