കേന്ദ്രസര്‍ക്കാറിന്‍റെ വാഹനം പൊളിക്കല്‍ നയം ആശാസ്ത്രീയം; ഗതാഗത മന്ത്രി ആന്‍റണി രാജു

By Web TeamFirst Published Aug 15, 2021, 10:39 AM IST
Highlights

മലിനീകരണമാണ് പ്രശ്നമെങ്കിൽ മലിനീകരണം കുറയുന്ന രീതിയിൽ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക്   പരിവർത്തനം ചെയ്യുവാനുള്ള നടപടികളാണ്   സ്വീകരിക്കേണ്ടത്.

തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച പൊളിക്കല്‍ നയത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് നയത്തിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. അപ്രായോഗികവും അശാസ്ത്രീയവുമായ വാഹന പൊളിക്കൽ നയമാണ് കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ മന്ത്രി ആന്‍റണി രാജു പറയുന്നു. 

മലിനീകരണമാണ് പ്രശ്നമെങ്കിൽ മലിനീകരണം കുറയുന്ന രീതിയിൽ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക്   പരിവർത്തനം ചെയ്യുവാനുള്ള നടപടികളാണ്   സ്വീകരിക്കേണ്ടത്. എന്നാൽ വൻകിട വാഹന  നിർമ്മാതാക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ കേന്ദ്ര നയം. കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും കൂടെ പരിഗണിച്ചുവേണം പഴക്കം നിർണയിക്കേണ്ടത്, സംസ്ഥാനത്തിന്‍റെ നയം വ്യക്തമാക്കി ഗതാഗത മന്ത്രി പറയുന്നു.

മന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

അപ്രായോഗികവും അശാസ്ത്രീയവുമായ വാഹന പൊളിക്കൽ നയമാണ് കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. വാണിജ്യ വാഹനങ്ങൾ 15 വർഷത്തിലധികം സർവീസ് നടത്താൻ പാടില്ല എന്ന നയം കേരളത്തിൽ അപ്രായോഗികമാണ്. മലിനീകരണമാണ് പ്രശ്നമെങ്കിൽ മലിനീകരണം കുറയുന്ന രീതിയിൽ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക്   പരിവർത്തനം ചെയ്യുവാനുള്ള നടപടികളാണ്   സ്വീകരിക്കേണ്ടത്. എന്നാൽ വൻകിട വാഹന  നിർമ്മാതാക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ കേന്ദ്ര നയം. കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും കൂടെ പരിഗണിച്ചുവേണം പഴക്കം നിർണയിക്കേണ്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകൾ പലതും  കാലപ്പഴക്കം ഉള്ളവയാണ്, അവ കുറഞ്ഞ ദൂരം മാത്രമേ ഇത്രയും കാലം കൊണ്ട് സർവീസ്  നടത്തിയിട്ടുള്ളൂ എന്നതും പരിഗണിക്കണം. സ്വകാര്യ വാഹനങ്ങൾക്ക് പരമാവധി 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. പുതിയ വാഹനം വാങ്ങുവാൻ ഭീമമായ തുക ചെലവഴിക്കാൻ സാധാരണക്കാർക്ക് കഴിയില്ല എന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം. സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം സഫലീകരിക്കാനുള്ള സാധാരണക്കാരുടെ ആഗ്രഹത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്രനയം.

പുതിയ വാഹന പൊളിക്കൽ നയം എത്രയും പെട്ടെന്ന് പുനഃപരിശോധിക്കണം. വാഹന ഉടമകൾക്ക് പുതിയ വാഹനങ്ങൾ വാങ്ങുവാൻ സാവകാശം നൽകണം.

click me!