
ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ച ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ മകനെതിരെ നടപടി. ശനിയാഴ്ച നോര്‍ത്ത് പറവൂരിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലാണ് സംഭവം നടന്നത്. ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചത് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥനോട് ഇയാള്‍ മോശമായി പെരുമാറുകയും ചെയ്തിരുന്നു. മിനി ഡ്രൈവിംഗ് സ്‌കൂൾ ഉടമ ജോയിയുടെ മകൻ മിഥുന്‍ ജോയിയാണ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ച് നടന്നത്.
ടെസ്റ്റിനായി വന്നിട്ടുള്ള അപേക്ഷകരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡ്രൈവിംഗ് ടെസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ ഇയാളെ വിളിച്ച് വരുത്തി താക്കീത് ചെയ്തു. ഇതോടെ മിഥുന്‍ ഉദ്യോഗസ്ഥനെതിരെ തട്ടിക്കയറുകയായിരുന്നു. ഇതോടെ മിഥുൻ ജോയ്ക്ക് എതിരെ ഉദ്യോഗസ്ഥൻ നോർത്ത് പറവൂർ പോലീസിൽ പരാതി നല്‍കി. മോട്ടോർ വാഹന വകുപ്പിന്റെ ഉടമസ്ഥതയിൽ എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രയിനിംഗ് സെന്ററിൽ നടക്കുന്ന ക്ലാസ്സിൽ പങ്കെടുക്കാൻ മിഥുന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത് കഴിഞ്ഞ് എറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റലിലെ ട്രോമാ കെയർ ക്യാഷ്വാലിറ്റി ഡ്യൂട്ടിയും മിഥുന്‍ നിര്‍ബന്ധമായി ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എടപ്പാളിലെ ക്ലാസ് കഴിഞ്ഞ് സർട്ടിഫിക്കറ്റ് ആയി വരുന്നത് വരെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലോ ടെസ്റ്റ് നടക്കുന്ന റോഡിലോ പ്രവേശിക്കരുതെന്നും ഇയാള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
പാലക്കാട് പൊല്‍പ്പുള്ളിയില്‍ എംവിഡിയ്ക്കെതിരെ പരിഹാസവുമായി റോഡില്‍ അഭ്യാസം കാണിച്ച ജിഷ്ണുവിനെതിരെ എൻഫോഴ്സ്മെന്റ് ആർടിഒ നടപടി എടുത്തത് ഇന്നലെയാണ്. അടിമുടി മോഡിഫിക്കേഷന്‍ നടത്തിയ ഇരുചക്ര വാഹനത്തിലായിരുന്നു ജിഷ്ണുവിന്‍റെ റോഡിലെ അഭ്യാസ പ്രകടനം. ഇയാളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ബൈക്കിന്‍റെ ആർസി ബുക്കും എൻഫോഴ്സ്മെന്റ് ആർടിഒ പിടിച്ചെടുത്തിട്ടുണ്ട്