പുകവണ്ടികളുടെ കാര്യം ഇനി കട്ടപ്പുക, പുതിയ നീക്കവുമായി കേന്ദ്രം!

By Web TeamFirst Published Jun 18, 2021, 9:05 AM IST
Highlights

അനുവദനീയമായതിനേക്കാൾ കൂടുതൽ അളവിൽ പുക പുറന്തള്ളുന്നെന്നാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതെങ്കിൽ വാഹനം പുറത്തിറക്കാൻ യോഗ്യമല്ലെന്ന് കാണിക്കുന്ന റിജക്ഷൻ സ്ലിപ് വാഹന ഉടമയ്ക്ക് നൽകും

ദില്ലി: രാജ്യത്തെ വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റുകള്‍ (പിയുസി) ഏകീകരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  പിയുസി ഡേറ്റാബേസിനെ ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നതായാണഅ റിപ്പോര്‍ട്ടുകള്‍.  

1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഭേദഗതി പ്രകാരം പിയുസി ഫോമിൽ ഒരു ക്യൂആർ കോഡ് പ്രിന്‍റ് ചെയ്‍തിരിക്കും. അതിൽ വാഹനത്തിന്‍റെയും വാഹന ഉടമയുടെയും വാഹനം പുറന്തള്ളുന്ന പുകയുടെയും എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കും. അതേസമയം വണ്ടി ഉടമയുടെ ഫോൺനമ്പർ, വിലാസം, വാഹനത്തിന്റെ എൻജിൻ നമ്പർ, ഷാസി നമ്പർ എന്നിവ രഹസ്യമായിരിക്കും. എൻജിൻ, ഷാസി നമ്പറുകളുടെ അവസാനത്തെ നാലക്കങ്ങള്‍ മാത്രമേ പരസ്യമാക്കൂ എന്നും പുതിയ വിജ്ഞാപനം വ്യക്തമാക്കുന്നു. സർട്ടിഫിക്കറ്റിലെ വിവരങ്ങളും പരിശോധനാ നിരക്കും ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസായി ലഭിക്കുന്നതിനും സംവിധാനം ഒരുക്കും. 

പുകമലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് റിജക്‌ഷൻ സ്ലിപ് നൽകാനും നീക്കമുണ്ട്. അനുവദനീയമായതിനേക്കാൾ കൂടുതൽ അളവിൽ പുക പുറന്തള്ളുന്നെന്നാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതെങ്കിൽ വാഹനം പുറത്തിറക്കാൻ യോഗ്യമല്ലെന്ന് കാണിക്കുന്ന റിജക്ഷൻ സ്ലിപ് വാഹന ഉടമയ്ക്ക് നൽകാനുമാണ് നീക്കമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  

വാഹനങ്ങൾ മലിനീകരണമാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് തോന്നിയാൽ രേഖാമൂലമോ ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചോ ഉടമയോട് ഏതെങ്കിലും അംഗീകൃത പിയുസി കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ആവശ്യപ്പെടാം. യഥാസമയം വാഹനം ഹാജരാക്കിയില്ലെങ്കിൽ വാഹന ഉടമയിൽനിന്നു പിഴ ഈടാക്കാനും നിർദേശമുണ്ട്. വാഹനം എത്തിക്കാതിരിക്കുകയോ പരിശോധനയിൽ പരാജയപ്പെടുകയോ ചെയ്‍താൽ വാഹന ഉടമ പിഴയൊടുക്കേണ്ടി വരും. അല്ലാത്തപക്ഷം സാധുതയുള്ള പി.യു.സി. സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ, പെർമിറ്റുകൾ എന്നിവ റദ്ദാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!