"ഇഴയേണ്ട, കുതിച്ചുപായൂ.." ഈ റോഡുകളിലെ വേഗപരിധി കൂട്ടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍!

Published : Mar 03, 2023, 11:16 AM IST
"ഇഴയേണ്ട, കുതിച്ചുപായൂ.." ഈ റോഡുകളിലെ വേഗപരിധി കൂട്ടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍!

Synopsis

ഇത്തരം റോഡുകളിലെ കുറഞ്ഞ വേഗപരിധി യാത്രക്കാർക്ക് വെല്ലുവിളിയാണെന്നാണ് നിതിൻ ഗഡ്‍കരി പറയുന്നത് എന്ന എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്തെ എക്‌സ്പ്രസ് വേകളിലും ദേശീയ പാതകളിലും വരും ദിവസങ്ങളിൽ വേഗപരിധി വർധിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പുതുതായി സ്ഥാപിച്ച അതിവേഗ എക്‌സ്പ്രസ് വേകളുടെയും ഹൈവേകളുടെയും ശൃംഖല നിലവിൽ നിർദ്ദേശിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ വേഗത കൈകാര്യം ചെയ്യാൻ സജ്ജമാണെന്ന് കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കി. ഇത്തരം റോഡുകളിലെ കുറഞ്ഞ വേഗപരിധി യാത്രക്കാർക്ക് വെല്ലുവിളിയാണെന്ന് നിതിൻ ഗഡ്‍കരി വ്യക്തമാക്കിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതാത് സംസ്ഥാനങ്ങളുമായി വിഷയം ചർച്ച ചെയ്‍ത് വേഗപരിധി സംബന്ധിച്ച് പുതിയ നിയമങ്ങൾ രൂപീകരിക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം എന്നതാണ് ശ്രദ്ധേയം. 

നിതിൻ ഗഡ്‍കരി അധ്യക്ഷനായ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിനാണ് (MoRTH) വേഗപരിധി നിശ്ചയിക്കാനുള്ള ചുമതല.   2018ൽ പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിലൂടെയാണ് നിലവിലെ വേഗപരിധി കേന്ദ്രം നിശ്ചയിച്ചത്. നിലവിൽ, ഇന്ത്യയിലെ ചില എക്‌സ്പ്രസ് വേകൾ കാറുകൾ പോലുള്ള ചെറുവാഹനങ്ങൾക്ക് 120 കിലോമീറ്റർ വരെ വേഗത പരിധി അനുവദിക്കുന്നുണ്ട്. ദില്ലി-മുംബൈ എക്‌സ്‌പ്രസ്‌വേ, ഈസ്റ്റേൺ, വെസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേകൾ എന്നിവ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ അനുവദിക്കുന്ന ചില സ്ഥലങ്ങളാണ്. ദേശീയ പാതകൾ ഉൾപ്പെടെ മറ്റുള്ളവയിൽ 100 ​​കിലോമീറ്ററോ അതിൽ താഴെയോ ആണ് വേഗതാ പരിധി.

വേഗവിപ്ലവത്തിന്‍റെ മോദി മാജിക്കിന് ഇനി ദിവസങ്ങള്‍ മാത്രം, ആമോദത്തില്‍ മലയാളികള്‍!

ഇന്ത്യയുടെ ബൃഹത്തായ റോഡ് ശൃംഖലയുടെ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള പ്രക്രിയയുടെ ഭാഗമാണ് വേഗത പരിധി വർധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. എന്നിരുന്നാലും, പുതിയ വേഗപരിധി നടപ്പിലാക്കാൻ കേന്ദ്രത്തിന് എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണ്. വിവിധ സംസ്ഥാനങ്ങളുടെ അതിരിലൂടെ കടന്നുപോകുന്ന എക്‌സ്പ്രസ് വേയുടെയോ ഹൈവേയുടെയോ ഭാഗത്തെ വേഗപരിധി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ അതാത് സംസ്ഥാനങ്ങൾക്കും അധികാരമുണ്ട്.

റോഡുകളുടെ തരം അടിസ്ഥാനമാക്കി പുതിയ വേഗപരിധി രൂപീകരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. ഇത് ആക്‌സസ് കൺട്രോൾ ഹൈവേകളാണോ, എട്ട് ലെയ്‌നാണോ, ആറ് ലെയ്‌നാണോ, നാല് ലെയ്‌നാണോ അല്ലെങ്കിൽ രണ്ട് ലൈൻ ഹൈവേയാണോ എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം. പുതിയ വേഗപരിധി നിശ്ചയിക്കുന്നതിന് മുമ്പ് അതാത് സംസ്ഥാനങ്ങളുമായി വിഷയം ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറാണെന്ന് ഗഡ്‍കരി പറഞ്ഞു. ഹൈവേകൾ മികച്ചതാണെന്നും എന്നാൽ വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുമായി സംസാരിക്കുമെന്നു പുതിയ വേഗപരിധി മാനദണ്ഡങ്ങൾ തയ്യാറാക്കും എന്നും അദ്ദേഹം വ്യക്തമാക്കി. 

മൈസൂരു- ബെംഗളൂരു സൂപ്പര്‍ഹൈവേ റെഡി; ടോള്‍ നിരക്കില്‍ കണ്ണുതള്ളി സോഷ്യല്‍ മീഡിയ; എന്താണ് വാസ്‍തവം?

അമിതവേഗത ഇന്ത്യൻ റോഡുകളിലെ ഏറ്റവും വലിയ കൊലയാളിയായി മാറിയ സമയത്താണ് ഗഡ്‍കരിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്. സിസിടിവികളും സ്പീഡ് ക്യാമറകളും പോലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നിട്ടും, എക്‌സ്പ്രസ് വേകളിലും ഹൈവേകളിലും യാത്രക്കാർ വേഗപരിധി ലംഘിക്കുന്നത് പലപ്പോഴും കാണാറുണ്ട്. മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2021-ൽ റോഡപകടത്തിൽ മരിച്ചവരിൽ മൂന്നിൽ രണ്ട് പേരും അമിതവേഗതയിൽ ഉൾപ്പെട്ടവരാണ്. അമിതവേഗത കാരണം 2021ൽ മൂന്ന് ലക്ഷത്തോളം റോഡപകടങ്ങൾ ഉണ്ടായതായും 1.07 ലക്ഷത്തിലധികം ആളുകൾ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2019-ൽ, കൊവിഡ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നതിന് മുമ്പുള്ള വർഷം, രാജ്യത്ത് നടന്ന 4.49 ലക്ഷം റോഡപകടങ്ങളിൽ 71 ശതമാനവും അമിതവേഗത മൂലമാണ് എന്നാണ് കണക്കുകള്‍ എന്നതും ശ്രദ്ധേയമാണ്. 

മൈസൂരു - ബംഗളൂരു സൂപ്പര്‍ റോഡ്, ഇതാ ടോള്‍ നിരക്കുകള്‍

 

PREV
Read more Articles on
click me!

Recommended Stories

ഈ വാഹന ഉടമകൾ റോഡിൽ ഇറങ്ങാൻ ഇനി പാടുപെടും! ആ പരിപാടികളൊന്നും ഇനി നടക്കില്ല, കർശന നീക്കവുമായി നിതിൻ ഗഡ്‍കരി
958 കിലോമീറ്റർ സഞ്ചരിക്കാൻ ഇത്ര മണിക്കൂർ മാത്രം; അമ്പരപ്പിക്കും സ്‍പീഡും സുരക്ഷയും! രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത് വിശേഷങ്ങൾ