Latest Videos

"ആരോടും ഇങ്ങനൊന്നും ചെയ്യരുത്.."കഴുതയെക്കൊണ്ട് പുത്തന്‍ വണ്ടി കെട്ടിവലിച്ച് ഉടമയുടെ പ്രതികാരം!

By Web TeamFirst Published Aug 22, 2021, 11:20 PM IST
Highlights

യാതൊരു മുന്നറിയിപ്പുമില്ലാതെ വാഹനം നടുറോഡില്‍ നിന്നുപോകുക പതിവ്. ഇതുകാരണം വീട്ടില്‍ ഉള്ളതിനേക്കാൾ കൂടുതൽ സമയം ഡീലർഷിപ്പുകളിലാണ്​ താന്‍ ചിലവഴിച്ചതെന്നും ഉടമ

പുതുതായി വാങ്ങിയ വാഹനം തുടർച്ചയായി തകരാറായി എന്നാരോപിച്ച് വേറിട്ട പ്രതിഷേധവുമായി ഉടമ. വാഹനം കഴുതയെക്കൊണ്ട് കെട്ടി വലിപ്പിച്ച് ഷോറൂമില്‍ എത്തിച്ചായിരുന്നു പ്രതിഷേധം. രാജസ്ഥാനിലെ ജയ്‍പൂരിലാണ് വിചിത്ര സംഭവം അരങ്ങേറിയതെന്ന് കാര്‍ ബ്ലോഗ് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡിന്‍റെ​ എൻഡവർ എസ്‍യുവി ഉടമ അർജുൻ മീണയാണ്​ വാഹനം കഴുതയെക്കൊണ്ട്​ കെട്ടിവലിച്ച്​ പ്രതിഷേധിച്ചത്​. ജയ്‍പൂരിലെ ഫോർഡ്​ ഡീലർഷിപ്പിലേക്കാണ്​ ആഘോഷമായി വാഹനം കെട്ടിവലിച്ച് എത്തിച്ചത്​.  വാഹനത്തിന്‍റെ ഗിയർബോക്​സ്​ തകരാറിന് എതിരെയായിരുന്നു ഉടമയുടെ ഈ വേറിട്ട പ്രതിഷേധം. 

2016ലാണ് താൻ ആദ്യമായി എൻഡവർ വാങ്ങിയതെന്നും ഇതിനുശേഷം നിരവധി പ്രശ്​നങ്ങൾ നേരിട്ടെന്നും അർജുൻ മീണ പറയുന്നതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് 2020ല്‍ മറ്റൊരു എന്‍ഡവര്‍ പുതിയതായി വാങ്ങി. എന്നാല്‍ തുടക്കംമുതൽ വാഹനത്തിന്‍റെ  ഗിയർബോക്​സ്​ തകരാറിലായിരുന്നെന്നും ഇദ്ദേഹം പറയുന്നതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ വാഹനം നടുറോഡില്‍ നിന്നുപോകുക പതിവാണെന്നും ഇതുകാരണം വീട്ടില്‍ ഉള്ളതിനേക്കാൾ കൂടുതൽ സമയം ഡീലർഷിപ്പുകളിലാണ്​ താന്‍ ചിലവഴിച്ചതെന്നും അർജുൻ പറയുന്നു.  

അതേസമയം പ്രശ്​നങ്ങളിൽ ഫോർഡ്​ ഡീലർഷിപ്പ് സഹായിച്ചില്ലെന്നും എല്ലാം ശരിയായെന്ന്​ പറഞ്ഞ്​ വാഹനം തിരികെ നൽകുകയാണ്​ പതിവെന്നും എന്നാൽ കുറച്ചുദിവസങ്ങൾക്കുശേഷം വീണ്ടും അതേ പ്രശ്​നം ആരംഭിക്കുമെന്നും അദ്ദേഹം ആരോപിക്കുന്നു.  

വരുന്ന ഏഴു ദിവസവും കഴുതയെക്കൊണ്ട്​ വാഹനം കെട്ടിവലിപ്പിച്ച്​ ഷോറുമിലെത്തിക്കുമെന്നും അവസാന ദിവസം ഡീലർഷിപ്പി​ന്‍റെ മുന്നിലിട്ട്​ വാഹനം കത്തിക്കുമെന്നും അർജുൻ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ ഫോര്‍ഡ് ഡീലർഷിപ്പ്​ അധികൃതർ തയ്യാറായിട്ടില്ല. കാർ കഴുതയെക്കൊണ്ട്​ കെട്ടിവലിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഒരു വാഹനത്തിന്റെ അസംതൃപ്‍തനായ ഉടമ ശ്രദ്ധ ആകർഷിക്കുന്നതിനും നീതി ലഭിക്കുന്നതിനുമായി ഇത്തരമൊരു പ്രതിഷേധം നടത്തുന്നത് ഇന്ത്യയില്‍ ഇത് ആദ്യമല്ല. മുമ്പ്, ഒരു എം‌ജി മോട്ടോഴ്‍സ്, സ്കോഡ, ജാഗ്വാർ ഉടമ, ടൊയോട്ട ലാൻഡ് ക്രൂസർ തുടങ്ങി വിവിധ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള വിവിധ ഉടമകൾ സമാനമായ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. 

ഗുണനിലവാരത്തിന്റെയും പ്രകടനത്തിന്റെയും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിന്ന് തുടർച്ചയായി പരാജയപ്പെടുന്ന ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നേരത്തെ ഉണ്ട്. വികസിത രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ സാധാരണമാണ്. അത്തരം നിയമങ്ങൾ അനുസരിച്ച്, ഏതെങ്കിലും വാഹനങ്ങളില്‍ നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയാ ഉടൻ മാറ്റിസ്ഥാപിക്കണം. അല്ലെങ്കിൽ നഷ്‍ടപരിഹാരം ഉപഭോക്താവിന് നൽകണം. ഈ നിയമം ഇന്ത്യയിലും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകല്‍ ഉണ്ടായിരുന്നു.

ഫോര്‍ഡ് എവറസ്റ്റിനെ അടിസ്ഥാനമാക്കിയാണ് എന്‍ഡവറിനെ ഫോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് വാഹനത്തിന്‍റെ മൂന്നാംതലമുറയുടെ പരിഷ്‍കരിച്ച പതിപ്പിനെ ഫോര്‍ഡ് ഇന്ത്യ അവതരിപ്പിച്ചത്.  2020 ഫെബ്രുവരിയില്‍ പുതിയ മോഡല്‍ ബിഎസ്6 ഫോര്‍ഡ് എന്‍ഡവറിനെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിഭാഗത്തിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടെ ചില പുതിയ സവിശേഷതകളോടെയാണ് പുതിയ എൻ‌ഡവര്‍ വരുന്നത്.  ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ ഇക്കോബ്ലൂ എന്‍ജിന്‍ ആണ് പുതിയ വാഹനത്തിന്‍റെ ഹൃദയം. ഫോര്‍ഡിന്റെ ഏറ്റവും പുതിയ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എസ്‌യുവിയില്‍ സ്റ്റാന്‍ഡേഡായി നല്‍കിയിട്ടുണ്ട്.   ഏകദേശം 33.80 ലക്ഷം രൂപ മുതല്‍ 36.25 ലക്ഷം രൂപ വരെയാണ് ഫോര്‍ഡ് എന്‍ഡവറിന്‍റെ ദില്ലി എക്‌സ് ഷോറൂം വില.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!