യൂടേണ്‍ എടുക്കുന്ന ലോറി, അടിയിലേക്ക് പാഞ്ഞ് ബൈക്ക് യാത്രികന്‍, ഞെട്ടിക്കും ദൃശ്യങ്ങള്‍!

By Web TeamFirst Published Aug 6, 2020, 3:59 PM IST
Highlights

യൂടേൺ എടുക്കാൻ ശ്രമിക്കുന്ന ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറുന്ന
ബൈക്ക് യാത്രികന്‍

അടുത്തകാലത്തായി നടക്കുന്ന പല അപകടങ്ങളും സിസിടിവി ക്യാമറകളില്‍ പതിയാറുണ്ട്. ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ചിലരെയെങ്കിലും ബോധവാന്മാരാക്കുന്നതില്‍ ഇത്തരം വീഡിയോകള്‍ ഒരുപരിധി വരെ സഹായിച്ചേക്കും. 

ചെറു റോഡിൽ നിന്ന് ഹൈവേയിലേക്ക് കയറി യൂടേൺ എടുക്കാൻ ശ്രമിക്കുന്ന ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറുന്ന ബൈക്ക് യാത്രികന്‍റെ വീഡിയോ ആണിത്. നാലുവരി പാതയിലൂടെ നേരെ പോകുന്ന ബൈക്ക് യാത്രികൻ പെട്ടെന്ന് യൂടേൺ എടുക്കാൻ ശ്രമിക്കുന്ന ലോറിയുടെ അടിയിൽപ്പെടുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍  പ്രചരിക്കുന്നത്. 

സിഗ്നൽ നൽകാതെ യൂടേൺ എടുക്കാൻ ശ്രമിച്ച ലോറി ഡ്രൈവറുടെ പിഴവാണ് അപകടത്തിന്‍റെ മുഖ്യ കാരണം. തെലുങ്കാനയിലാണ് അപകടം. സംഭവത്തില്‍ ഉള്‍പ്പെട്ട ബൈക്ക് യാത്രികന് പരിക്കുകളോടെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ അപകടത്തില്‍ ലോറി ഡ്രൈവറുടെ അശ്രദ്ധയ്ക്ക് ഒപ്പം ബൈക്ക് യാത്രികനെയും കുറ്റപ്പെടുത്തുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍ ചിലര്‍.  യൂടേൺ എടുക്കുമ്പോഴുള്ള സാമാന്യ മര്യാദകൾ പോലും പാലിക്കാതെ ലോറി ഡ്രൈവറെ രൂക്ഷമായി വിമര്‍ശിക്കുന്നതിന് ഒപ്പമാണ് വാഹനം വളയുന്നത് കണ്ടിട്ടും വേഗം കുറയ്ക്കാത്ത ബൈക്ക് യാത്രികന്റെ ശ്രദ്ധക്കുറവിനെ ചിലര്‍ കുറ്റപ്പെടുത്തുന്നത്. 

യൂ ടേണ്‍ എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • റോഡുകളിൽ യൂടേൺ എടുക്കുന്നതിന് മുമ്പ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക
  • യു ടേണ്‍ എടുക്കുന്നതിന് 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക
  • ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതരുത്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ തിരിയാവൂ. 
  • റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കുക
  • പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുക
  • റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന
click me!