റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇനി കാര്‍ വാങ്ങാം!

By Web TeamFirst Published Dec 20, 2019, 4:43 PM IST
Highlights

വാഹന ഷോറൂം ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ

പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളില്‍ വാഹന ഷോറൂം ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ.

രാജ്യത്തെ വാഹനിര്‍മ്മാണ കമ്പനികളുമായി സഹകരിച്ചാണ് റെയില്‍വേയുടെ ഈ പുതിയ പദ്ധതി. റെയില്‍വേ സ്റ്റേഷനുകളില്‍ വാഹന പ്രദര്‍ശനത്തിനും ബുക്കിങ്ങിനുമുള്ള സ്ഥലമാണ് റെയില്‍വേ നല്‍കുക. പ്രദര്‍ശനത്തിനു പുറമെ വാഹനങ്ങളുടെ വില്പന, പ്രൊഡക്ട് ലോഞ്ച്, കസ്റ്റമര്‍ ഔട്ട്റീച്ച് പരിപാടികള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കും.

ഇരുചക്ര വാഹനം മുതല്‍ നാലുചക്ര വാഹനങ്ങള്‍ വരെ പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലം റെയില്‍വേ ഒരുക്കും. മാളുകളിലും മറ്റും നല്‍കുന്ന അതേ സൗകര്യമാണ് നല്‍കുക.

ദിവസ വാടകയ്ക്കാണ് പ്ലാറ്റ്ഫോമിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും സ്ഥലം അനുവദിക്കുന്നത്. പ്ലാറ്റ്ഫോമില്‍ രണ്ട് കാറുകള്‍ വരെ ഇടാനുള്ള സൗകര്യമാണ് ഉണ്ടാവുക. പ്രതിദിനം 10,000 മുതല്‍ 20,000 രൂപ വരെയാണ് ഈടാക്കുക. ഉപയോഗിക്കുന്ന സ്ഥലത്തിനനുസരിച്ച് നിരക്കിലും വ്യത്യാസം ഉണ്ടാകും.

ഡീലര്‍മാര്‍ ആവശ്യപ്പെടുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥലം ലഭ്യമാക്കി നല്‍കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം ബുക്കിങ്ങിന് ദക്ഷിണ റെയില്‍വേ ചീഫ് കൊമേഴ്സ്യല്‍ വിഭാഗത്തെ സമീപിക്കണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ദിവസേന 35,000-ത്തിലധികം ആളുകള്‍ വന്നുപോകുന്ന റെയില്‍വേ സ്റ്റേഷനുകളിലാണ് ഈ സൌകര്യം നല്‍കുക. കേരളത്തില്‍ എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. 

click me!