വഴി മുടക്കി, ടിപ്പർ ഡ്രൈവർക്ക് ശുചീകരണ ശിക്ഷ വിധിച്ച് കലക്ടര്‍

By Web TeamFirst Published Oct 3, 2019, 9:56 AM IST
Highlights

നിരവധി തവണ ഹോണടിച്ചിട്ടും ടിപ്പർ വഴി കൊടുത്തില്ല. ഒടുവില്‍ കലക്ടറുടെ വാഹനം  ഒരുവിധം ടിപ്പറിനെ മറികടന്നു നിര്‍ത്തി.

തൃശൂർ: ജില്ലാ കലക്ടറുടെ വാഹനത്തിനടക്കം വഴി കൊടുക്കാതെ ടിപ്പർ ലോറി ഓടിച്ച യുവഡ്രൈവര്‍ക്ക് ശുചീകരണ ശിക്ഷ. കഴിഞ്ഞ ദിവസം തൃശൂരിലാണ് സംഭവം. ചേറ്റുപുഴ മുതൽ മനക്കൊടി വരെ കലക്ടറുടെ വാഹനത്തിനടക്കം ഏഴോളം വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെയാണ് ഇരുപത്തിമൂന്നുകാരന്‍ ടിപ്പറോടിച്ചത്. 

മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി പോകുകയായിരുന്നു കലക്ടർ. നിരവധി തവണ ഹോണടിച്ചിട്ടും ടിപ്പർ വഴി കൊടുത്തില്ല. പിന്നാലെ  മറ്റു വാഹനങ്ങളും ഹോണ്‍മുഴക്കിയെങ്കിലും സൈഡൊതുക്കാന്‍ ടിപ്പര്‍ ഡ്രൈവര്‍ തയ്യാറായില്ല.  ഒടുവില്‍ കലക്ടറുടെ വാഹനം  ഒരുവിധം ടിപ്പറിനെ മറികടന്നു നിര്‍ത്തി. തുടര്‍ന്ന കലക്ടര്‍ തന്നെ ഡ്രൈവറെ വിളിച്ചിറക്കി സംസാരിക്കുകയായിരുന്നു. 

വഴി കൊടുക്കാത്തതിനു കാരണമായി അമ്മ ആശുപത്രിയിലാണെന്നാണ് യുവാവ് പറഞ്ഞത്. അങ്ങനെയെങ്കിൽ വേഗം പോകാനല്ലേ ശ്രമിക്കേണ്ടതെന്ന് കലക്ടർ ചോദിച്ചു. ഒടുവില്‍  ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണത്തിൽ പങ്കാളിയാകാൻ യുവാവിനോട് കലക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.  ലൈസൻസ് സസ്പെൻഡ് ചെയ്യാവുന്ന കുറ്റമാണെങ്കിലും പ്രായം പരിഗണിച്ചാണു ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണത്തിൽ പങ്കാളിയാവാൻ നിർദേശിച്ചത്. എന്തായാലും തെറ്റു തിരിച്ചറിഞ്ഞ യുവ ഡ്രൈവര്‍ ഇന്നലെ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!