KSRTC ഡ്രൈവർക്ക് ഒരു വർഷം നല്ലനടപ്പ് വിധിച്ച് പെരിന്തൽമണ്ണ കോടതി! അപടകരമായ ഡ്രൈവിങ് കുറ്റം, മാറ്റം അറിയിക്കണം

Published : Sep 15, 2023, 08:12 PM IST
KSRTC ഡ്രൈവർക്ക് ഒരു വർഷം നല്ലനടപ്പ് വിധിച്ച് പെരിന്തൽമണ്ണ കോടതി! അപടകരമായ ഡ്രൈവിങ് കുറ്റം, മാറ്റം അറിയിക്കണം

Synopsis

അശ്രദ്ധയോടെ  വാഹനമോടിച്ച് 30 യാത്രക്കാർക്ക് പരിക്കേൽക്കുകയും അപകടമുണ്ടാക്കുകയും ചെയ്തതിന് കെഎസ്ആർടിസി ബസ് ഡ്രൈവറെ നല്ല നടപ്പിനയച്ച് കോടതി

മലപ്പുറം: അശ്രദ്ധയോടെ  വാഹനമോടിച്ച് 30 യാത്രക്കാർക്ക് പരിക്കേൽക്കുകയും അപകടമുണ്ടാക്കുകയും ചെയ്തതിന് കെഎസ്ആർടിസി ബസ് ഡ്രൈവറെ നല്ല നടപ്പിനയച്ച് കോടതി. പെരിന്തൽമണ്ണ കോടതിയാണ് നല്ല നടപ്പ് പഠിക്കാനായി  ഡ്രൈവറെ ഒരു വർഷത്തെ പ്രൊബേഷന് അയച്ചത്. ജയിലിലേക്ക് അയക്കുന്നതിന് പകരം ഇന്ത്യൻ ശിക്ഷാനിയമം 279, 337, 338 വകുപ്പുകൾ  പ്രകാരം  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് യഹ്‌യ ടി.കെ. ആണ് നല്ല നടപ്പ് പഠിക്കാൻ വിധിച്ചത്. തിങ്കളാഴ്ച്ച പുറപ്പെടുവിച്ച വിധിയിൽ, കൊയിലാണ്ടി ഊരലൂർ സ്വദേശിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർ സുനിലാണ് കുറ്റക്കാരൻ.  

ബസ് അമിതവേഗതയിൽ ഓടിച്ചതിനും പുനർപ്പയിലെ എസ് വളവിൽ ടാങ്കർ ലോറിയിൽ ഇടിച്ചതിനുമാണ് നടപടി. യാത്രക്കാരിൽ ചിലർ മുന്നറിയിപ്പ് നൽകിയിട്ടും അമിത വേഗത്തിലും അശ്രദ്ധമായും ഇയാൾ വണ്ടിയോടിച്ചുവെന്ന് കോടതി കണ്ടെത്തി. 2013 നവംബർ 12ന് പുലർച്ചെ മലപ്പുറത്തിനും പെരിന്തൽമണ്ണയ്ക്കും ഇടയിലായിരുന്നു അപകടം.  അമിതവേഗതയ്‌ക്കെതിരെ ചില യാത്രക്കാർ നൽകിയ മുന്നറിയിപ്പ് സുനിൽ കാര്യമാക്കിയില്ല. കേസിൽ പല സാക്ഷികളും കൂറുമാറിയെങ്കിലും, അപകടത്തിൽ പരിക്കേറ്റ് മൂന്ന് പല്ലുകൾ നഷ്ടമായ സ്ത്രീ പ്രോസിക്യൂഷനൊപ്പം ഉറച്ചുനിന്നതാണ് കേസിൽ നിർണായകമായത്.

പ്രൊബേഷൻ ശിക്ഷയുടെ ഭാഗമായി, സുനിൽ സർവീസ് നടത്തുന്ന ബസിൽ കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസറുടെ നമ്പർ  യാത്രക്കാർ കാണുന്ന തരത്തിൽ പ്രദർശിപ്പിച്ചിരിക്കണമെന്ന് വിധിയിൽ പറയുന്നു. 'അശ്രദ്ധമായോ അമിത വേഗത്തിലോ വാഹനമോടിച്ചാൽ, ഈ നമ്പറിൽ പ്രൊബേഷൻ ഓഫീസറെ ബന്ധപ്പെടുക' എന്നതായിരിക്കണം ബോർഡിലെ ഉള്ളടക്കം. എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ (ഐഡിടിആർ) മലപ്പുറം ജില്ലാ പ്രൊബേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ നടക്കുന്ന ഡ്രൈവിങ് പരിശീലന പരിപാടിയിൽ സുനിൽ ഒരു ദിവസമെങ്കിലും പങ്കെടുക്കണം. ഈ കാലയളവിൽ സുനിൽ കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസറുടെ നിരീക്ഷണത്തിലായിരിക്കും, മൂന്ന് മാസം കൂടുമ്പോൾ കോടതിയിൽ ഹാജരാകണമെന്നും വിധിയിൽ പറയുന്നു. 

Read more: വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നോ? സുപ്രധാന നീക്കവുമായി കേരള സർക്കാർ!

ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്ന സാമ്പത്തിക ബാധ്യതകളും കുടുംബ സാഹചര്യവും പരിഗണിച്ചായിരുന്നു കോടതിയുടെ വിധി. പ്രതിയെ ഒറ്റയടിക്ക് ജയിലിലേക്ക് അയച്ചാൽ അയാളുടെ ജോലിയെ മാത്രമല്ല, അവന്റെ കുടുംബത്തെയും മൊത്തമായി ബാധിക്കുമെന്നും ജഡ്ജി വിധിന്യായത്തിൽ പറയുന്നു. ദൽബീർ സിംഗ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ഹരിയാനയടക്കമുള്ള ഏഴ് കേസുകളിലെ സുപ്രീംകോടതി ഉത്തരവും മജിസ്ട്രേറ്റ് വിധിയിൽ ഉദ്ധരിച്ചു. പതിവ് അപകടക്കേസിലെ മാതൃകാപരമായ വിധിയാണ് ഇതെന്ന് മലപ്പുറം ജില്ലാ പ്രൊബേഷൻ ഓഫീസർ സമീർ മച്ചിങ്ങിൽ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ഏത് ശിക്ഷാവിധിയുടെയും ലക്ഷ്യം കുറ്റവാളിയെ നവീകരിക്കുക എന്നതാണ്. ജയിൽ ശിക്ഷയോ പിഴയോ വിധിച്ചാൽ മാത്രം ഉദ്ദേശിച്ച ഫലം ലഭിക്കില്ല. കുറ്റവാളിയെ രണ്ട് വർഷത്തെ തടവിന് അയക്കുന്നതിന് പകരം ഈ വർഷം നീണ്ടുനിൽക്കുന്ന പ്രൊബേഷൻ സമൂഹത്തിന് വലിയൊരു സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?