രാജ്യത്തെ വാഹനക്കച്ചവടം വീണ്ടും നഷ്‍ടത്തിലെന്ന് കേന്ദ്ര മന്ത്രി

By Web TeamFirst Published Mar 18, 2020, 9:27 AM IST
Highlights

രാജ്യസഭാംഗം ആര്‍. വൈദ്യലിംഗത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

രാജ്യത്ത് വാണിജ്യ- സ്വകാര്യ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്. ഈ വര്‍ഷം ജനുവരിയില്‍ 20,19,253 വാഹനങ്ങളാണ് രാജ്യത്ത് മൊത്തം വിറ്റതെന്നും കഴിഞ്ഞ വര്‍ഷം ജനുവരിയെക്കാള്‍ 2.79 ലക്ഷം കുറവാണിതെന്നും കേന്ദ്ര ഘനവ്യവസായ മന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. 

2020 ജനുവരിയില്‍ വാണിജ്യവാഹനങ്ങളില്‍ 14.04 ശതമാനവും യാത്രാവാഹനങ്ങളില്‍ 6.20 ശതമാനവും ഉല്‍പ്പെടെ മൊത്തം 20.24 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ വാഹനവിപണിയിലെ ഇടിവ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കമാസം 23.1 ശതമാനമായിരുന്നു. ഓഗസ്റ്റില്‍ ഇത് 70.3 ശതമാനമായി ഉയര്‍ന്നു.

വാഹനവിപണിയില്‍ വായ്പാ ലഭ്യത കുറഞ്ഞതും സുപ്രീംകോടതി ഉത്തരവിന്റെയടിസ്ഥാനത്തില്‍ ദീര്‍ഘകാല തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കേണ്ടിവരുന്നതും വില്‍പ്പനയെ ബാധിച്ചതായി മന്ത്രി മറുപടിയില്‍ പറഞ്ഞു. വ്യാപാരികളുടെ വായ്പാ ഈട് 25 ശതമാനത്തില്‍നിന്ന് 60 ശതമാനമായി ഉയര്‍ത്തിയതും വാഹനവിപണിയെ പ്രതികൂലമായി ബാധിച്ചതായി മന്ത്രി വ്യക്തമാക്കി. രാജ്യസഭാംഗം ആര്‍. വൈദ്യലിംഗത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ഡിസംബറില്‍ വാഹനവിപണിയില്‍ അല്പം ഉണര്‍വുണ്ടായിരുന്നു. ഇതാണ് ജനുവരി മുതല്‍ വീണ്ടും പഴയ നിലയിലേക്ക് മാറുന്നത്. അതേസമയം 2020 ഫെബ്രുവരി മാസം 19.08 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍. സൊസൈറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചറേഴ്‌സ്‌ (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ മൊത്തം വാഹന വില്‍പ്പന 16,46,332 യൂണിറ്റായിരുന്നു. 2019 ഫെബ്രുവരിയില്‍ ഇത് 20,34,597 യൂണിറ്റായിരുന്ന സ്ഥാനത്താണ് ഇത്.

കാര്‍ വില്‍പ്പന കഴിഞ്ഞ മാസം 8.77 ശതമാനം ഇടിഞ്ഞ് 1,56,285 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍  1,71,307 യൂണിറ്റായിരുന്നു. ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന ഫെബ്രുവരിയില്‍ 7.61 ശതമാനം താഴ്ന്ന് 2,51,516 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 2,72,243 യൂണിറ്റായിരുന്നു.

click me!