കാറിന്‍റെ ഡോര്‍ പെട്ടെന്ന് തുറന്നു, തട്ടിവീണ സൈക്കിള്‍ യാത്രികനുമേല്‍ ബസ് കയറിയിറങ്ങി

By Web TeamFirst Published Jul 10, 2019, 12:09 PM IST
Highlights

പെട്ടെന്ന് കാറിന്‍റെ വാതിൽ തുറന്നു ഡ്രൈവർ റോഡിലേക്കിറങ്ങി. മൊബൈലിൽ സംസാരിച്ചുകൊണ്ടായിരുന്നു ഡ്രൈവര്‍ ഡോര്‍ തുറന്നത്. അപ്രതീക്ഷിതമായി തുറന്ന ഡോറിൽ സൈക്കിൾ തട്ടി റോഡിലേക്കു വീണ ഷാജിയുടെ ശരീരത്തിനു മുകളിലൂടെ ബസ് കയറിയിറങ്ങി

ആലപ്പുഴ: റോഡില്‍ പെട്ടെന്ന് നിര്‍ത്തി കാറിന്‍റെ ഡോര്‍ അശ്രദ്ധമായി തുറന്ന ഡ്രൈവര്‍ നഷ്‍ടമാക്കിയത് സൈക്കിള്‍ യാത്രികന്‍റെ ജീവന്‍. കാറിന്‍റെ ഡോറില്‍ തട്ടി റോഡിലേക്ക് വീണ സൈക്കിൾ യാത്രികന്‍റെ മേലെ ബസ് കയറിയിറങ്ങുകയായിരുന്നു.  ആലപ്പുഴ കലവൂരിലാണ് സംഭവം.  മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രീതികുളങ്ങര പറപ്പള്ളി വീട്ടിൽ ഷാജി (61)യുടെ ജീവനാണ് കാര്‍ ഡ്രൈവറുടെ അശ്രദ്ധമൂലം ദാരുണമായി പൊലിഞ്ഞത്. 

കഴിഞ്ഞ ദിവസം ഉച്ചയോടെ കലവൂർ ജംഗ്ഷ‍നു വടക്ക് മാരാരിക്കുളം സബ് റജിസ്ട്രാർ ഓഫീസിനു മുന്നിലായിരുന്നു അപകടം. കലവൂരിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്കു പോവുകയായിരുന്നു കലവൂർ എക്സൽ ഗ്ലാസ് ഫാക്ടറിയിലെ തൊഴിലാളിയായ ഷാജി. റോഡിന്റെ ഇടതുവശത്തുകൂടി പോകുകയായിരുന്നു ഷാജി സഞ്ചരിച്ചിരുന്ന സൈക്കിള്‍. ഇതിനിടെ പിന്നാലെ വന്ന കാർ മുന്നില്‍ നിര്‍ത്തി. 

തുടര്‍ന്ന് പെട്ടെന്ന് കാറിന്‍റെ വാതിൽ തുറന്നു ഡ്രൈവർ റോഡിലേക്കിറങ്ങി. മൊബൈലിൽ സംസാരിച്ചുകൊണ്ടായിരുന്നു ഡ്രൈവര്‍ ഡോര്‍ തുറന്നത്. അപ്രതീക്ഷിതമായി തുറന്ന ഡോറിൽ സൈക്കിൾ തട്ടി റോഡിലേക്കു വീണ ഷാജിയുടെ ശരീരത്തിനു മുകളിലൂടെ എറണാകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. ഇദ്ദേഹം തല്‍ക്ഷണം മരിച്ചെന്നും കാർ ഡ്രൈവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

കാറിന്‍റെ ഡോര്‍ തുറക്കും മുമ്പും ഒരു നിമിഷം ശ്രദ്ധിക്കൂ...
നിങ്ങള്‍ ഡോര്‍ തുറക്കുമ്പോള്‍ പിന്നോട്ട് നോക്കാറുണ്ടോ? മിക്കപ്പോഴും നമ്മള്‍ അത് മറന്നു പോകുകയാണ് പതിവ്. എന്നാല്‍ ഇത് അപകടങ്ങള്‍ വിളിച്ച് വരുത്തുകയാണ്. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്.

ദിനംപ്രതി ഏകദേശം നൂറോളം വാഹനാപകടങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. 

അതിനാല്‍ വാഹനം പാതയോരത്തു നിര്‍ത്തിയാല്‍ റോഡിലേക്കുള്ള ഡോര്‍ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കില്‍ ഇടതു കൈ ഉപയോഗിച്ച് ഡോര്‍ പതിയെ തുറക്കുക. അപ്പോള്‍ പൂര്‍ണമായും ഡോര്‍ റോഡിലേക്ക് തുറക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകര്‍ത്തെറിയുന്നത് നിരപരാധിയായ ഒരു മനുഷ്യന്‍റെ ജീവിതമാകും. അനേകരുടെ അത്താണിയാവും.

click me!