Cheapest EV charger : യൂണിറ്റിന് രണ്ടുരൂപ, ഇന്ത്യയിലെ ഏറ്റവും ചെലവുകുറഞ്ഞ 'കറന്‍റടി പമ്പുകള്‍' ഇവിടെ!

Web Desk   | Asianet News
Published : Mar 16, 2022, 07:53 PM IST
Cheapest EV charger : യൂണിറ്റിന് രണ്ടുരൂപ, ഇന്ത്യയിലെ ഏറ്റവും ചെലവുകുറഞ്ഞ 'കറന്‍റടി പമ്പുകള്‍' ഇവിടെ!

Synopsis

യൂണിറ്റിന് വെറും രണ്ടുരൂപ നിരക്കിലാണ് ഈ ഇവി ചാർജിംഗ് സ്റ്റേഷനുകൾ വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യതലസ്ഥാനമായ ദില്ലിയെ (Delhi) പലപ്പോഴും രാജ്യത്തിന്‍റെ ഇവി (ഇലക്‌ട്രിക് വെഹിക്കിൾ) തലസ്ഥാനം എന്നും വിളിക്കാറുണ്ട്. ഇപ്പോഴിതാ ഈ വിളിപ്പേര് അന്വര്‍ത്ഥമാക്കുന്ന നീക്കങ്ങളാണ് ദില്ലി സര്‍ക്കാര്‍ വീണ്ടും നടത്തുന്നത്. ജൂൺ 27-നകം ദില്ലിയില്‍ 100 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ദില്ലി വൈദ്യുതി മന്ത്രി സത്യേന്ദർ ജെയിൻ പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂണിറ്റിന് രണ്ടുരൂപ നിരക്കിലാണ് ഈ ഇവി ചാർജിംഗ് സ്റ്റേഷനുകൾ വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദില്ലി, ഇവി ലോകത്തേക്കുള്ള മുന്നേറ്റത്തിന് നേതൃത്വം നൽകുന്നു എന്നും ഇത്തരം വാഹനങ്ങൾ എത്രയും വേഗം ജനകീയമാക്കുന്നതിന് തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് ഇവിടുത്തെ എഎപി സർക്കാർ അവകാശപ്പെടുന്നത്. വിപണിയിൽ ലഭ്യമാകുന്ന ഇലക്ട്രിക്ക് മോഡലുകളുടെ സാധ്യതകള്‍ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ നഗരത്തിലുടനീളമുള്ള ചാർജിംഗ് പോയിന്റുകളുടെ എണ്ണം ഗണ്യമായി ഉയരുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നും ദില്ലി വൈദ്യുതി മന്ത്രി പറയുന്നു. 

"ചാർജിംഗ് ചെലവ് താങ്ങാനാവുന്നതാണെങ്കിൽ, അത് ഒരു വലിയ നേട്ടമായിരിക്കും. 2022 ജൂൺ 27-നകം ദില്ലി സർക്കാർ 100 ഇവി-ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ സ്‍മാർട്ട് ചാർജിംഗ് സ്റ്റേഷനുകൾക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ സർവീസ് ചാർജുകൾ ഉണ്ടായിരിക്കും. അതായത് യൂണിറ്റിന് വെറും രണ്ട് രൂപ.." ജെയിൻ അടുത്തിടെ ഒരു വാര്‍ത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിക്ക് പിന്നീട് 900 ഇവി ചാര്‍ജ്ജിംഗ് പോയിന്റുകൾ കൂടി ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലി സർക്കാരിന്റെ മൊത്തത്തിലുള്ള ലക്ഷ്യം 2025-ഓടെ ഇവിടെയുള്ള വാഹന വിൽപ്പനയുടെ 25 ശതമാനം എങ്കിലും ഇലക്ട്രിക്ക് മോഡലുകൾ സ്വന്തമാക്കുക എന്നതാണ്. 2020 ഓഗസ്റ്റിൽ ദില്ലി സര്‍ക്കാര്‍ പുറത്തിറക്കിയ ഇവി പോളിസിയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. റോഡ് നികുതിയിൽ നിന്ന് ഇലക്ട്രിക്ക് മോഡലുകളെ പൂർണ്ണമായും ഒഴിവാക്കിയ ആദ്യ സംസ്ഥാനവും ദില്ലിയാണ്. ഒപ്പം ഇത്തരം വാഹനങ്ങള്‍ക്കുള്ള രജിസ്ട്രേഷൻ ഫീസും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

കൂടുതൽ താങ്ങാനാവുന്ന ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക്ക് വാഹന വിപ്ലവത്തെ ശക്തിപ്പെടുത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സൗകര്യപ്രദമായ സ്ഥലങ്ങളിലെ ചാർജിംഗ് സൗകര്യങ്ങളും വളരെയധികം സഹായിക്കും എന്നും അടുത്ത റൗണ്ട് ഇവി ചാർജിംഗ് സ്റ്റേഷനുകൾക്കായി ഏകദേശം 12 ലേലക്കാർ മുന്നോട്ട് വന്നിട്ടുണ്ടെന്നും ദില്ലി വൈദ്യുതി മന്ത്രി  സത്യേന്ദർ ജെയിൻ സ്ഥിരീകരിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

"ടെൻഡറുകൾ അവസാനിപ്പിച്ചു, ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന 100 പ്രധാന സ്ഥലങ്ങൾ കണ്ടെത്തി, ഇതിൽ 71 എണ്ണം മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിക്കും.. " ജെയിൻ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സ്റ്റേഷനുകൾ പിപിപി മാതൃകയിൽ (പൊതു-സ്വകാര്യ പങ്കാളിത്തം) നിലവില്‍ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത്, കമ്പനിയുടെ ഭാഗത്തുനിന്ന് ഉപകരണങ്ങളും മനുഷ്യശക്തിയും ഉപയോഗിച്ച് നിർമ്മിക്കും. അതേസമയം ഭൂമി, ക്യാബ്‌ലൈൻ, ട്രാൻസ്‍മിഷൻ ഇൻഫ്രാസ്ട്രക്ചർ എന്നിവ സർക്കാരിന്റെ ഉത്തരവാദിത്തം ആയിരിക്കും.

നടപടികള്‍ ലഘൂകരിക്കുന്നു
സംസ്ഥാനത്ത് ഇലക്ട്രിക് ഓട്ടോകൾ വാങ്ങുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി ദില്ലി സർക്കാർ അടുത്തിടെ ഒരു വെബ് പോർട്ടൽ ആരംഭിച്ചിരുന്നു. ഇലക്ട്രിക് ഓട്ടോകൾ വാങ്ങുന്നവർക്ക് 25,000 രൂപ വരെ ആനുകൂല്യങ്ങൾ നേടാനാകുമെന്നും സർക്കാർ പ്രസ്‍താവനയിൽ അറിയിച്ചതായി  ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ലിഥിയം അയൺ അധിഷ്‌ഠിത ഇ-റിക്ഷകൾ, ഇ-കാർട്ടുകൾ, ഇലക്ട്രിക് ലൈറ്റ് ഗുഡ്‌സ് വാഹനങ്ങൾ എന്നിവയ്‌ക്കും ഈ സൗകര്യം ഉടൻ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന ശക്തിപ്പെടുത്തുന്നതിനായി ഒരു സമർപ്പിത ഇവി സെൽ സ്ഥാപിക്കാനും ദില്ലി സർക്കാർ പദ്ധതിയിടുന്നുണ്ട്. സർക്കാരിന്‍റെ ഇവി നയം അനുസരിച്ചാണ് ഇവി സെൽ നിർബന്ധമാക്കിയിരിക്കുന്നത്. ഇവി പോളിസി വേഗത്തിലാക്കുക എന്നതാണ് ഈ സെല്ലിന്റെ പ്രധാന ദൗത്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.  നിലവിൽ ദില്ലിയിലെ വാഹന വിൽപ്പനയുടെ 10 ശതമാനവും ഇവികളുടെ സംഭാവനയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം