"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!

By Web TeamFirst Published Oct 14, 2020, 1:06 PM IST
Highlights

ഈ കാറിന്‍റെ പിന്നില്‍ സഞ്ചരിച്ച മറ്റൊരു കാറിൽ നിന്നെടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഡ്രൈവിംഗ് സീറ്റില്‍ ഒരു അദൃശ്യശക്തിയുണ്ടെന്നാണ് ഈ ദൃശ്യങ്ങള്‍ തോന്നിപ്പിക്കുന്നത്

ഡ്രൈവറില്ലാതെ പായുന്ന വാഹനങ്ങള്‍ നമ്മള്‍ സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഡ്രൈവര്‍ സീറ്റ് ശൂന്യമായി കിടക്കുമ്പോളും താനേ തിരയുന്ന സ്റ്റിയറിംഗ് വീലുകളും അനായാസേന മുന്നോട്ടും പിന്നോട്ടുമൊക്കെ നീങ്ങുന്ന ഗിയര്‍ ലിവറുകളും തനിയെ താഴുകയും പൊങ്ങുകയും ചെയ്യുന്ന ക്ലച്ച് - ആക്സിലേറ്റര്‍ പെഡലുകളുമൊക്കെ ഹൊറര്‍ സിനിമകളിലെ മാത്രം കാഴ്‍ചയാണ്.  ഭാവിയിൽ ഓട്ടോണോമസ് കാറുകൾ വിപണിയിൽ എത്തുന്നതോടെ ഈ കാഴ്‍ചകളില്‍ അല്‍പ്പം മാറ്റം വന്നേക്കാം. എന്നാൽ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കാര്‍ ഇങ്ങനെ ഡ്രൈവറില്ലാത്തെ റോഡിലൂടെ ഓടിയാലോ? ആദ്യം ആരുമൊന്ന് ഞെട്ടും. 

ഇത്തരത്തിലൊരു സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഡ്രൈവർ സീറ്റിൽ ആരുമില്ലാത്ത ഒരു പ്രീമിയർ പദ്‍മിനി റോഡിലൂടെ ഓടുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോയിൽ മുന്നിലെ യാത്രികന്‍റെ സീറ്റിൽ ഒരാള്‍ മാസ്‍ക് ധരിച്ച് ഇരിപ്പുണ്ട്. കാഴ്‍ചയില്‍  ഒരു വയോധികനാണ് ഇദ്ദേഹം. പക്ഷേ ഡ്രൈവർ സീറ്റിൽ ആരും തന്നെയില്ലെന്നതാണ് ഞെട്ടിക്കുന്നത്. 

പദ്‍മിനിയെ പിന്തുടർന്ന് മറ്റൊരു കാറിൽ നിന്ന് എടുത്ത വീഡിയോ ആണ് പ്രചരിക്കുന്നത്. വാഹനം അനായാസേന ലൈനുകള്‍ മാറുന്നതും മറ്റ് വാഹനങ്ങളെ വിദഗ്ധമായി മറികടക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. പ്രത്യക്ഷത്തിൽ ആരും അതിനെ നിയന്ത്രിക്കാന്‍ ഇല്ലെന്നതും അമ്പരപ്പിക്കുന്നു. പദ്‍മിനിയുടെ അരികിലൂടെ മുന്നിലേക്ക് അല്‍പ്പം കയറിയ ശേഷം കാറിന്റെ ക്യാബിനിലേക്കും വീഡിയോ സൂം ചെയ്യുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ ഒരു അദൃശ്യ വ്യക്തി ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു വാഹനം ഓടിക്കുന്നുവെന്നേ തോന്നുകയുള്ളൂ. 

"ഇത് എങ്ങനെ സാധ്യമാകും" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. അതോടെ നൂറുകണക്കിന് ആളുകളാണ് അഭിപ്രായങ്ങള്‍ പങ്കുവയ്‍ക്കുന്നത്. ചിലര്‍ ആ രഹസ്യവും പങ്കുവയ്‍ക്കുന്നു. ഇതൊരു ഡ്രൈവിംഗ് സ്‍കൂള്‍ വാഹനമാണെന്നും കോ-ഡ്രൈവർ സീറ്റിലിരിക്കുന്ന വൃദ്ധൻ തന്റെ വലതു കൈ നീട്ടി കാറിന്റെ സ്റ്റിയറിംഗ് ആരുമറിയാതെ നിയന്ത്രിക്കുന്നുവെന്നും അവര്‍ പറയുന്നു. കാറിന് ആക്‌സിലറേറ്റർ, ക്ലച്ച്, ബ്രേക്ക് എന്നിവയ്ക്ക് ട്രെയിനർ പെഡലുകളുണ്ടെന്നും അങ്ങനെ മറ്റൊരാൾ വാഹനം ഓടിക്കുന്നതായി തോന്നുന്നതാണെന്നും ഇവര്‍ വാദിക്കുന്നു. 

" വാഹനമോടിക്കാൻ ഒരു വ്യക്തിയെ പഠിപ്പിക്കുമ്പോൾ കോ-ഡ്രൈവർ സീറ്റിലിരുന്ന് പരിശീലകന് ഉപയോഗിക്കാവുന്ന വിധം സജ്ജമാക്കുന്നതാണ്. ഇത് തികച്ചും സാധാരണമായ കാര്യമാണ്, പ്രത്യേകിച്ച് ഡ്രൈവിംഗ് സ്കൂളുകൾ ഉപയോഗിക്കുന്ന കാറുകളിൽ.." ഇവര്‍ വാദിക്കുന്നു. ഡ്രൈവിംഗ് വിദ്യാര്‍ത്ഥിയുടെ അരികിലിരുന്ന വാഹനം ഓടിച്ചുള്ള പരിചയത്തിനു മുകളിലാവണം ഇത്ര അനായാസമായി അദ്ദേഹം വണ്ടി ഓടിക്കുന്നതെന്നും ചിലര്‍ പറയുന്നു.

ഇദ്ദേഹം തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശിയാണെന്ന് ചിലര്‍ പറയുന്നു. യാത്രക്കാരന്റെ സീറ്റിൽ ഇരുന്ന് ഇദ്ദേഹം നിരവധി തവണ വാഹനമോടിക്കുന്നത് കണ്ടതായും ചിലർ സാക്ഷ്യപ്പെടുത്തുന്നു. "അദ്ദേഹം വെല്ലൂരിലാണ് താമസിക്കുന്നത്, ഞങ്ങളുടെ വീടിനടുത്താണ്," മറ്റൊരാൾ പറയുന്നു.

എന്നാല്‍ ഇതിനെതിരെയും പലരും രംഗത്തെത്തിയിട്ടുണ്ട്. ഇത് വളരെ കൗതുകമുണർത്തുകയും  ധാരാളം കാഴ്ചക്കാരെ ആകർഷിക്കുകയും ചെയ്യുമെങ്കിലും പൊതു നിരത്തുകളിലെ ഇത്തരം അഭ്യാസങ്ങള്‍ അപകടം ക്ഷണിച്ചു വരുന്നതുന്നതാണെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ഇങ്ങനെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.  

click me!