റണ്‍വെ നവീകരണം; കൊച്ചി വിമാനത്താവളത്തില്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

By Web TeamFirst Published Jun 14, 2019, 6:10 PM IST
Highlights

നവംബര്‍ 20 മുതല്‍ നാലുമാസത്തേയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ റണ്‍വെയുടെ റീ-കാര്‍പ്പറ്റിങ് പ്രവര്‍ത്തനം നവംബറില്‍ തുടങ്ങും. പത്തുവര്‍ഷം കൂടുമ്പോള്‍ ചെയ്തിരിക്കേണ്ട റണ്‍വെ നവീകരണ ജോലികള്‍ തുടങ്ങുന്നതിനാല്‍ നവംബര്‍ 20 മുതല്‍ നാലുമാസത്തേയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ കാലയളവിലെ പകല്‍ സമയ സര്‍വീസുകള്‍ രാത്രിയിലേയ്ക്ക് മാറ്റും.

1999-ലാണ് കൊച്ചി വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്.  2009-ല്‍ ആദ്യ റണ്‍വെ റീ-കാര്‍പ്പറ്റിങ് നടന്നു. 2019-ല്‍ രണ്ടാം റീ-കാര്‍പ്പറ്റിങ് തുടങ്ങണം. 2019 നവമ്പര്‍ 20 മുതല്‍ 2020 മാര്‍ച്ച്-28 വരെയുള്ള കാലയളവിലാണ് ഈ ജോലികള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെയാകും നിര്‍മാണ പ്രവര്‍ത്തനം നടക്കുക.

3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വെയില്‍ ഓരോഭാഗത്തും റീടാറിങ് നടത്തും. ടാറിങ് നടത്തിയ സ്ഥലം മണിക്കൂറുകളില്‍ക്കുള്ളില്‍ ലാന്‍ഡിങ്ങിന് സജ്ജമാക്കുകയും വേണം. നിലവില്‍ കാറ്റഗറി-വണ്‍ റണ്‍വെ ലൈറ്റിങ് സംവിധാനമാണ് സിയാലിനുള്ളത്. ഇത് കാറ്റഗറി-ത്രീയിലേയ്ക്ക് ഉയര്‍ത്തും. റണ്‍വെയില്‍ 30 മീറ്റര്‍ അകലത്തിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത് 15 മീറ്ററാക്കും. 

1500-ല്‍ അധികം പുതിയ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനവും നടത്തേണ്ടതുണ്ട്.  രാവിലെ പത്തുമുതല്‍ വൈകീട്ട് ആറ് വരെ വിമാന ടേക്ഓഫ്/ലാന്‍ഡിങ് പ്രക്രിയ നടത്താനാകില്ല. ഈ സമയത്തുള്ള എല്ലാ സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനക്രമീകരിക്കാന്‍ എയര്‍ലൈനുകളോട് സിയാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം സിയാല്‍, എയര്‍ലൈനുകള്‍ക്ക് മുന്‍കുറായി നല്‍കിയിട്ടുള്ളത്.

151 കോടി രൂപയാണ് റണ്‍വെ-റീകാര്‍പ്പറ്റിങ് ജോലികള്‍ക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. പ്രതിദിനം ശരാശരി 240 ടേക് ഓഫ്/ ലാന്‍ഡിങ് കൊച്ചി വിമാനത്താവളത്തില്‍ നടക്കുന്നുണ്ട്. രാജ്യാന്തര സര്‍വീസുകളില്‍ ഭൂരിഭാഗവും നിലവില്‍ തന്നെ വൈകീട്ട് അറ് മുതല്‍ രാവിലെ 10 വരെയാണ്. 35 ആഭ്യന്തര സര്‍വീസുകള്‍ പുതിയ സമയക്രമത്തിലേയ്ക്ക് മാറേണ്ടിവരും.

click me!