Citroen C5 Aircross : രണ്ടുമാസത്തിനിടെ രണ്ടാം തവണയും വില കൂട്ടി ഈ വണ്ടിക്കമ്പനി

By Web TeamFirst Published Dec 7, 2021, 6:33 PM IST
Highlights

രണ്ട് മാസത്തിനിടെ രണ്ടാം തവണയും C5 എയര്‍ക്രോസ് എസ്‍യുവിയുടെ (Citroen C5 Aircross SUV) വില കൂട്ടാൻ ഒരുങ്ങുകയാണ് സിട്രോണ്‍ (Citroen) എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനിയായ (French Automaker)സിട്രോണിന്‍റെ (Citroen) പുതിയ സി5 എയര്‍ക്രോസ് എസ്‍യുവി  (Citroen C5 Aircross) 2021 ഏപ്രില്‍ മാസത്തിലാണ് ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തിത്തുടങ്ങിയത്. ഫീല്‍, ഷൈന്‍ എന്നീ രണ്ടു പതിപ്പുകളിലാണ്  ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്.  ഇപ്പോഴിതാ രണ്ട് മാസത്തിനിടെ രണ്ടാം തവണയും C5 എയര്‍ക്രോസ് എസ്‍യുവിയുടെ (Citroen C5 Aircross SUV) വില കൂട്ടാൻ ഒരുങ്ങുകയാണ് സിട്രോണ്‍ (Citroen) എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരക്കുകളുടെ വിലയും സമുദ്ര ചരക്ക് ചെലവും തുടർച്ചയായി വർധിച്ചതാണ് വാഹനത്തിന്റെ ഈ വിലവർദ്ധനവിന് കാരണമായതെന്നാണ് കമ്പനി പറയുന്നത്. 2022 ജനുവരി മുതല്‍ സി5 എയര്‍ക്രോസ് വില മൂന്നു ശതമാനം വരെ വര്‍ദ്ധിക്കും എന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ മാസം, സിട്രോൺ ഇന്ത്യ C5 എയർക്രോസിന്റെ ഫീൽ വേരിയന്റിന് 1.40 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് ഷൈൻ വേരിയന്റിന് 90,000 രൂപയും വർധിപ്പിച്ചിരുന്നു. ചെന്നൈയ്ക്കടുത്തുള്ള തിരുവല്ലൂരിലെ കമ്പനിയുടെ പ്ലാന്റില്‍ ആണ് ഈ വാഹനം നിര്‍മിക്കുന്നത്. സവിശേഷതയുള്ള ഡൈനാമിക് രൂപകല്‍പ്പനയോടുകൂടിയ  ഈ കംഫര്‍ട്ട് ക്ലാസ് എസ്‍യുവി  പേള്‍ വൈറ്റ്, ടിജുക്ക ബ്ലൂ, ക്യുമുലസ് ഗ്രേ, പെര്‍ല നെറാ ബ്ലാക്ക് എന്നീ നാലു നിറങ്ങളില്‍ ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് കാറിന്റെ മുകള്‍ ഭാഗം കറുപ്പുനിറത്തില്‍ ലഭ്യമാക്കുകയും ചെയ്യും.

177 എച്ച്പി പവറും 400 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.0-ലിറ്റർ ഡീസൽ എൻജിനിൽ മാത്രമാണ് ഇന്ത്യയ്ക്കായി തയ്യാക്കിയിരിക്കുന്ന സി5 എയർക്രോസ്സ് വാങ്ങാൻ സാധിക്കുക. 8-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. 18.6 കിലോമീറ്റർ ആണ് ലിറ്ററിന് സി5 എയർക്രോസ്സ് നൽകുന്ന ഇന്ധനക്ഷമത എന്ന് സിട്രോൺ അവകാശപ്പെടുന്നത്.

എക്‌സ്റ്റീരിയറിലെ ചുവപ്പ് ഹൈലൈറ്റുകൾ, വലിപ്പമേറിയ ഗ്രിൽ, ഹെഡ്‍ലാംപ് ക്ലസ്റ്റർ എന്നിവ സിട്രോൺ സി5 എയർക്രോസിൻ്റെ പ്രത്യേകതകളാണ്. 4500 മില്ലീമീറ്റർ നീളവും 2099 മില്ലീമീറ്റർ വീതിയും 1710 മില്ലീമീറ്റർ ഉയരവുമുള്ള 5 സീറ്റർ എസ്‌യുവിയാണ് സി5 എയർക്രോസ്സ്. 2730 എംഎം വീൽബേസും ടോപ്പ്-സ്പെക്ക് ഷൈൻ ട്രിമിന് ഹാൻഡ്സ് ഫ്രീ ഇലക്ട്രിക് ടെയിൽ‌ഗേറ്റ് ഫങ്ക്ഷനുമുണ്ട്.

പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയൽ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ക്യാബിൻ ആണ് സി5 എയർക്രോസ്സിന്. എൻട്രി ലെവൽ ഫീൽ വേരിയന്റിൽ തന്നെ ഓട്ടോ വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, 12.3 ഇഞ്ച് ഡിജിറ്റൽ ഡയലുകൾ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹാൻഡ്സ് ഫ്രീ പാർക്കിംഗ് തുടങ്ങിയ ഫീച്ചറുകളുണ്ട്. അതെ സമയം എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, ഹാൻഡ്‌സ് ഫ്രീ ടെയിൽ‌ഗേറ്റ് എന്നിങ്ങനെയായുള്ള ശ്രദ്ധേയമായ ഫീച്ചറുകൾ ഷൈൻ പതിപ്പിൽ മാത്രമേയുള്ളൂ.

സിട്രോണ്‍ ഉടമസ്ഥാവകാശം സുഖകരമായി നേടുന്നതിന്  ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി കമ്പനി സിട്രോന്‍ ഫ്യൂച്ചര്‍ ഷുവര്‍  എന്ന സമഗ്രമായ പാക്കേജ് നേരത്തെ അവതരിപ്പിച്ചിരുന്നു.  ഇതനുസരിച്ച്  സി5 എയര്‍ക്രോസ് എസ്യുവിയില്‍  ഉടമസ്ഥരാകാന്‍  ഉപഭോക്താക്കള്‍ പ്രതിമാസം   49,999 രൂപ അടച്ചാല്‍ മതി. പതിവ് പരിപാലനം, വിപുലീകൃത വാറന്റി, റോഡരികിലെ സഹായം, 5 വര്‍ഷം വരെ ഓണ്‍-റോഡ് ധനസഹായം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു.

ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇക്കോസിസ്റ്റം ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവത്തെ സുഗമമാക്കുകയും ഷോറൂമിലെ സന്ദര്‍ശനത്തെ എടിഎ ഡബ്ല്യുഎഡിഎസി ന്റെ (എനിടൈം, എനി വെയര്‍, എനി ഡിവൈസ്, എനി കണ്ടെന്റ്) സഹായത്തോടെ  ഗുണകരമാക്കുകയും ചെയ്യും. എടിഎഡബ്ല്യുഎഡിഎസി റിസപ്ഷന്‍ ബാര്‍, ഹൈ ഡെഫനിഷന്‍ (എച്ച്ഡി) 3ഡി കോണ്‍ഫിഗറേറ്റര്‍, സിട്രോന്‍ ഒറിജിന്‍സ് ടച്ച്‌സ്‌ക്രീന്‍ തുടങ്ങിയവ ഷോറും സന്ദര്‍ശനം ഉപഭോക്താവിന് മികച്ച അനുഭവം പ്രദാനം ചെയ്യുന്നു.  ഓണ്‍ലൈനും ലാ മെയ്‌സന്‍ സിട്രോന്‍ ഡീലര്‍ഷിപ്പുകളും ഉപഭോക്താക്കള്‍ക്ക്  എച്ച്ഡി 360 ഡിഗ്രി കോണ്‍ഫിഗറേറ്റര്‍ തത്സമയ ത്രീഡി ദൃശ്യം വാഗ്ദാനം ചെയ്യുന്നു. ഏറ്റവും യഥാര്‍ത്ഥമായ രീതിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍   ഉപഭോക്താവിനു ലഭ്യമാക്കുന്നു.

സിട്രോന്‍ വിപണനം  വേഗത്തിലാക്കാന്‍ കമ്പനി കൊച്ചി ഉള്‍പ്പെട പത്ത് നഗരങ്ങളില്‍  ലാ മെയ്‌സന്‍  സിട്രോണ്‍ ഫിജിറ്റല്‍ ഡീലര്‍ഷിപ്പ് ആരംഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി, ഗുഡ്ഗാവ്, മുംബൈ, പൂന, അഹമ്മദാബാദ്, കൊല്‍ക്കൊത്ത, ബംഗളരൂ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകള്‍. അമ്പതിലധികം ഇന്ത്യന്‍ നഗരങ്ങളില്‍  ഉപഭോക്താക്കള്‍ക്ക്   ഓണ്‍ലൈനില്‍ നേരിട്ടു വാങ്ങുവാനുള്ള സംവിധാനം സിട്രോന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡീലര്‍ ശൃംഖലയ്ക്കു പുറത്തുള്ളവര്‍ക്ക്  ഈ  ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഫാക്ടറിയില്‍ നിന്ന് നേരിട്ട്  ഓര്‍ഡര്‍ നല്‍കുവാന്‍ സാധിക്കും. ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, വാര്‍ഷിക അറ്റകുറ്റപ്പണി പാക്കേജുകള്‍, വിപുലീകൃത വാറന്റി, നിലവിലുള്ള കാറിന്റെ ട്രേഡ്-ഇന്‍ തുടങ്ങിയവ ഉപഭോക്താവിനു തെരഞ്ഞെടുക്കാവുന്ന വിധത്തില്‍ ഇ-കൊമേഴ്സ് വെബ്സൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്.  ടെസ്റ്റ് ഡ്രൈവ് വാഹനവ്യൂഹം,  ഇ-സെയില്‍സ് ഉപദേഷ്ടാവ്, വെര്‍ച്വല്‍ ഉത്പന്ന പ്രദര്‍ശനം,  വീട്ടില്‍ ഉത്പന്നം എത്തിക്കല്‍ തുടങ്ങിയ  സേവനങ്ങള്‍ ഉപഭോക്താക്കല്‍ക്കു ലഭ്യമാക്കിയിട്ടുണ്ട്. 'ലാ അറ്റ്‌ലെയര്‍ സിട്രോന്‍' എന്ന പേരില്‍  ലഭ്യമാക്കിയിട്ടുള്ള വില്‍പ്പനാനന്തര ശൃംഖല വഴി നിരവധി സേവനങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനം, ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച  അനുഭവങ്ങള്‍ സിട്രോണിന്റെ  ഓണ്‍ലൈന്‍ അവലോകന വെബ്സൈറ്റായ 'സിട്രോന്‍ അഡൈ്വസര്‍' വഴി പങ്കുവയ്ക്കുവാന്‍  ഇന്ത്യയില്‍ ആദ്യമായി അവസരവും കമ്പനി ഒരുക്കിയിരുന്നു. ഡീലര്‍ഷിപ്പ്, കാര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റ് തുടങ്ങിയവയെക്കുറിച്ച് ഈ വെബ്‌സൈറ്റ് വഴി വിലയിരുത്തുവാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നു. ഓട്ടോമൊബൈല്‍ ലോകത്ത് ഇത്തരത്തിലൊരു സംവിധാനം ആദ്യമയാണ് അവതരിപ്പിക്കുന്നത്. കൂടുതല്‍ സവിശേഷതകളുമായി ക്രമേണ ഇതിനെ വികസിപ്പിച്ചെടുക്കുവാന്‍ ഉദ്ദേശിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സുതാര്യത, സാമീപ്യം എന്നിവയുടെ കാര്യത്തില്‍  ഉപഭോക്താക്കളോട് ചേര്‍ന്നു നില്‍ക്കുവാന്‍  സിട്രോണിനെ സഹായിക്കുന്നു

അതേസമയം രാജ്യത്തെ വാഹന വില വര്‍ദ്ധനവിനെപ്പറ്റി പറയുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഈ മാസം ആദ്യം തങ്ങളുടെ മോഡലുകളുടെ വില വർധിപ്പിച്ച് ഉൽപ്പാദനച്ചെലവ് നികത്താൻ പദ്ധതിയിടുന്നതായി അറിയിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട, റെനോ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തുടങ്ങിയ നിരവധി കാർ നിർമ്മാതാക്കളും ഉയർന്ന ഇൻപുട്ട് ചെലവ് കാരണം നഷ്ടം നികത്താൻ വില വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ജനുവരിയിൽ ആസൂത്രണം ചെയ്‍തിരിക്കുന്ന വിലക്കയറ്റം വ്യത്യസ്‍ത മോഡലുകൾക്ക് വ്യത്യാസപ്പെടുമെന്ന് മാരുതി പറഞ്ഞപ്പോൾ, ഫീച്ചർ മെച്ചപ്പെടുത്തലും ഇൻപുട്ട് ചെലവും കാരണം തിരഞ്ഞെടുത്ത മോഡലുകളിൽ 2 ശതമാനം വരെ വർദ്ധനവ് ഉണ്ടാകുമെന്ന് മെഴ്‌സിഡസ് ബെൻസ് പറഞ്ഞു.

click me!