കാർ ലോൺ റദ്ദാക്കലുകൾ കുതിച്ചുയരുന്നു; ലോൺ ക്യാൻസലാക്കാൻ ബാങ്കുകളിൽ വൻ തിരക്ക്! അമ്പരന്ന് ജീവനക്കാർ

Published : Sep 15, 2025, 09:37 AM IST
car, car loan

Synopsis

കാറുകളുടെ വില കുറയുന്നത് വരെ വാങ്ങലുകൾ മാറ്റിവയ്ക്കാൻ ഉപഭോക്താക്കൾ ആഗ്രഹിക്കുന്നതിനാൽ കാർ ലോണുകൾ റദ്ദാക്കാനുള്ള അപേക്ഷകളിൽ വർധനവുണ്ടായതായി റിപ്പോർട്ട്. സെപ്റ്റംബർ 22 മുതൽ കാറുകളുടെ ജിഎസ്ടി നിരക്കുകൾ കുറയുന്നതാണ് ഇതിന് കാരണം.

കാർ ലോണുകൾ റദ്ദാക്കാൻ ബാങ്കുകളിൽ തിരക്ക് കൂടുകയാണെന്ന് റിപ്പോർട്ട്. കാർ വായ്പകൾ റദ്ദാക്കാനുള്ള അപേക്ഷകളിൽ അസാധാരണമായ വർധനവ് സംഭവിക്കുന്നതായി പൊതുമേഖലാ ബാങ്കുകളെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 22 മുതൽ കുറഞ്ഞ ജിഎസ്‍ടി നിരക്കുകൾ നടപ്പിലാക്കുന്നതുവരെ, അതായത് കാറുകളുടെ വില കുറയുന്നതുവരെ, വാങ്ങലുകൾ മാറ്റിവയ്ക്കാൻ ഉപഭോക്താക്കൾ താൽപ്പര്യപ്പെടുന്നതിനാലാണ് അംഗീകരിച്ച കാർ വായ്പകൾ റദ്ദാക്കാനുള്ള തിരക്ക് കൂടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ജിഎസ്ടി കുറച്ചാൽ ഇനി എന്ത് ലാഭമാണ് ഉണ്ടാകുക? 

സെപ്റ്റംബർ 22 മുതൽ കാർ വാങ്ങുന്നവർക്ക് വലിയ ആശ്വാസം ലഭിക്കും. ജിഎസ്ടി കൗൺസിൽ അടുത്തിടെ കാറുകളുടെ ജിഎസ്ടി നിരക്കുകളിൽ വലിയ ഇളവ് പ്രഖ്യാപിച്ചു. അതുകൊണ്ടാണ് ഇതിനകം കാർ വായ്പകൾ അംഗീകരിക്കെപ്പെട്ട നിരവധി ഉപഭോക്താക്കൾ ഇപ്പോൾ ബാങ്കുകളിൽ നിന്ന് അവ റദ്ദാക്കുന്നത്. അതിന്റെ വിശദാംശങ്ങൾ വിശദമായി നമുക്ക് അറിയിക്കാം.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ഇതുവരെ കാറുകൾക്ക് 28% ജിഎസ്ടി ചുമത്തിയിരുന്നു. ഈ മാസം ആദ്യം ചേർന്ന 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം 1,200 സിസി വരെ എഞ്ചിൻ ശേഷിയുള്ള കാറുകളുടെ ജിഎസ്ടി നിരക്ക് നിലവിലെ 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ അംഗീകാരം നൽകി. കാറിന്റെ വില കുറയുന്നതിനാൽ ഉപഭോക്താക്കൾക്ക് ഇതിൽ നിന്ന് നേരിട്ട് ആനുകൂല്യം ലഭിക്കും. കാറിന്റെ വില കുറയുമ്പോൾ, വായ്പാ തുകയും കുറയ്ക്കേണ്ടിവരും.

ബാങ്കുകൾ പറയുന്നത്

കുറഞ്ഞ വിലയ്ക്ക് കാർ വാങ്ങാൻ കഴിയുന്നതിനായി നിരവധി ഉപഭോക്താക്കൾ ഇപ്പോൾ കാത്തിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു പൊതുമേഖലാ ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. റദ്ദാക്കൽ നിരക്കുകൾ വളരെ കുറവാണെന്നും അതിനാൽ പഴയ വായ്പകൾ റദ്ദാക്കാനും പുതിയ ജിഎസ്‍ടി നിരക്കുകൾ നടപ്പിൽ വന്ന ശേഷം പുതിയ വായ്‍പ എടുക്കാനും പലരും പദ്ധതിയിടുന്നു. അതേസമയം ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി, പല ബാങ്കുകളും ഈ സീസണിൽ പ്രോസസ്സിംഗ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്.

ഇക്കാര്യത്തിൽ ഉപഭോക്താക്കൾ എന്താണ് മനസ്സിൽ സൂക്ഷിക്കേണ്ടത്?

ഇൻവോയ്‌സ് ചെയ്യുന്ന തീയതിയെ ആശ്രയിച്ചിരിക്കും ബാധകമായ ജിഎസ്ടി നിരക്ക് എന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അറിയിച്ചു. അതായത് കാർ ഡീലർ ഒരു ഇൻവോയ്‌സ് നൽകിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് പഴയ ജിഎസ്‍ടി നിരക്ക് ബാധകമാകും. എന്നാൽ, ഇൻവോയ്‌സ് ഇതുവരെ ജനറേറ്റ് ചെയ്‌തിട്ടില്ലെങ്കിൽ, ഉപഭോക്താവിന് പുതിയ നിരക്കിന്റെ ആനുകൂല്യം ലഭിക്കും. നിലവിൽ, വാഹനങ്ങൾക്ക് 28 ശതമാനം ജിഎസ്ടിയും തരം അനുസരിച്ച് 1 മുതൽ 22 ശതമാനം വരെ നഷ്ടപരിഹാര സെസും ഈടാക്കുന്നു, ഇത് ചെറിയ കാറുകൾക്ക് മൊത്തം നികുതി 29 ശതമാനത്തിനും എസ്‌യുവികൾക്ക് 50 ശതമാനത്തിനും ഇടയിലായി മാറുന്നു. സെപ്റ്റംബർ 22 മുതൽ, ചെറിയ പെട്രോൾ, ഡീസൽ കാറുകൾ (യഥാക്രമം 1,200 സിസിയും 1,500 സിസിയും വരെ) 18 ശതമാനം ജിഎസ്ടി ഈടാക്കും, അതേസമയം വലിയ വാഹനങ്ങൾക്ക് 40 ശതമാനം നിരക്ക് ഈടാക്കും.

പല ഉപഭോക്താക്കളും ഇപ്പോൾ കുറഞ്ഞ നികുതിയുടെ ആനുകൂല്യം നേടാനും മികച്ച വകഭേദങ്ങൾ (1,300 സിസി വരെയുള്ള കാറുകൾ പോലുള്ളവ) വാങ്ങാനും ആലോചിക്കുന്നു. ചില ഉപഭോക്താക്കൾ വലിയ മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നുണ്ട്. 1,300 സിസി വിഭാഗത്തിൽ ഏകദേശം 10 ശതമാനം ആനുകൂല്യം ലഭിക്കുന്നതിനാൽ, ഉപഭോക്താക്കൾ ഇപ്പോൾ കാറുകളുടെ മികച്ച പതിപ്പുകൾ തിരഞ്ഞെടുക്കുന്നതായി ഈ മേഖലയിൽ ഉല്ളവർ പറയുന്നു.

ജിഎസ്ടി കുറച്ചതിനാൽ മറ്റെന്താണ് വിലകുറഞ്ഞത്?

കാറുകൾക്ക് പുറമെ, സോപ്പ്, ഷാംപൂ, എസി, ട്രാക്ടർ, മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടെ ഏകദേശം 400 ഉൽപ്പന്നങ്ങൾ വിലകുറഞ്ഞതായിരിക്കും. നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബർ 22 മുതൽ ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിൽ ഓട്ടോ കമ്പനികൾക്ക് ഏകദേശം 2,500 കോടി രൂപയുടെ സെസ് ഉണ്ട്. എന്നാൽ സെപ്റ്റംബർ 22 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ ഈ സെസും അവസാനിക്കും.

 

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ