വ്യാജവാർത്തകൾ, അപകീർത്തിപ്പെടുത്തൽ, 37 ഇൻഫ്ലുവൻസർമാർക്കെതിരെ നിയമനടപടിക്ക് ചൈനീസ് വാഹന ഭീമൻ

Published : Jun 07, 2025, 12:58 PM IST
BYD Dolphin Surf EV Launched

Synopsis

വ്യാജ വാർത്തകൾക്കും ഓൺലൈൻ കിംവദന്തികൾക്കുമെതിരെ ബിവൈഡി നിയമനടപടികൾ ആരംഭിച്ചു. 37 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ മാനനഷ്ടക്കേസും 126 പേരെ നിരീക്ഷണ പട്ടികയിലും ഉൾപ്പെടുത്തി. ബ്രസീലിൽ തൊഴിൽ നിയമ ലംഘനത്തിന് കേസും നേരിടുന്നു.

വ്യാജ വാർത്തകൾക്കും സോഷ്യൽ മീഡിയയിലെ ഉൾപ്പെടെ ഓൺലൈൻ കിംവദന്തികൾക്കുമെതിരെ നിയമനടപടികളുമായി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളും ചൈനീസ് വാഹന ഭീമനുമായ ബിവൈഡി . 37 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി കമ്പനി ഔദ്യോഗിക വീചാറ്റ് ചാനലിൽ പ്രസ്താവന ഇറക്കി. കമ്പനിയെക്കുറിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതി. ഇതോടൊപ്പം 126 ഇൻഫ്ലുവൻസർമാർക്കെതിരെക്കൂടി ബിവൈഡി നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്ന ഉള്ളടക്കം പങ്കിട്ടതായിട്ടാണ് ഇവർക്കെതിരെയുള്ള ആരോപണം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനി നിരന്തരം വ്യാജ വാർത്തകൾ നേരിടുന്നുണ്ടെന്നും ഇത് നിയമനടപടി സ്വീകരിക്കാൻ നിർബന്ധിതരാണെന്നും ബിവൈഡി ബ്രാൻഡിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജനറൽ മാനേജർ ലി യുൻഫെയ് ഒരു ചൈനീസ് മാധ്യമത്തോട് പറഞ്ഞു. മാധ്യമ വിമർശനത്തെയും പൊതു പരിശോധനയെയും തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും പക്ഷേ തെറ്റായ ആരോപണങ്ങളും അപകീർത്തിപ്പെടുത്തലും ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും നിയമനടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സംഘടിതവും ഏകോപിതവുമായ ഓൺലൈൻ ആക്രമണങ്ങൾ ആവർത്തിച്ച് നേരിട്ടിട്ടുണ്ടെന്ന് ബിവൈഡി പ്രസ്താവനയിൽ പറയുന്നു. ഈ തെറ്റായ വിവരങ്ങൾ ബ്രാൻഡ് ഇമേജിന് കേടുപാടുകൾ വരുത്തിയെന്നും വിപണി സംവിധാനത്തെ തടസപ്പെടുത്തിയെന്നും ഓട്ടോമൊബൈൽ മേഖലയെ മോശമായി ബാധിച്ചു എന്നും കമ്പനി പറയുന്നു. എങ്കിലും, ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിന്റെയോ സംഘടനയുടെയോ പങ്കിനെക്കുറിച്ച് കമ്പനി പരസ്യമായി തെളിവുകൾ നൽകിയിട്ടില്ല. തെറ്റായ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് തുടരുമെന്ന് ബിവൈഡി അറിയിച്ചു. അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതിനായി, കമ്പനി സാമ്പത്തിക പാരിതോഷികം നൽകുന്ന ഒരു പദ്ധതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്കൃ. ത്യമായ വിവരങ്ങൾ നൽകുന്നവർക്ക് പ്രതിഫലം നൽകാനാണ് നീക്കം.

അതേസമയം ബ്രസീലിൽ ബിവൈഡി മറ്റൊരു വലിയ പ്രശ്‍നം നേരിടുന്നു. ഒരു മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ബ്രസീലിലെ ഒരു സംസ്ഥാനത്തെ പബ്ലിക് ലേബർ പ്രോസിക്യൂട്ടർ ഓഫീസ് (MPT) മനുഷ്യാവകാശങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ചതിന് ബിവൈഡിയ്ക്കും അവരുടെ രണ്ട് കരാറുകാർക്കുമെതിരെ അടുത്തിടെ കേസ് ഫയൽ ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. അജ്ഞാത പരാതിയെത്തുടർന്ന് കമ്പനിയുടെ പ്ലാന്റിൽ അന്വേഷണം ആരംഭിച്ചതിനെത്തുടർന്നാണ് 220 ചൈനീസ് തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്നാണ് ബ്രസീലിലെ പബ്ലിക് ലേബർ പ്രോസിക്യൂട്ടർ ഓഫീസ് പറയുന്നത്. ബിവൈഡി പ്ലാന്റിലെ ജീവനക്കാർക്ക് നല്ല ജീവിത സൗകര്യങ്ങൾ നൽകുന്നില്ലെന്ന് എംപിടിയുടെ പ്രസ്താവനയിൽ പറയുന്നു. തൊഴിലാളികൾ വളരെ മോശം സാഹചര്യങ്ങളിലാണ് ജീവിച്ചിരുന്നതെന്നും അടിസ്ഥാന ശുചിത്വമോ സുഖസൗകര്യങ്ങളോ ഇല്ലായിരുന്നുവെന്നും അധികൃതർ റിപ്പോർട്ട് ചെയ്‍തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം