ഗൂഗിള്‍ മാപ്പിന്‍റെ ചതി, കണ്ടത്തിലോടി കാര്‍, കിട്ടിയത് എട്ടിന്‍റെ പണി, രക്ഷകനായത് ട്രാക്ടര്‍!

By Web TeamFirst Published Jul 4, 2021, 4:03 PM IST
Highlights

നാട്ടുകാർ പോലും ഉപയോഗിക്കാത്ത ഒരു റോഡാണ് ഇതെന്നായിരുന്നു പ്രദേശവാസികള്‍ പറയുന്നത്. കര്‍ഷകര്‍ ട്രാക്ടര്‍ കൊണ്ടുപോകാന്‍ മാത്രമായി ഉപയോഗിക്കുന്ന വഴിയാണ് ഇതെന്നും  മഴ കൂടി പെയ്‍താല്‍ ഈ റോഡിലൂടെ ട്രാക്ടര്‍ യാത്ര പോലും ബുദ്ധിമുട്ടായിരിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.  

ഗൂഗിള്‍ മാപ്പ് മാത്രം നോക്കി സഞ്ചരിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും അബദ്ധങ്ങളുമൊക്കെ വാര്‍ത്തകളാകുന്നത് അടുത്തകാലത്ത് പതിവാണ്. ഇങ്ങനെ മാപ്പ് ചതിച്ചതിനാല്‍ ചെളിയില്‍ താഴ്‍ന്ന ഒരു കാറിന്‍റെ കഥയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ജര്‍മന്‍ ടൂറിസ്റ്റുകളാണ് രാജസ്ഥാന്‍ സന്ദര്‍ശനത്തിനിടെ ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍ വയലിലെ ചെളിയില്‍ കുടുങ്ങിയതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 കാറില്‍ രാജസ്ഥാനിലെ മെനാറില്‍ നിന്ന് ഉദയ്‍പൂരിലേക്കുള്ള യാത്രയുടെ ഇടയിലാണ് ഇവരെ ഗൂഗിള്‍ മാപ്പ് ചതിച്ചത്. ആറുവരി പാതയായ നാവാനിയ ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടെ വേറൊരു എളുപ്പമുള്ള വഴി ഇവര്‍ക്ക് ഗൂഗിള്‍ മാപ്പ് നിര്‍ദേശിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം നല്ല റോഡായിരുന്നുവെങ്കിലും കൂടുതല്‍ മുന്നോട്ട് പോയതോടെ റോഡ് ഒറ്റവരിപ്പാതയായി ചുരുങ്ങിച്ചുരുങ്ങി ഒടുവില്‍ വയലിന് നടുവിലൂടെയുള്ള ചെളി നിറഞ്ഞ വഴിയായി മാറി. കുറച്ചുകൂടി മുന്നോട്ട് പോയതോടെ കാറിന്‍റെ ടയറുകള്‍ പൂര്‍ണമായും ചെളിയില്‍ താണു. 

കാര്‍ പുറത്തെടുക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ സഹായിക്കാൻ ആരെയെങ്കിലും കണ്ടെത്താനായി രണ്ട് കിലോമീറ്ററോളം നടക്കേണ്ടി വന്നു വിനോദസഞ്ചാരികൾക്ക് എന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ. തുടര്‍ന്ന് ഒരു ട്രാക്ടര്‍ സ്ഥലത്തെത്തി. മണിക്കൂറുകളോളം നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവിലാണ് ട്രാക്ടര്‍ കാറിനെ വലിച്ച് കരകയറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാട്ടുകാർ പോലും ഉപയോഗിക്കാത്ത ഒരു റോഡാണ് ഇതെന്നായിരുന്നു പ്രദേശവാസികള്‍ പറയുന്നത്. കര്‍ഷകര്‍ ട്രാക്ടര്‍ കൊണ്ടുപോകാന്‍ മാത്രമായി ഉപയോഗിക്കുന്ന വഴിയാണ് ഇതെന്നും  മഴ കൂടി പെയ്‍താല്‍ ഈ റോഡിലൂടെ ട്രാക്ടര്‍ യാത്ര പോലും ബുദ്ധിമുട്ടായിരിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.  എന്നിട്ടും, ഗൂഗിൾ മാപ്പ് എങ്ങനെ ഒരു ഹ്യുണ്ടായ് ഐ 10 ന് അനുയോജ്യമായ റോഡാണെന്ന് ഇതെന്ന് വിശ്വസിച്ചു എന്നാണ് സഞ്ചാരികള്‍ ചോദിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!