
ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി (ബിൽഡ് യുവർ ഡ്രീംസ്) ഇന്ത്യയിൽ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് എസ്‌യുവിയുടെ വില കമ്പനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. പുതിയ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവി 33.99 ലക്ഷം രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിൽ ആണ് എത്തുന്നത്. പുതിയ ഇലക്ട്രിക് എസ്‌യുവിക്കായി 1500-ഓളം ബുക്കിംഗുകളാണ് ബിവൈഡിക്ക് ലഭിച്ചത്. വാങ്ങാൻ താല്‍പ്പര്യമുള്ളവര്‍ക്ക് 50,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനിലോ അംഗീകൃത ബിവൈഡി ഡീലർഷിപ്പിലോ വാഹനം ബുക്ക് ചെയ്യാം. ആദ്യത്തെ 500 യൂണിറ്റുകളുടെ വിതരണം 2023 ജനുവരി മുതൽ ആരംഭിക്കും. യഥാക്രമം 23.84 ലക്ഷം മുതൽ 24.03 ലക്ഷം രൂപ വരെയും 22.58 ലക്ഷം മുതൽ 26.50 ലക്ഷം രൂപ വരെ വിലയുള്ള ഹ്യുണ്ടായി കോന ഇവി, എംജി ഇസെഡ്എസ് ഇവി എന്നിവയ്‌ക്ക് പുതിയ ഇവി എതിരാളിയാകും.
ബിവൈഡി അറ്റോ 3യെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത് E 3.0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എംപിവിക്ക് ശേഷം ഇന്ത്യയിലെ ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് E6. ഇത് എസ്‌കെഡി (സെമി-നാക്ക്ഡ് ഡൗൺ) റൂട്ടിലൂടെ വരുന്നു. ചെന്നൈയ്‌ക്കടുത്ത് ശ്രീപെരുമ്പത്തൂരിലുള്ള ബ്രാൻഡിന്റെ പ്ലാന്റിൽ അസംബിൾ ചെയ്യുന്നു. 60kWh BYD ബ്ലേഡ് ബാറ്ററിയാണ് ഇതിന് കരുത്തേകുന്നത്. ഇത് ഫുൾ ചാർജിൽ 521km എന്ന എആർഎഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. 201ബിഎച്ച്പിയും 310എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമെന്ന് അവകാശപ്പെടുന്ന പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. ഈ ഇലക്ട്രിക് എസ്‌യുവി സെവൻ സീറ്റര്‍ ആയിരിക്കും. മൂന്ന് സെക്കൻഡുകള്‍ക്കുള്ളിൽ മണിക്കൂറിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. ബാറ്ററി പാക്ക് 50 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.
'ചൈനീസ്' ആണ്, പക്ഷേ പപ്പടമാകില്ല; ഉരുക്കുറപ്പിന് ഫുള്‍മാര്‍ക്ക് ഇടിച്ചുനേടി ഈ കാര്‍!
പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അഞ്ച് ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ലെവൽ 2 അഡാസ് സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറകൾ, വയർലെസ് ചാർജിംഗ് എന്നിവ ലഭിക്കുന്നു. 6-വേ പവർ അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, നാല്-വേ അഡ്‍ജസ്റ്റബിൾ ഫ്രണ്ട് പാസഞ്ചർ സീറ്റ്, പനോരമിക് സൺറൂഫ്, ഫ്രണ്ട് ഹീറ്റഡ് സീറ്റുകൾ, ലെതർ സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ മോഡൽ വരുന്നത്. ഇലക്ട്രിക് എസ്‌യുവിക്ക് എൽഇഡി ലൈറ്റിംഗ് സംവിധാനവും പവർ ടെയിൽഗേറ്റും ലഭിക്കുന്നു. സുരക്ഷാ സവിശേഷതകൾ നോക്കുമ്പോൾ, ഇലക്ട്രിക് എസ്‌യുവിക്ക് 7 എയർബാഗുകൾ, ടിപിഎംഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിഡി, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയവ ലഭിക്കുന്നു. പുതിയ ബിവൈഡി അറ്റോ 3ക്ക് 4455 എംഎം നീളവും 1875 എംഎം വീതിയും 1615എംഎം ഉയരവും 2720എംഎം വീൽബേസും ഉണ്ട്. സർഫ് ബ്ലൂ, ബോൾഡർ ഗ്രേ, സ്കൈ വൈറ്റ്, പാർക്കർ റെഡ് എന്നിങ്ങനെ നാല് നിറങ്ങളിൽ പുതിയ മോഡൽ ലഭ്യമാണ്.
ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ബിവൈഡി ഇന്ത്യ അധികൃതര്‍ പറഞ്ഞു. ബിവൈഡി അറ്റോ 3 ലോകത്തിന് പരിചയപ്പെടുത്താനും ഭാവിയിൽ അതിന്റെ ലഭ്യത വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു.