ആ കാറുകാരന്‍ ശ്രദ്ധിച്ചെങ്കില്‍, ബൈക്കിന്‍റെ വേഗം അല്‍പം കുറവായിരുന്നെങ്കില്‍!

By Web TeamFirst Published Jun 12, 2019, 1:00 PM IST
Highlights

കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്‍തു വരുന്ന കാറില്‍ എതിരെ വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. 

നിരത്തിലെ അശ്രദ്ധയുടെയും അക്ഷമയുടെയുമൊക്കെ പരണിതഫലങ്ങളായ ദുരന്തങ്ങളെ നമുക്ക് കാട്ടിത്തരാന്‍ ഇന്ന് സിസി ക്യാമറകളുണ്ട്. ഓരോ ദിവസവും ഇത്തരം നിരവധി സംഭവങ്ങളുടെ ഞെട്ടിക്കുന്ന വീഡിയോകളാണ് പുറത്തുവരുന്നത്. അപകടങ്ങളുടെ കാരണങ്ങളും ദുരന്തത്തിന്‍റെ ആഴവും മനസിലാക്കാന്‍ ഇത്തരം വീഡിയോകളും സിസിടിവി ക്യാമറകളും ഒരുപാട് സഹായിക്കുന്നുണ്ട്. ഇത്തരം വീഡിയോകള്‍ കാണുന്നതിലൂടെ അപകടങ്ങളെക്കുറിച്ച് ഒരാളെങ്കിലും ബോധവാനായെങ്കില്‍ അതുതന്നെയാണ് ഇത്തരം വീഡിയോകളുടെ വിജയവും. 

ഈ വീഡിയോയും അത്തരത്തിലുള്ള ഒന്നാണ്. കഴിഞ്ഞദിവസം കൊല്ലം കരുനാഗപ്പള്ളിയില്‍ നടന്ന അപകടത്തിന്‍റെ വീഡിയോ എന്ന കുറിപ്പോടെയാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്‍തു വരുന്ന കാറില്‍ എതിരെ വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് വരുന്നതു കണ്ട് കാര്‍ വേഗത കുറച്ചെങ്കിലും ബൈക്ക് നേരെ വന്ന് ഇടിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ മുകളിലേക്ക് ഉയര്‍ന്ന് തെറിക്കുന്നതും വീഡിയോയില്‍ കാണാം.

കാര്‍ ഡ്രൈവറുടെ ഓവർടേക്ക് ശ്രമമാണ് അപകടത്തിന് പ്രധാന കാരണമെങ്കിലും ബൈക്ക് അൽപ്പം പതിയെയായിരുന്നെങ്കിൽ ചിലപ്പോൾ കൂട്ടിയിടി ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും വീഡിയോ വ്യക്തമാക്കുന്നു. ബൈക്ക് യാത്രികൻ ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്നതും ദുരന്തത്തിന്‍റെ ആഴം കൂട്ടുന്നു. 


ഓവര്‍ടേക്ക് ചെയ്യുമ്പോള്‍

1.  വലതുവശം
മുന്നിലെ വാഹനത്തിന്‍റെ വലതുവശത്തുകൂടിയല്ലാതെ ഓവര്‍ടേക്ക് ചെയ്യരുത്. മാത്രമല്ല മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാതെ വേണം മറികടക്കാന്‍

2.  റോഡ് കാണാന്‍ കഴിയണം
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനു മുമ്പ് സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാമെന്ന് ഉറപ്പാക്കണം

3. വളവുകളില്‍ അരുതേയരുത്
വളവുകളിലും റോഡ് കാണാന്‍ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് ഒരിക്കലും പാടില്ല

4. പിന്നിലെ വാഹനങ്ങള്‍
പിന്നില്‍നിന്നു വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം

5. എതിര്‍ദിശയിലെ വാഹനങ്ങള്‍
എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. 

6. കണക്കുകൂട്ടല്‍ പിഴച്ചാല്‍
ഓവര്‍ടേക്കിങ് വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ്. അമിതമായ ആത്മവിശ്വാസം വേണ്ടേ വേണ്ട. കാരണം കണക്കുകൂട്ടല്‍ അല്‍പമൊന്നു പിഴച്ചാല്‍ മതി വന്‍ ദുരന്തം സംഭവിക്കാന്‍.
 

click me!