Latest Videos

പിഴയടക്കാന്‍ കാശില്ലേല്‍ നോ ടെന്‍ഷന്‍, കാര്‍ഡായാലും മതിയെന്ന് പൊലീസ്!

By Web TeamFirst Published Jul 25, 2020, 10:58 AM IST
Highlights

വാഹന പരിശോധനയ്‍ക്കിടെ പിടികൂടുമ്പോള്‍ അടയ്‍ക്കാന്‍ കയ്യില്‍ പണം ഇല്ലെങ്കിലും ഇനി ടെന്‍ഷനടിക്കേണ്ട.  

തിരുവനന്തപുരം: റോഡുകളിലെ നിയമലംഘനത്തിന് പൊലീസിന്‍റെ പിടി വീഴാത്തവര്‍ അപൂര്‍വ്വമായിരിക്കും. വാഹന പരിശോധനയ്‍ക്കിടെ അധികൃതര്‍  പിടി കൂടുമ്പോള്‍ കയ്യില്‍ പണം ഇല്ലെങ്കിലും ഇനി ടെന്‍ഷനടിക്കേണ്ട.  സംസ്ഥാനത്ത് ഗതാഗതനിയമലംഘനത്തിനുള്ള പിഴ ഇനിമുതല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ചും അടയ്ക്കാം. ഇതിനായി സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലേക്കും പി.ഒ.എസ്. യന്ത്രങ്ങള്‍ നല്‍കും എന്നാണ് റിപ്പോര്‍ട്ട്.

ഗതാഗത നിയമലംഘനത്തിനു പിഴയായി വര്‍ഷം 75 കോടിയോളം രൂപയാണ് സര്‍ക്കാരിലേക്ക് എത്തുന്നത്. ഇതില്‍ 20 ശതമാനത്തോളവും പിഴ അടയ്‍ക്കാതെ മുങ്ങുകയാണ് പതിവ്. ഇവയില്‍ ഭൂരിഭാഗം മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന വാഹനങ്ങളാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പുതിയ സംവിധാനം വരുന്നതോടെ ഈ പ്രശ്‍നത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് അധികൃരുടെ കണക്കുകൂട്ടല്‍.

ഇതിനായി ആദ്യഘട്ടത്തില്‍ ഫെഡറല്‍ബാങ്ക് 600 പിഒഎസ് യന്ത്രങ്ങള്‍ നല്‍കും. ഇവ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് സിറ്റി പൊലീസിനു കൈമാറും. രണ്ടാം ഘട്ടത്തില്‍ മറ്റു ജില്ലകളിലേക്കായി 400 യന്ത്രങ്ങള്‍കൂടി നല്‍കും. വാഹനം പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ പക്കല്‍ യന്ത്രമുണ്ടാകും. ഇതുപയോഗിച്ച് ഡ്രൈവര്‍മാര്‍ക്ക് പിഴ അടയ്‍ക്കാം.  വാടക ഒഴിവാക്കിയാണ് ഫെഡറല്‍ബാങ്ക് ഈ യന്ത്രങ്ങല്‍ നല്‍കുന്നത്. 

അതേസമയം സംസ്ഥാനത്തെ വാഹന പരിശോധന ഡിജിറ്റലാക്കുന്നതായി കഴിഞ്ഞ മാസം തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹന പരിശോധനയ്ക്കാവശ്യമായ പ്രത്യേക ഡിജിറ്റല്‍ ഉപകരണം സംസ്ഥാനത്ത് എത്തിച്ചെന്നാണ് വിവരം. ആദ്യ ഘട്ടത്തില്‍ കൊച്ചിയിലാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുക. ഡിജിറ്റൽ വാഹന പരിശോധന വൈകാതെ തന്നെ മറ്റു ജില്ലകളിലും ആരംഭിക്കും. 

കേന്ദ്രീകൃതമായ മോട്ടോർ വാഹന വകുപ്പ് സംവിധാനം വരുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ വാഹന പരിശോധന.  പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് വഴി കുറ്റകൃത്യങ്ങള്‍ കുറയുമെന്നാണ് വിലയിരുത്തല്‍.  മോട്ടോർ വാഹനവകുപ്പിന്റെ പരിവാഹൻ എന്ന വെബ്‌സെറ്റ് മുഖേനയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ഇതിലൂടെ പിഴത്തുക ഓരോ സംസ്ഥാനത്തെയും പ്രത്യേകമായി അടക്കേണ്ടി വരില്ല. പ്രത്യേക പിഴത്തുക ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഉദ്യോഗസ്ഥരുടെ കൈവശമുള്ള പ്രത്യേക ഡിജിറ്റല്‍ ഡിവൈസിലൂടെ വാഹനങ്ങളുടെ വിവരങ്ങള്‍ അറിയാം. വാഹനത്തിന്റെ ഇന്‍ഷുറന്‍സ്, ടാക്സ്, ഫിറ്റ്നെസ്, അമിതവേഗം തുടങ്ങിയ എല്ലാ വിവരങ്ങളും ഡിവൈസിൽ തെളിയും. ഇനി നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ അതിനുള്ള പിഴത്തുക ഡിവൈസില്‍ത്തന്നെ രേഖപ്പെടുത്തും. ഇത് പിന്നീട് വാഹന ഉടമയ്ക്ക് നോട്ടീസായി ലഭിക്കുമെന്നാണ് വിവരം. ഡ്രൈവിംഗ് ലൈസൻസിലെ ക്രമക്കേടുകളും യന്ത്രം കണ്ടെത്തും. നേരത്തെ ഡ്രൈവറോ വാഹനമോ കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അറിയാം.

ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇതരസംസ്ഥാന വാഹനങ്ങൾക്കെതിരെയും ഡ്രൈവർമാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കാൻ നിലവിലുണ്ടായിരുന്ന ചില തടസ്സങ്ങൾ ഇതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. ഈ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി ഫലപ്രദമായ, സമഗ്രമായ ഒരു ട്രാഫിക് എൻഫോഴ്സ്മെൻറ് സംവിധാനമാണ് ഇചലാൻ എന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. സംസ്ഥാനത്ത് കൊച്ചിക്ക് പിന്നാലെ അധികം വൈകാതെ തന്നെ ഇത് 14 ജില്ലകളിലേക്കും വ്യാപിപ്പിക്കും എന്നാണ് സൂചന.


 

click me!