ഇന്ത്യയ്ക്ക് സഹായ ഹസ്‍തവുമായി വീണ്ടും ഫോര്‍ഡ്

By Web TeamFirst Published May 1, 2021, 12:07 PM IST
Highlights

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ സഹായ ഹസ്‍തവുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ സഹായ ഹസ്‍തവുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് വീണ്ടും രംഗത്ത്. ഇതിനായി 1.48 കോടി രൂപയുടെ ധനസഹായം കമ്പനി വാഗ്‍ദാനം ചെയ്‍തതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം 50 ലക്ഷം സര്‍ജിക്കന്‍ മാസ്‌കുകളും ഒരു ലക്ഷം എന്‍95 മാസ്‌കുകളും, 50,000 ഗൗണുകളും കമ്പനി ഇന്ത്യയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഇന്ത്യയ്ക്കൊപ്പം ബ്രസീലിനും കമ്പനി ധനസഹായം വാഗ്‍ദാനം ചെയ്‍തതായും കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും മറ്റുമായി ഈ പണം നല്‍കാനാണ് നീക്കമെന്നും കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നായിരിക്കും സഹായം നല്‍കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ വര്‍ഷം ഒന്നാം ഘട്ട കോവിഡ് വ്യാപന സമയത്തും സഹായവുമായി ഫോര്‍ഡ് മുന്നിട്ടിറങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി മറ്റു പല വാഹന നിര്‍മ്മാതാക്കളെയും എന്ന പോലെ ഫോര്‍ഡ് ഇന്ത്യയുടെ പ്ലാന്‍റുകളില്‍ ഫേസ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ് എന്നിവ നിര്‍മിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതു കൂടാതെ രാജ്യാന്തരതലത്തിൽ കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു ദശലക്ഷം ഡോളര്‍ സമാഹരിക്കാനും കമ്പനി ആ സമയം ശ്രമിച്ചിരുന്നു. ഒപ്പം ഉപഭോക്താക്കള്‍ക്ക് സൗജന്യ സര്‍വീസ്, വാറന്‍റി, എക്സറ്റൻഡഡ്‌ വാറന്റി കാലവധികളും പല തവണയായി നീട്ടി നല്‍കിയിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!