
ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി എർട്ടിഗയ്ക്ക് ഏറെ ജനപ്രിയമായ മോഡലാണ്. ഒരു ബജറ്റ് ഫ്രണ്ട്‍ലി ഫാമിലി കാർ എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്. നിങ്ങൾക്ക് ഈ കാർ വാങ്ങണം എന്ന് മോഹമുണ്ടോ? എന്നാൽ നിങ്ങളുടെ പക്കൽ ആവശ്യത്തിന് പണമില്ലെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല. ഒരുലക്ഷം രൂപ മാത്രം ഡൗൺ പേയ്‌മെൻ്റ് നൽകി നിങ്ങൾക്ക് എർട്ടിഗ വാങ്ങാം. ഇഎംഐയിൽ ഈ കാർ എങ്ങനെ വാങ്ങാം എന്ന് അറിയാം.
10.78 ലക്ഷം രൂപയാണ് മാരുതി സുസുക്കി എർട്ടിഗ സിഎൻജിയുടെ എക്‌സ്‌ഷോറൂം വില. നിങ്ങൾ ഈ കാർ തിരുവനന്തപുരത്തു നിന്നും വാങ്ങുകയാണെങ്കിൽ, ഈ വാഹനത്തിന് ആർടിഒ ഫീയായ 1,61,700രൂപയും ഇൻഷുറൻസ് തുകയായ 51,316 രൂപയും നൽകണം. ഇതിന് പുറമെ 10,780 രൂപ അധിക ചാർജും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ എർട്ടിഗ സിഎൻജിയുടെ മൊത്തം ഓൺറോഡ് വില ഏകദേശം 13 ലക്ഷം രൂപയ്ക്ക് മേലെ വരും.
ഇഎംഐ ഇത്ര
ഓൺറോഡ് വിലയായ 13 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ ഡൗൺ പേയ്‌മെൻ്റ് നൽകിയാൽ, അതനുസരിച്ച് നിങ്ങൾ 12 ലക്ഷം രൂപയോളം കാർ ലോൺ എടുക്കേണ്ടിവരും. ഇത്തരത്തിൽ, നിങ്ങൾ 10 ശതമാനം വാർഷിക പലിശ നിരക്കിൽ എല്ലാ മാസവും 19,671 രൂപ വീതം 60 തവണകൾ അഥവാ അഞ്ച് വർഷത്തേക്ക് അടയ്‌ക്കേണ്ടിവരും. ശ്രദ്ധിക്കുക പലിശ നിരക്കും ഡൗൺ പേമെന്‍റും ലോൺ കാലാവധിയുമൊക്കെ നിങ്ങളുടെ ക്രെഡിറ്റ് സ്‍കോറിനും നിങ്ങൾ തിരിഞ്ഞെടുക്കുന്ന ബാങ്കുകൾക്കും അനുസരിച്ച് വ്യത്യാസപെട്ടാം. ഒരു ലോൺ എടുക്കുന്നതിന് മുമ്പ് നിങ്ങൾ ബാങ്കിന്‍റെ നിയമങ്ങളും മറ്റും കൃത്യമായി വായിച്ച് മനസിലാക്കുക.
മാരുതി സുസുക്കി എർട്ടിഗയുടെ മൈലേജും ഫീച്ചറുകളും
എർട്ടിഗയുടെ സിഎൻജി വകഭേദം ഒരു കിലോയ്ക്ക് ഏകദേശം 26.11 കിലോമീറ്റർ മൈലേജ് നൽകുന്നു. കാറിൻ്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, അതിൻ്റെ എഞ്ചിൻ 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വരുന്നത്. മാരുതി സുസുക്കി എർട്ടിഗയുടെ ഫീച്ചറുകളെക്കുറിച്ച് പറയുമ്പോൾ, ഈ കാർ വിപണിയിലെ ഏറ്റവും മികച്ച എംപിവികളിലൊന്നായി കണക്കാക്കപ്പെടുന്നു. 1462 സിസി പെട്രോൾ എൻജിനാണ് ഈ 7 സീറ്റർ കാറിലുള്ളത്. ഈ എഞ്ചിൻ പരമാവധി 101.64 bhp കരുത്തിൽ 136.8 Nm പരമാവധി ടോർക്ക് സൃഷ്ടിക്കുന്നു. മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനും ഇതിന് ലഭിക്കുന്നു. ലിറ്ററിന് 20.51 കിലോമീറ്റർ മൈലേജും ഈ കാർ നൽകുമെന്ന് കമ്പനി പറയുന്നു. പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, ഓട്ടോ എയർ കണ്ടീഷൻ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ കാണാം.
ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് എർട്ടിഗയ്ക്ക് ലഭിക്കുന്നത്. വോയ്‌സ് കമാൻഡും കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയും പിന്തുണയ്‌ക്കുന്ന സുസുക്കിയുടെ സ്മാർട്ട്‌പ്ലേ പ്രോ സാങ്കേതികവിദ്യ ഇതിലുണ്ട്. കണക്റ്റഡ് കാർ ഫീച്ചറുകളിൽ വെഹിക്കിൾ ട്രാക്കിംഗ്, ടൗ എവേ അലേർട്ടും ട്രാക്കിംഗും, ജിയോ-ഫെൻസിംഗ്, ഓവർ-സ്പീഡിംഗ് അലേർട്ട്, റിമോട്ട് ഫംഗ്ഷൻ എന്നിവ ഉൾപ്പെടുന്നു. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയാണ് ഇതിനുള്ളത്.
ഇന്ത്യയിൽ ടൊയോട്ട ഇന്നോവ, മാരുതി XL6, കിയ കാരൻസ്, മഹീന്ദ്ര മരാസോ, ടൊയോട്ട റൂമിയോൺ, റെനോ ട്രൈബർ തുടങ്ങിയ മോഡലുകളോടാണ് മാരുതി സുസുക്കി എർട്ടിഗ മത്സരിക്കുന്നത്. ഒപ്പം ഏഴ് സീറ്റർ വിഭാഗത്തിൽ ഇത് മഹീന്ദ്രയുടെ സ്കോർപിയോ, ബൊലേറോ തുടങ്ങിയ മോഡലുകൾക്കും കടുത്ത വെല്ലുവിളി ഉയർത്തുന്നു.