ഇതുവരെ നിരത്തിലെത്തിയത് ഒരുലക്ഷം ഭാരത് ബെന്‍സ് ട്രക്കുകള്‍

By Web TeamFirst Published May 3, 2020, 3:20 PM IST
Highlights

ഇന്ത്യയില്‍ ഇതുവരെ ഒരു ലക്ഷം യൂണിറ്റ് ട്രക്കുകള്‍ വിറ്റതായി ഭാരത് ബെന്‍സ് ട്രക്ക് നിര്‍മ്മാതാക്കളായ ഡൈമ്‍ലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് (ഡിഐസിവി) അറിയിച്ചു.  

ഇന്ത്യയില്‍ ഇതുവരെ ഒരു ലക്ഷം യൂണിറ്റ് ട്രക്കുകള്‍ വിറ്റതായി ഭാരത് ബെന്‍സ് ട്രക്ക് നിര്‍മ്മാതാക്കളായ ഡൈമ്‍ലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് (ഡിഐസിവി) അറിയിച്ചു.  

ഡൈമ്‍ലറിന്റെ ഇന്ത്യയിലെ വാണിജ്യ വാഹന ഉപകമ്പനി 2012 ലാണ് ഭാരത് ബെന്‍സ് ട്രക്കുകള്‍ നിര്‍മിച്ചുതുടങ്ങിയത്. എട്ട് വര്‍ഷമെടുത്താണ് ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് താണ്ടിയത്. മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകള്‍ ഇതില്‍ ഉള്‍പ്പെടും.  

ട്രക്കുകള്‍ കൂടാതെ ഡിഐസിവി ഇന്ത്യയില്‍ ഇതുവരെ 4,500 ലധികം ഭാരത് ബെന്‍സ് ബസുകളും വില്‍പ്പന നടത്തി. 2015 ലാണ് ഭാരത് ബെന്‍സ് ബസുകള്‍ നിര്‍മിച്ചു തുടങ്ങിയത്. 

ഇന്ത്യയില്‍ നിന്നും ഉള്ള വാഹന കയറ്റുമതിയിലും ഈ വര്‍ഷം വലിയ നേട്ടം കൈവരിച്ചതായി കമ്പനി അറിയിച്ചു. 2012 മുതല്‍ ഇതുവരെയായി മുപ്പതിനായിരത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ഡൈമ്‍ലറിന് കയറ്റുമതി ചെയ്യാന്‍ സാധിച്ചു. ഭാരത് ബെന്‍സ്, മെഴ്‌സേഡസ് ബെന്‍സ്, ഫ്രേയ്റ്റ്‌ലൈനര്‍, ഫുസോ എന്നീ ബ്രാന്‍ഡുകളിലായി അമ്പതിലധികം വിപണികളിലേക്കാണ് ഇത്രയും വാഹനങ്ങള്‍ കയറ്റി അയച്ചത്. ഡൈമ്‍ലര്‍ ട്രക്ക്‌സിന്റെ മറ്റ് പ്ലാന്റുകളിലേക്ക് 2014 മുതല്‍ 130 ദശലക്ഷം പാര്‍ട്ടുകള്‍ കയറ്റുമതി ചെയ്തു.

ഇന്ത്യയ്ക്കുവേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഭാരത് ബെന്‍സ് ട്രക്കുകളെന്ന് വിപണന വില്‍പ്പന വിഭാഗം വൈസ് പ്രസിഡന്റ് രാജാറാം കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇന്ത്യയിലെ ഉപയോക്താക്കള്‍ ഡൈമ് ലറിന്റെ ഗുണനിലവാരത്തെ എത്രത്തോളം വിലമതിക്കുന്നു എന്നതിന് തെളിവാണ് ഇത്രവേഗം ഒരു ലക്ഷം യൂണിറ്റ് ട്രക്ക് വില്‍പ്പനയെന്ന് അദ്ദേഹം വ്യക്തമാക്കി. 

click me!