"ദേ ചേച്ചീ പിന്നേം.." നികുതിവെട്ടിപ്പ് റവന്യൂ ഇന്‍റലിജൻസ് പിടിച്ചു, ചൈനീസ് കാര്‍ കമ്പനി വീണ്ടും കുടുങ്ങി!

Published : Aug 03, 2023, 09:56 AM IST
"ദേ ചേച്ചീ പിന്നേം.." നികുതിവെട്ടിപ്പ് റവന്യൂ ഇന്‍റലിജൻസ് പിടിച്ചു, ചൈനീസ് കാര്‍ കമ്പനി വീണ്ടും കുടുങ്ങി!

Synopsis

ഇന്ത്യയില്‍ ഇറക്കുമതി ചെയ്‍ത അസംബിൾ ചെയ്യുന്ന വാഹന ഭാഗങ്ങൾക്ക് വളരെ കുറച്ച് നികുതി നൽകിയെന്ന്  ഇന്ത്യൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കണ്ടെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡി ഇന്ത്യയില്‍ വിൽക്കുന്ന കാറുകൾക്ക് നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപണം. ഇന്ത്യയില്‍ ഇറക്കുമതി ചെയ്‍ത അസംബിൾ ചെയ്യുന്ന വാഹന ഭാഗങ്ങൾക്ക് വളരെ കുറച്ച് നികുതി നൽകിയെന്ന്  ഇന്ത്യൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കണ്ടെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി 730 ദശലക്ഷം രൂപ (9 ദശലക്ഷം ഡോളർ) നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഡിആർഐ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഡിആർഐയുടെ പ്രാഥമിക കണ്ടെത്തലുകളെത്തുടർന്ന് ബിവൈഡി ഈ തുക അടച്ചിട്ടുണ്ടെങ്കിലും, അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ നികുതി ചാർജുകളും പിഴകളും ഉണ്ടായേക്കാമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  അതേസമയം ഡിആര്‍ഐ ഇതുവരെ ബി‌വൈ‌ഡിക്ക് അന്തിമ അറിയിപ്പ് നൽകിയിട്ടില്ല. ബിവൈഡി ഇതിനകം തന്നെ തങ്ങളുടെ ഇലക്ട്രിക് കാറുകളായ അറ്റോ 3, ഇ6 എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.  2023-ൽ സീൽ ഇലക്ട്രിക് സെഡാൻ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നു.  നിലവിൽ കമ്പനി സികെഡി (കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ) വഴിയാണ് ഇവികൾ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെന്നൈയ്ക്ക് സമീപമുള്ള ശ്രീപെരുമ്പത്തൂരിലെ പ്ലാന്റിൽ അവ കൂട്ടിച്ചേർക്കുകയും ചെയ്യുന്നത്.

"8199 കോടിയും നിങ്ങളുടെ പ്ലാന്‍റും ഇവിടെ വേണ്ട.."കേന്ദ്രം ഉറച്ചുതന്നെ, ചൈനീസ് കമ്പനി വിയര്‍ക്കുന്നു!

ഇന്ത്യ പൂർണമായും നിർമ്മിച്ച ഇലക്ട്രിക് കാറുകൾക്ക് വാഹനത്തിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി 70 ശതമാനം അല്ലെങ്കിൽ 100 ശതമാനം നികുതി ചുമത്തുന്നു, എന്നാൽ ഇവികളിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന ഇറക്കുമതി ചെയ്‍ത കാർ ഭാഗങ്ങൾക്ക് 15 ശതമാനം അല്ലെങ്കിൽ 35 ശതമാനം വീതം നികുതി ഈടാക്കുന്നു. എന്നിരുന്നാലും, വാഹനത്തിന്റെ ചേസിസിൽ ഘടിപ്പിക്കാതെ ബാറ്ററി പാക്കുകളോ മോട്ടോറുകളോ പോലുള്ള ഭാഗങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ മാത്രമേ ഈ കുറഞ്ഞ നിരക്കുകൾ ബാധകമാകൂ. ഈ വ്യവസ്ഥകൾ ബിവൈഡി പാലിച്ചില്ലെന്നും കാറിന്റെ മൂല്യത്തെ ആശ്രയിച്ച് 70 ശതമാനം അല്ലെങ്കിൽ 100 ശതമാനം ഉയർന്ന നികുതി നിരക്കുകൾ കമ്പനി അടച്ചില്ലെന്നും റവന്യൂ ഇന്‍റലിജൻസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതി വെട്ടിപ്പ് ആരോപിക്കപ്പെട്ടതിന്റെ കൃത്യമായ കാലയളവും ബാധിച്ച കാറുകളുടെ എണ്ണവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

നിലവിൽ വിൽപ്പനയിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് ബിവൈഡി. അതേസമയം ഇന്ത്യയില്‍ നിന്നും തുടര്‍ച്ചയായ തിരിച്ചടികളാണ് ബിവൈഡി നേരിടുന്നത്. പ്രാദേശിക നിർമ്മാണ തന്ത്രത്തിലൂടെ, കമ്പനിയുടെ വിപണി വിഹിതം ഗണ്യമായി വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് ബിവൈഡി മുന്നോട്ടുവച്ച ഒരു ബില്യൺ ഡോളറിന്‍റെ (ഏകദേശം 8199 കോടി രൂപ)  പുതിയ നിക്ഷേപത്തിനുള്ള പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നിരസിച്ചിരുന്നു. ചൈന ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന് കർശനമായ നിയന്ത്രണങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളും മറ്റും ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ മേല്‍ കേന്ദ്രത്തിന്‍റെ ശ്രദ്ധ വർദ്ധിപ്പിച്ചു. 2020 ഏപ്രിലിൽ കേന്ദ്ര സർക്കാർ അതിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം (എഫ്ഡിഐ) മാറ്റിയിരുന്നു. കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് സർക്കാർ അനുമതി നിർബന്ധമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത്തരം നിർദേശങ്ങൾ തീരുമാനിക്കുന്നത്. 

ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ബിവൈഡിയും ഇന്ത്യൻ പങ്കാളിയായ മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ്‍സും മുന്നോട്ടുവച്ച നിർദ്ദേശമാണ് അടുത്തിടെ കേന്ദ്ര സർക്കാർ നിരസിച്ചത്. പ്രാദേശികമായി ഇലക്ട്രിക് കാറുകൾ സംയുക്തമായി നിർമ്മിക്കുന്നതിനായിരുന്നു ഇരു കമ്പനികളുടെയും പദ്ധതി. പ്രാദേശിക നിർമ്മാണ തന്ത്രത്തിലൂടെ, കമ്പനിയുടെ വിപണി വിഹിതം ഗണ്യമായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിവർഷം 10,000-15,000 ഇലക്ട്രിക് കാറുകൾ ഇന്ത്യയില്‍ നിർമ്മിക്കാനായിരുന്നു ബിവൈഡിയുടെ പദ്ധതി. 

ഒരു നികുതിയിളവും ഇല്ല, അമേരിക്കൻ വാഹനഭീമനോട് വീണ്ടും നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

ധനകാര്യ, വിദേശകാര്യ മന്ത്രാലയങ്ങൾ ഉൾപ്പെടെ മൂന്ന് മന്ത്രാലയങ്ങളാണ് നിർദേശം പരിശോധിച്ചത്. ചൈനീസ് കമ്പനിയിൽ നിന്നുള്ള നിക്ഷേപത്തെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ഏറ്റവും വലിയ ഇവി നിർമ്മാതാക്കളാണ് ബിവൈഡി അഥവാ ബില്‍ഡ് യുവര്‍ ഡ്രീംസ്.  ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി (എംഇഐഎൽ) ചേര്‍ന്ന് ഇന്ത്യയില്‍ ഫോർ വീലർ നിർമ്മാണ പ്ലാന്‍റ് സ്ഥാപിക്കാനായിരുന്നു ചൈനീസ് കമ്പനിയുടെ നീക്കം. ഇതിനായി കമ്പനി പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന് (ഡിപിഐഐടി) ഒരു നിർദ്ദേശം സമർപ്പിച്ചിരുന്നു. ഇതിന് ശേഷം ഡിപിഐഐടി വിവിധ വകുപ്പുകളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ തേടിയിരുന്നു. ചർച്ചയിൽ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഉയർന്നു.

youtubevideo

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം