പുതുവര്‍ഷത്തില്‍ പുത്തന്‍ വാഹനം സ്വപ്നം കാണുന്നുണ്ടോ? ഒരു അശുഭ വാര്‍ത്ത

By Web TeamFirst Published Dec 11, 2019, 1:28 PM IST
Highlights

2020 ജനുവരി ഒന്നു മുതല്‍ എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായി അറിയിച്ചു. നിര്‍മാണ ചെലവ് വര്‍ധിച്ചതാണ് വില വര്‍ധനവിന് കാരണമെന്നാണ് കമ്പനി പറയുന്നത്.

കൊച്ചി: പുതുവര്‍ഷം അടുത്തതോടെ വാഹനങ്ങള്‍ക്ക് വില കൂട്ടാനൊരുങ്ങുകയാണ് മിക്ക വാഹന നിര്‍മ്മാതാക്കളും. ദക്ഷിണകൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയാണ് അവരില്‍ ഒടുവിലത്തേത്.

2020 ജനുവരി ഒന്നു മുതല്‍ എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായി അറിയിച്ചു. നിര്‍മാണ ചെലവ് വര്‍ധിച്ചതാണ് വില വര്‍ധനവിന് കാരണമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ഓരോ മോഡലുകള്‍ക്കും എത്ര രൂപ വീതം വര്‍ധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിലെ ഹ്യുണ്ടായി നിരയില്‍ സാന്‍ട്രോ, ഗ്രാന്റ് ഐ10 നിയോസ്, എലൈറ്റ് ഐ20, ആക്ടീവ് ഐ20, എക്‌സെന്റ്, വെര്‍ണ, എലാന്‍ട്ര, വെന്യു, ക്രെറ്റ, ട്യൂസോണ്‍, കോന ഇലക്ട്രിക് എന്നീ മോഡലുകളാണുള്ളത്.

അടുത്ത വര്‍ഷം പുതുതലമുറ ക്രെറ്റ, ഓറ കോംപാക്ട് സെഡാന്‍, പുതിയ എലൈറ്റ് ഐ20, ഫ്യുവല്‍ സെല്‍ നെക്‌സോ എന്നീ മോഡലുകള്‍ ഹ്യുണ്ടായ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

രാജ്യത്തെ മറ്റു വാഹന നിര്‍മാതാക്കളും വില ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്‍സും ജനുവരി മുതല്‍ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു. വിവിധ ഉൽപ്പാദന ചെലവുകൾ വർദ്ധിക്കുകയും അതിന് ആനുപാതികമായി ലാഭം ഉണ്ടാവാതിരിക്കുകയും ചെയ്‍ത സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ  തീരുമാനിച്ചതെന്ന് മാരുതി അധികൃതർ റെഗുലേറ്ററി ഫയലിങ്ങിൽ വ്യക്തമാക്കിയിരുന്നു.

വാഹനങ്ങള്‍ ബിഎസ്6 എഡിഷനിലേക്ക് മാറുന്നതോടെ ജനുവരി മുതല്‍ കാറുകള്‍ക്ക് വില കൂടുമെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീഖാണ് വ്യക്തമാക്കിയത്. വര്‍ധിക്കുന്ന നിരക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരിയാണെന്നും ഏകദേശം 10,000 മുതല്‍ 15,000 രൂപ വരെ വില ഉയരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന് കിയ മോട്ടോഴ്‍സ് മുമ്പുതന്നെ അറിയിച്ചിരുന്നു. ഇനി വരും ദിവസങ്ങളില്‍ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ വില വര്‍ധനവ് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!