ഇലക്ട്രിക് ട്രക്കുകൾക്ക് 9.6 ലക്ഷം രൂപ വരെ സബ്‍സിഡി, വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

Published : Jul 12, 2025, 09:23 AM ISTUpdated : Jul 12, 2025, 09:25 AM IST
Volta Zero electric truck

Synopsis

ഇലക്ട്രിക് ട്രക്കുകൾ വാങ്ങുന്നതിന് 9.6 ലക്ഷം രൂപ വരെ സബ്സിഡി നൽകുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചു. പിഎം ഇ-ഡ്രൈവ് സംരംഭത്തിന് കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിര ചരക്ക് ഗതാഗതത്തിനും ഈ പദ്ധതി സഹായിക്കും.

രാജ്യത്തെ ചരക്ക് ഗതാഗതം വൈദ്യുതീകരിക്കുന്നതിനായി ഒരു വലിയ ചുവടുവയ്പുമായി കേന്ദ്ര സർക്കാർ. പിഎം ഇ-ഡ്രൈവ് സംരംഭത്തിന് കീഴിൽ ഇലക്ട്രിക് ട്രക്കുകൾക്കായുള്ള ആദ്യത്തെ ഉപഭോക്തൃ-മുഖ പ്രോത്സാഹന പദ്ധതി സർക്കാർ വെള്ളിയാഴ്ച ആരംഭിച്ചു. ഈ പദ്ധതിയിൽ ഒരു വാഹനത്തിന് 9.6 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്നു. കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർക്കാർ 10,900 കോടി രൂപ ചെലവഴിക്കും. രാജ്യത്തെ റോഡുകളിൽ 5,600 ഇലക്ട്രിക് ട്രക്കുകൾ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആളുകൾക്ക് ഇലക്ട്രിക് ട്രക്കുകൾ വാങ്ങുന്നതിന് വലിയ സബ്‌സിഡി ഈ പദ്ധതിക്ക് കീഴിൽ ലഭിക്കും.

തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, സ്റ്റീൽ, സിമൻറ് തുടങ്ങിയ വ്യവസായങ്ങളെ ലക്ഷ്യം വച്ചുള്ള ഈ പദ്ധതി 5,600 വരെ ഇലക്ട്രിക് ട്രക്കുകൾ സ്വീകരിക്കുന്നതിന് പിന്തുണ നൽകും. ട്രക്കുകളുടെ മൊത്തം വാഹന ഭാരത്തെ ആശ്രയിച്ച് ഈ പദ്ധതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും ഏറ്റവും ഉയർന്ന പിന്തുണ 9.6 ലക്ഷം രൂപയാണെന്നും പിടിഐയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ പദ്ധതി പ്രകാരം, N2, N3 വിഭാഗങ്ങളിലുള്ള ഇലക്ട്രിക് ട്രക്കുകൾക്ക് ആനുകൂല്യം ലഭിക്കും. എന്നാൽ N3 വിഭാഗത്തിലുള്ള പുള്ളർ ട്രക്കുകൾക്ക് അതായത് സാധനങ്ങൾ വലിക്കുന്നവയ്ക്ക് മാത്രമേ സബ്‍സിഡി ബാധകമാകൂ. ഒരു ട്രക്കിന് 9.6 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. വാങ്ങൽ വിലയിൽ നേരിട്ട് കിഴിവായി ഈ സബ്സിഡി നൽകും. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ സബ്‍സിഡി നൽകും എന്നാണ് റിപ്പോർട്ടുകൾ.

മൊത്തം വാഹനങ്ങളുടെ മൂന്ന് ശതമാനം മാത്രമാണ് ഡീസൽ ട്രക്കുകൾ. എങ്കിലും ഇവ 42 ശതമാനം വരെ മലിനീകരണത്തിന് കാരണമാകുമെന്ന് എച്ച് ഡി കുമാരസ്വാമി പറഞ്ഞു. അതിനാൽ, അവ മാറ്റിസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് അഞ്ച് വർഷം അല്ലെങ്കിൽ അഞ്ച് ലക്ഷം കിലോമീറ്റർ വാറണ്ടിയോടെ ഇലക്ട്രിക് ട്രക്കുകൾ വരുമെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമെ, സിമൻറ്, സ്റ്റീൽ, ലോജിസ്റ്റിക്സ്, തുറമുഖങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഈ പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുസ്ഥിര ചരക്ക് ഗതാഗതത്തിനും വിക്‌സിത് ഭാരത് 2047 ദർശനത്തിനുമുള്ള ഒരു മുൻനിര ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്നും കുമാരസ്വാമി പറഞ്ഞു.

ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് പഴയ ഡീസൽ ട്രക്കുകൾ ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മലിനീകരണം കുറയ്ക്കുക മാത്രമല്ല, ഗതാഗത മേഖലയിൽ പുതിയതും വൃത്തിയുള്ളതുമായ വാഹനങ്ങൾ വരും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 150 ഇ-ട്രക്കുകൾ വാങ്ങുമെന്നും തങ്ങളുടെ വാഹനങ്ങളുടെ 15 ശതമാനം ഇലക്ട്രിക് ആക്കുമെന്നും സർക്കാർ കമ്പനിയായ സെയിൽ പറഞ്ഞിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം