കൊവിഡ് 19; ആ വാഹനം ഉടന്‍ ഇന്ത്യയിലേക്ക് ഇല്ല

By Web TeamFirst Published Apr 10, 2020, 4:47 PM IST
Highlights

എന്നാല്‍ സിട്രോൺ ഉടനെ ഇന്ത്യയിലേക്ക് എത്തില്ലെന്നാണ് പുതിയ റിപ്പോർട്ട്

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് എസ്‌യുവി ഇന്ത്യന്‍ വിപണയിലിറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ വര്‍ഷം സെപ്‍റ്റംബറില്‍ വാഹനത്തെ ഇന്ത്യന്‍ നിരത്തില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ നീക്കം. 

എന്നാല്‍ സിട്രോൺ ഉടനെ ഇന്ത്യയിലേക്ക് എത്തില്ലെന്നാണ് പുതിയ റിപ്പോർട്ട്. സെപ്റ്റംബറില്‍ ഇന്ത്യയിലെത്താനിരുന്ന സിട്രോൺ വരവ് 2021-ലേക്ക് നീട്ടി. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് ഈ തീരുമാനം. ആദ്യത്തെ അഞ്ചു വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഓരോ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ആദ്യ വാഹനം ഇന്ത്യയിൽ എത്തിക്കാനുള്ള പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആദ്യം സിട്രോണിന്റെ സി5 എയര്‍ക്രോസ് എന്ന എസ്‌യുവിയാണ് ഇന്ത്യയിലെത്തിക്കാനിരുന്നത്. ഈ വാഹനം ഇന്ത്യയില്‍ പരീക്ഷണ ഓട്ടം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളില്‍ മാത്രമായിരിക്കും ഈ വാഹനം ലഭ്യമാകുകയെന്നും കേരളത്തില്‍ കൊച്ചിയുള്‍പ്പെടെ ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലായിരിക്കും തുടക്കത്തില്‍ ഷോറൂമുകള്‍ ഉണ്ടാവുകയെന്നും തമിഴ്‌നാട്ടിലെ തിരുവെള്ളൂരിലെ പ്ലാന്റിലാണ് സി5 എയര്‍ക്രോസ് അസംബ്ലിള്‍ ചെയ്യുക എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ നിരത്തില്‍ വാഹനത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതുച്ചേരിയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.

വാഹനത്തിന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുത്തുവിട്ടിട്ടില്ല. എന്നാല്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തുള്ള ആകര്‍ഷണം. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷനെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്‌, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് തുടങ്ങിയവയിലാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

click me!