എണ്ണമറിയാത്തത്രയും വണ്ടികള്‍ സ്വന്തം, പക്ഷേ വന്നിറങ്ങിയത് വാടക വണ്ടിയില്‍, മാസാണ് റെണാൾഡോ!

By Web TeamFirst Published Sep 9, 2021, 3:16 PM IST
Highlights

കോടികള്‍ വിലയുള്ള നിരവധി കാറുകള്‍ സ്വന്തമായുള്ള അദ്ദേഹം മാഞ്ചസ്റ്ററിലേക്ക് ഓടിച്ചുവന്ന ഈ കാര്‍ വാടകയ്ക്ക് എടുത്ത വാഹനം ആയിരുന്നുവത്രെ!

നീണ്ട പന്ത്രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ മടങ്ങിയെത്തിയിരിക്കുന്നത്. പ്രിയ താരത്തിന്‍റെ ആദ്യ മത്സരം കാണാനായി കാത്തിരിക്കുകയാണ്​ ലോകമെമ്പാടുമുള്ള ആരാധകർ. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു വാഹനത്തിന് ഒപ്പമുള്ള സൂപ്പര്‍താരത്തിന്‍റെ ചിത്രം. ലംബോർഗിനിയുടെ സൂപ്പർ എസ്​യുവിയായ ഉറൂസിലാണ്​ ക്രിസ്റ്റ്യാനോ ഓള്‍ഡ് ട്രഫോഡിന്റെ മണ്ണിലുള്ള മാഞ്ചസ്​റ്ററി​ന്‍റെ ട്രെയിനിങ്​ ബേസിലേക്കെത്തിയത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു​. കാത്തുനിന്ന ഫോട്ടോഗ്രാഫർമാർക്കുനേരേ കൈവീശിയശേഷം അദ്ദേഹം ഉള്ളിലേക്ക്​ പോയെങ്കിലും അദ്ദേഹം ഓടിച്ചെത്തിയ സില്‍വര്‍ നിറത്തിലുള്ള വണ്ടിയാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാവിഷയം. കാരണം എന്തെന്നല്ലേ? കോടികള്‍ വിലയുള്ള നിരവധി കാറുകള്‍ സ്വന്തമായുള്ള അദ്ദേഹം മാഞ്ചസ്റ്ററിലേക്ക് ഓടിച്ചുവന്ന ഈ കാര്‍ വാടകയ്ക്കെടുത്ത വാഹനം ആയിരുന്നുവത്രെ! അതെന്താണ് അദ്ദേഹം അങ്ങനെ ചെയ്‍തതെന്ന് ഇപ്പോള്‍ പലരും ചിന്തിക്കുന്നുണ്ടാകും. അതിലേക്ക് വഴിയേ വരാം.

റൊണാള്‍ഡോയുടെ വാഹനപ്രേമം
അറിയപ്പെടുന്ന സൂപ്പർ കാർ ആരാധകനാണ്​ ക്രിസ്റ്റ്യനോ റെണാൾഡോ.  അതിസമ്പന്നനായ ഈ പോർച്ചുഗൽ താരം എല്ലാവർഷവും നിരവധി കാറുകൾ വാങ്ങാറുണ്ട്​. ലോകത്ത്​ ഇറങ്ങിയിട്ടുള്ള ഒട്ടുമിക്ക സൂപ്പർ, ഹൈപ്പർ കാറുകൾ റൊണാൾഡോയുടെ ഗാരേജിലുണ്ട്​.  ബുഗാട്ടി ഷിറോൺ ​പോലുള്ള ലോകത്തെ ഏറ്റവും വേഗമേറിയ ഹൈപ്പർ കാറുകളുടെ ഉടമയാണ്​ ഇദ്ദേഹം. റോൾസ് റോയ്​സ്​, ഫെരാരി മോൻസ, മെഴ്​സിഡസ് ജി-വാഗൺ ഒന്നിലധികം ബുഗാട്ടികൾ, ബെൻറ്​ലെ ബെൻറയ്​ഗ, ഓഡി ക്യു 8, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്​സ്​, ബിഎംഡബ്ല്യു എക്​സ്​ 7, മസെരട്ടി ലെവന്‍റെ, റോൾസ് റോയ്​സ്​ കള്ളിനൻ തുടങ്ങി വിപുലമായ വാഹനശേഖരം റൊണാൾഡോക്ക്​ ഉണ്ട്​. മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തിൽ താങ്കൾക്ക്​ എത്ര കാറുകൾ ഉണ്ട്​ എന്ന ചോദ്യത്തിന്​ കൃത്യമായി അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉത്തരം. 

അങ്ങനെയുള്ള റൊണാള്‍ഡോ മാഞ്ചസ്റ്ററിലേക്ക് മടങ്ങിവന്നത് 160,000 പൗണ്ട് വിലയുള്ള ഒരു 2018 മോഡല്‍ ഉറൂസിലായിരുന്നു എന്നതാണ് കൌതുകം. ഈ വാഹനം അദ്ദേഹത്തിന്‍റെ സ്വന്തമല്ലെന്നാണ്​ സൂചന. റൊണാൾഡോ ഈയിടെ മാഞ്ചസ്റ്ററിൽ എത്തിയതിനാൽ വാഹനങ്ങൾ ഒന്നും ഒപ്പം കൊണ്ടുവന്നിട്ടി​ല്ല എന്നാണ്​ അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ പറയുന്നത്​. തൽക്കാലത്തേക്ക്​ സഞ്ചരിക്കായി വാടകയ്ക്ക്​ എടുത്തതാണ്​​ ഈ ഉറൂസ് എന്നാണ് റിപ്പോര്‍ട്ടുകള്‍​. 

ഉറൂസ് എന്ന കാളക്കൂറ്റന്‍
300 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സൂപ്പർ എസ്‌യുവിയാണ് ലംബോർഗിനി ഉറൂസ്. കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്ത രണ്ടാം എസ്‌യുവിയാണ് ഉറൂസ്.  2018 ജനുവരിയിലാണ് ഉറുസ് അവതരിപ്പിച്ചത്. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‍യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി.

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്. ഫോക്‌സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്‌യുവിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 

അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസിന് സ്വന്തമായിരുന്നു. 2019-ല്‍ ലോകത്താകമാനം ഉറുസിന്റെ 4962 യൂണിറ്റാണ് വിറ്റഴിച്ചത്. ഇതില്‍ 50 യൂണിറ്റ് ഇന്ത്യയില്‍ വിറ്റഴിച്ചവയാണ്. ആ വര്‍ഷം ലംബോര്‍ഗിനിയുടെ ആകെ വില്‍പ്പന 8205 ആയിരുന്നു. 2018 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ആദ്യ ബാച്ച് ലംബോര്‍ഗിനി ഉറുസ് ഡെലിവറി ചെയ്യാന്‍ ആരംഭിച്ചത്. 

പുതിയ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ
പന്ത്രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ മടങ്ങിയെത്തിയിരിക്കുന്നത്. രണ്ടാംവരവിൽ ആദ്യം കോച്ച് ഒലേ സോൾഷെയറുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. യുണൈറ്റഡിൽ റൊണാൾഡോയുടെ സഹതാരമായിരുന്ന സോൾഷെയർ ഇപ്പോഴത്തെ താരങ്ങളെ പരിചയപ്പെടുത്തി. തുടർന്നാണ് സിആ‍ർ7 യുണൈറ്റഡ് താരങ്ങൾക്കൊപ്പം പരിശീലനം തുടങ്ങിയത്. 

ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്‍റെ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രാൻസ്‌ഫർ ജാലകം അടയ്‌ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ യുണൈറ്റഡുമായി കരാറില്‍ എത്തുകയായിരുന്നു. യുണൈറ്റഡുമായി രണ്ട് വർഷത്തേക്കാണ് റോണോയുടെ കരാർ. ഏഴാം നമ്പർ കുപ്പായത്തിൽ യുണൈറ്റഡിന്റെ പ്രതാപം വീണ്ടെടുക്കാനിറങ്ങുന്ന റൊണാൾഡോ ആദ്യ ഊഴത്തിൽ ക്ലബിനായി 292 കളിയിൽ 118 ഗോൾ നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോയുടെ ജേഴ്‌സി നമ്പര്‍ സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നെങ്കിലും വിദഗ്ധമായി ഇതിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറികടന്നിരുന്നു. പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ സിആര്‍7ന് വെല്ലുവിളിയായേക്കുമെന്നായിരുന്നു ആശങ്ക. എന്നാല്‍ എഡിസണ്‍ കവാനി 21-ാം നമ്പറിലേക്ക് മാറുന്നതോടെ ഒഴിവ് വരുന്ന ഏഴാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റ്യാനോയ്‌ക്ക് യുണൈറ്റഡ് നല്‍കുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!