ബസില്‍ നിന്നും വിദ്യാര്‍ഥിനിയെ തള്ളിയിട്ടു; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കിട്ടിയത് മുട്ടന്‍പണി!

By Web TeamFirst Published Nov 21, 2019, 11:47 AM IST
Highlights

അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ഇടുപ്പെല്ലിന് ക്ഷതമേറ്റു

കൊച്ചി: വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് തള്ളിയിട്ട സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ വക കിടിലന്‍ ശിക്ഷ.  ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കണ്ടക്ടറെ ആശുപത്രി സേവനത്തിനും വിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. തൃക്കാക്കര ജഡ്ജിമുക്കില്‍ വച്ച് പ്ലസ്ടു വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് തള്ളിയിടുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ഇടുപ്പെല്ലിന് ക്ഷതമേറ്റു. രക്ഷിതാക്കളുടെ പരാതിയില്‍ ബസ് ഡ്രൈവറേയും കണ്ടക്ടറേയും കഴിഞ്ഞദിവസം അറസ്റ്റുചെയ്ത് വിട്ടയച്ചിരുന്നു.

പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ശിക്ഷയുമെത്തുന്നത്. കണ്ടക്ടറെയും ഡ്രൈവറെയും ബുധനാഴ്ച വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണ്ടക്ടര്‍ സക്കീര്‍ഹുസൈനോട് സാമൂഹിക സേവനത്തിന് പോകാന്‍ ഉത്തരവിട്ടത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അടുത്ത മാസം 25 മുതല്‍ അഞ്ച് ദിവസമാണ് കണ്ടക്ടര്‍ സാമൂഹിക സേവനം നടത്തേണ്ടത്. ഡ്രൈവര്‍ അല്‍ത്താഫിന്‍റെ ലൈസന്‍സ്  മൂന്നുമാസത്തേക്കാണ് സസ്‍പെന്‍ഡ് ചെയ്‍തത്. സംഭവത്തില്‍ ബസ് ഉടമക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പിന്നാലെ തുടര്‍നടപടികളുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

click me!