തബലയും ഓടക്കുഴലുമൊക്കെ ഹോണുകളിലേക്ക്, നിരത്തുകളില്‍ സംഗീതമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍!

By Web TeamFirst Published Sep 5, 2021, 4:24 PM IST
Highlights

വാഹന ഹോണുകളില്‍ സംഗീതോപകരണങ്ങളുടെ ശബ്‍ദം സന്നിവേശിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി പുതിയ നിയമം വന്നേക്കും

ളരെ ചെറുതും എന്നാല്‍ ഒഴിച്ചു കൂടാനാവാത്തതുമായ വാഹന ഭാഗങ്ങളില്‍ ഒന്നാണ് ഹോണുകള്‍. അവയില്ലാതെ വാഹനം റോഡിലേക്ക് ഇറക്കാനുള്ള ആത്മവിശ്വാസം ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും ഉണ്ടാകില്ല.  എന്നാല്‍ നിരത്തുകളില്‍ അനാവശ്യമായി ഹോണടിച്ച് ശബ്‍ദശല്യം സൃഷ്‍ടിക്കുന്ന ഡ്രൈവ്ര‍മാരും പതിവുകാഴ്‍ചയാണ്. ഇത്തരക്കാരെക്കൊണ്ടുള്ള ശല്യവും ചെറുതല്ല. മിക്ക ഇന്ത്യൻ നഗരങ്ങളിലും ശബ്‍ദ മലിനീകരണം ഒരു മുഖ്യ പ്രശ്‍നമാണ്. അത് ജനങ്ങള്‍ക്ക് മാനസീകവും ശാരീരികവുമായ വളരെയധികം പ്രശ്‍നങ്ങൾ സൃഷ്‍ടിക്കുന്നു. ഇപ്പോള്‍ ഇതിനൊരു പരിഹാരം കാണാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇതിനായി വാഹന ഹോണുകളില്‍ സംഗീതോപകരണങ്ങളുടെ ശബ്‍ദം സന്നിവേശിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയതായി മണി കണ്ട്രോള്‍ ഉള്‍പ്പെടെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  നിലവിലെ ശബ്‍ദങ്ങള്‍ക്ക് പകരം തബലയും പുല്ലാങ്കുഴലും പോലുള്ള സംഗീതോപകരണങ്ങളുടെ ശബ്‍ദം ഉണ്ടാക്കാനുള്ള ഹോണുകള്‍ക്കായി പുതിയ നിയമങ്ങൾ നിര്‍മ്മിക്കാനാണ് നീക്കമെന്ന് നിതിൻ ഗഡ്‍കരി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്‍ദം ഉൾപ്പെടുന്ന ഹോണുകള്‍ ഉപയോഗിക്കാൻ വാഹന നിർമ്മാതാക്കൾക്ക് നിർദേശം നൽകുമെന്നും ഗഡ്‍കരി പറഞ്ഞു.

"ഞാൻ നാഗ്‍പൂരിലെ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ ഞാൻ പ്രാണായാമം ചെയ്യും. പക്ഷേ വാഹനങ്ങളുടെ തുടര്‍ച്ചയായ ഹോണടി ശബ്‍ദം പ്രഭാതത്തിന്‍റെ നിശബ്‍ദതയെ ശല്യപ്പെടുത്തുന്നു. ഇതോടെ, വാഹനങ്ങളുടെ ഹോണുകൾ എങ്ങനെ ശരിയായ രീതിയിൽ പരിഷ്‍കരിക്കാമെന്ന ചിന്ത മനസിൽ വന്നു. കാർ ഹോണുകളുടെ ശബ്‍ദം ഇന്ത്യൻ ഉപകരണങ്ങളായിരിക്കണമെന്ന് ചിന്ത അങ്ങനെ തുടങ്ങിയതാണ്. തബല, താളവാദ്യം, വയലിൻ, പുല്ലാങ്കുഴൽ, നാദസ്വരം തുടങ്ങിയ സംഗീതോപകരണങ്ങളുടെ ശബ്‍ദം ഹോണുകളില്‍ നിന്ന് കേൾക്കണം എന്നാണ് ആഗ്രഹം.." ഗഡ്‍കരി പറയുന്നു.

അക്ഷരാർത്ഥത്തിൽ ഹോണുകൾ കാതുകൾക്ക് സംഗീതമായിരിക്കണം എന്ന് അവയുടെ ശബ്ദങ്ങളിൽ അതൃപ്‍തി പ്രകടിപ്പിച്ച നിതിൻ ഗഡ്‍കിരി വ്യക്തമാക്കി. ഹോൺ ശബ്‍ദം മാറ്റാൻ വകുപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങളിൽ ചിലത് ഓട്ടോ നിർമ്മാതാക്കൾക്ക് ബാധകമാണ്. അതിനാൽ, വാഹനം നിർമ്മിക്കുമ്പോൾ, അതിന് ശരിയായ തരം ഹോൺ ഉണ്ടായിരിക്കുമെന്നും ഗഡ്‍കരി വ്യക്തമാക്കിയതായി മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം രാജ്യത്തെ നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരു ഹോണിന്റെ പരമാവധി ശബ്‍ദം 112 ഡെസിബല്‍ കവിയാൻ പാടില്ല. ഇതിലും ഉച്ചത്തിലുള്ളവ ട്രെയിൻ ഹോണുകളാണ്. ഇവ ഏകദേശം 130-150 ഡെസിബല്‍ ശബ്‍ദം പുറപ്പെടുവിക്കുന്നു എന്നാണ് കണക്കുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!