ലോക്ക് ഡൗണ്‍ തീര്‍ന്നപ്പോള്‍ കാര്‍ വാങ്ങാന്‍ വന്‍തിരക്ക്; അമ്പരന്ന് ചൈനയിലെ വണ്ടിക്കമ്പനികള്‍!

By Web TeamFirst Published Apr 23, 2020, 3:57 PM IST
Highlights

ചൈനയിലെ കാര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പാണെന്ന് റിപ്പോര്‍ട്ടുകള്‍

കൊവിഡ് 19 വൈറസ് വ്യാപനം അവസാനിച്ചതോടെ ലോക്‌‍ഡൗണും മറ്റു നിയന്ത്രണങ്ങളുമെല്ലാം എടുത്തു മാറ്റിയിരിക്കുകയാണ് ചൈന. ഇതോടെ രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നായിരുന്നു വുഹാൻ. എന്നാല്‍ വുഹാനിലെ കാർ വിൽപനയിൽ വൻ കുതിച്ചുകയറ്റമാണെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുഗതാഗത സംവിധാനങ്ങളെക്കാൾ സുരക്ഷിതയ ബദലാണ് വ്യക്തിഗത വാഹനങ്ങൾ എന്ന തിരിച്ചറിവാണ് വിൽപ്പന ഉയരുന്നതിന്‍റെ പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ 2020 ഫെബ്രുവരിയിലെ വാഹന വിൽപ്പന അഞ്ചിലൊന്നായിട്ടാണു കുറഞ്ഞത്.   ഒരു ഘട്ടത്തില്‍ 92 ശതമാനത്തോളം വില്‍പ്പന താഴ്ന്നിരുന്നു. ഫെബ്രുവരി രണ്ടാം പകുതിയിൽ 92 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. ചില കമ്പനികളുടെ ഒരു വാഹനം പോലും ഈ കാലയളവിൽ വിറ്റിരുന്നില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയുടെ ആദ്യ 16 ദിവസം വിറ്റത് 59930 വാഹനമാണ് എന്നാൽ ഈ വർഷം ഇതേ കാലയളവിൽ വെറും 4909 വാഹനങ്ങൾ മാത്രമാണ് വിറ്റത്. ചൈന പാസഞ്ചർ കാർ അസോസിയേഷന്റെ കണക്കുകൾ പ്രകാരം കാർ ഷോറൂമുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായി കുറവുമുണ്ടായി.

ഈ സ്ഥാനത്തു നിന്നാണ് ഇപ്പോഴത്തെ വന്‍ കുതിപ്പ്. 2020 ഏപ്രിൽ 8 നാണ് ഔദ്യോഗികമായി രാജ്യത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ പിൻവലിച്ചത് വാഹന വിൽപന പഴയ പടി ആക്കുന്നതിൽ സഹായിച്ചു എന്നാണ് വാഹന നിർമാതാക്കൾ പറയുന്നത്. സ്വകാര്യ വാഹനം കൂടുതൽ സുരക്ഷിതമാണെന്ന് തിരിച്ചറിഞ്ഞതോടെ ചെറു കാറുകളുടെ വിൽപനയിലും അന്വേഷണങ്ങളിലും വർദ്ധനവുണ്ടെന്നാണ് പറയുന്നത്. മിക്ക കുടുംബങ്ങളും തങ്ങളുടെ രണ്ടാമത്തെ കാറുകൾ വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇത് ചെറിയ വാഹനങ്ങളുടെ ആവശ്യം വർദ്ധിക്കുന്നതിലേക്ക് നയിക്കുകയാണ്. കൂടാതെ കാർ റെന്റൽ സർവീസുകളും യൂസിഡ് കാർ വിപണിയും ഉണരുന്നുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ വാഹനവില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെയും വിലയിരുത്തല്‍. മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അടുത്തിടെ ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ ശീലിച്ചുവരുന്ന സാമൂഹിക അകലം പാലിക്കല്‍ വാഹനമേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് മാരുതി മേധാവി വ്യക്തമാക്കിയത്. ഇനിമുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും മടിക്കുമെന്നും അതുകൊണ്ടുതന്നെ അവര്‍ സ്വന്തം വാഹനം എന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങുമെന്നും ഇത് വാഹനവിപണിക്ക് ഗുണകരമാകുമെന്നും ഭാര്‍ഗവ പറയുന്നു.

click me!